കൊച്ചി: ഇൻഫോപാർക്കിന്റെ നാലാംഘട്ട വികസനത്തിന് വേഗം കൂടുന്നു. ഷോപ്പിംഗ് മാള്‍ ഉള്‍പ്പെടെയുള്ള ഐ.ടി-കൊമേഴ്സ്യല്‍ പദ്ധതിക്കായി ഭൂമി ഡെവലപ്പർമാർക്ക് കൈമാറുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.
ട്രാക്കോ കേബിള്‍സിന്റെ 33.5 ഏക്കർ ഭൂമിയിലാണ് ഫേസ്-4 വികസനം. ഏകദേശം 40 ലക്ഷം ചതുരശ്ര അടി ഐ.ടി സ്പേസിനൊപ്പം ഷോപ്പിംഗ് മാള്‍ ഉള്‍പ്പെടുന്ന കൊമേഴ്സ്യല്‍ സമുച്ചയവും പദ്ധതിയുടെ ഭാഗമാകും. നിലവിലെ പദ്ധതിയില്‍ പ്രത്യേക സാമ്പത്തിക മേഖല (SEZ) പദവി ഉണ്ടായിരിക്കില്ല.
അതേസമയം, സില്‍വർലൈൻ പദ്ധതി ഉപേക്ഷിച്ചതിനെ തുടർന്ന് കെ-റെയിലിന് കൈമാറിയ ഭൂമി ഇൻഫോപാർക്കിന് തിരിച്ചുകിട്ടി. ഇതില്‍ അവശേഷിക്കുന്ന 20 ഏക്കറിലും വികസന പദ്ധതികള്‍ക്കായി സ്വകാര്യ ഡെവലപ്പർമാർ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
500 ഏക്കർ ഭൂമി ലാൻഡ് പൂളിംഗ് വഴി ഏറ്റെടുത്ത് ഫേസ്-3 വികസിപ്പിക്കാനുള്ള പദ്ധതി സാങ്കേതിക തടസ്സങ്ങള്‍ കാരണം താത്കാലികമായി മന്ദഗതിയിലാണ്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സി.ഇ.ഒ വ്യക്തമാക്കി.
പുതിയ ഐ.ടി കെട്ടിടങ്ങളിലേക്ക് കമ്പനികളെ ആകർഷിക്കാൻ രാജ്യാന്തര തലത്തില്‍ പ്രചാരണ പരിപാടികളും ശക്തമാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനികളുമായി ചേർന്ന് ഐ.ടി പാർക്കുകള്‍ വികസിപ്പിക്കാനുള്ള പുതിയ മാതൃകയും പരിഗണനയിലാണ്.
ഇത് യാഥാർഥ്യമായാല്‍ സംസ്ഥാനത്തിന്റെ ഐ.ടി മേഖലയില്‍ വലിയ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ക്കും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.

