ന്യൂഡല്‍ഹി: ഉഭയകക്ഷി വ്യാപാര കരാറിനുള്ള ഇന്ത്യ- യുഎസ് അന്തിമഘട്ട ചർച്ചകള്‍ക്ക് ഡല്‍ഹിയില്‍ ചൊവ്വാഴ്‌ച തുടക്കമായി.
ഇന്ന് കൂടി ചർച്ചകള്‍ തുടരും. ഉപവ്യാപാര പ്രതിനിധി ബ്രൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘമാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. കരാറിന്റെ കാര്യത്തില്‍ ഏറെകുറേ ധാരണയായെന്നും കുത്തും കോമയും മറ്റുമാണ് ഇനി ചർച്ച ചെയ്യാനുള്ളതെന്നും വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കരാറിന്റെ 99 ശതമാനവും പൂർത്തീകരിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അവകാശപ്പെട്ടിരുന്നു.
അമേരിക്കയില്‍ ട്രംപ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിനുശേഷം ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ 25 ശതമാനം പകരം തീരുവ ചുമത്തിയിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നതിന്റെ പേരില്‍ 25 ശതമാനം പ്രതികാര തീരുവ കൂടി അമേരിക്ക പിന്നീട് ചുമത്തി.
ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്തുന്ന തീരുവ 50 ശതമാനത്തിലേക്ക് ഉയർന്നതോടെയാണ് വ്യാപാര കരാർ ചർച്ചകളിലേക്ക് മോദി സർക്കാർ വേഗത്തില്‍ കടന്നത്. കഴിഞ്ഞ 15 മാസമായി തുടരുന്ന ചർച്ച പൂർണമായും അമേരിക്കൻ താല്‍പ്പര്യങ്ങള്‍ക്ക് വിധേയപ്പെട്ടാണ് പുരോഗമിക്കുന്നത്.
അമേരിക്കൻ സുപ്രീംകോടതി അടുത്തയിടെ ട്രംപ് സർക്കാർ ചുമത്തിയ പ്രതികാര തീരുവയും മറ്റും റദ്ദാക്കിയിരുന്നു. ഇതോടെ ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തുന്ന തീരുവ 10 ശതമാനത്തിലേക്ക് താഴ്‌ന്നു. എന്നാല്‍ അമേരിക്കൻ വിധേയത്വം മോദി സർക്കാർ തുടരുകയാണ്.
നിലവിലെ 10 ശതമാനം തീരുവ അടുത്ത മാസത്തോടെ അവസാനിക്കും.

