നിർമിതബുദ്ധി (എഐ) ഏജന്റുകള്‍ അനുമതിയില്ലാതെ ഇന്ത്യൻ സ്ഥാപനങ്ങളുടെ സിസ്റ്റങ്ങളിലേക്കും പ്രവേശനം നേടിയതായി കേന്ദ്ര ഏജൻസിയുടെ വെളിപ്പെടുത്തല്‍.
ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In ആണ് മുന്നറിയിപ്പ് പുറത്തിറക്കുകയും ജാഗ്രതാ നിർദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ളത്.
വ്യക്തിഗത ഡാറ്റയും രഹസ്യസ്വഭാവമുള്ള വിവരങ്ങളും അടങ്ങിയ ബിസിനസ് റെക്കോർഡുകള്‍ വായിക്കാൻ എഐ ഏജന്റുകള്‍ക്ക് സാധിച്ചതായി CERT-In പറയുന്നു. ഇതിനുപുറമെ ഹാക്കർമാരും എഐ ടൂളുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോർത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നല്‍കുന്നു.
രണ്ട് തരത്തിലുള്ള സുരക്ഷാ ഭീഷണികള്‍
രണ്ട് തരത്തിലുള്ള സുരക്ഷാ ലംഘനങ്ങള്‍ ഉണ്ടായതായി CERT-In വെളിപ്പെടുത്തുന്നു. എഐ കമ്പനികളുടെ ഏജന്റുകള്‍ ഗവേഷണത്തിനും വിലയിരുത്തലുകള്‍ക്കുമിടെ ഇന്ത്യൻ സ്ഥാപനങ്ങളുടെ സിസ്റ്റങ്ങളിലേക്ക് പ്രവേശനം നേടിയ സംഭവങ്ങളാണ് ഒന്നാമത്തേത്.
ഓപ്പണ്‍ സോഴ്‌സ് ഏജന്റിക് എഐ ടൂളുകള്‍ ബോധപൂർവ്വം ഉപയോഗിച്ച് സൈബർ ആക്രമണങ്ങള്‍ക്ക് സമാനമായ നീക്കങ്ങള്‍ നടത്തിയതാണ് രണ്ടാമത്തേതെന്നും ഏജൻസി പറയുന്നു.
സ്ഥിരീകരിച്ച് എഐ കമ്പനികള്‍
ഈ സംഭവങ്ങളെക്കുറിച്ച് കമ്പനികളില്‍ നിന്ന് സ്വമേധയാ ഉള്ള വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി CERT-In പറയുന്നു. എന്നാല്‍ ഇന്ത്യൻ സ്ഥാപനങ്ങള്‍ക്ക് അനധികൃത പ്രവേശനം സ്വന്തമായി കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം.
ഏതൊക്കെ സ്ഥാപനങ്ങളെയാണ് സുരക്ഷാവീഴ്ച ബാധിച്ചതെന്നോ, ഏതൊക്കെ എഐ കമ്പനികളാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയതെന്നോ ഏജൻസി വ്യക്തമാക്കിയിട്ടില്ല. സുരക്ഷ ശക്തമാക്കാൻ രാജ്യത്തെ എഐ ഡെവലപ്പർമാരോടും ഗവേഷണ സ്ഥാപനങ്ങളോടും CERT-In നിർദ്ദേശിച്ചിട്ടുണ്ട്.
വെബ്സൈറ്റുകളില്‍ എഐ ഏജന്റുകള്‍ നുഴഞ്ഞുകയറുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്. 700 അനധികൃത OpenAI ഏജന്റുകള്‍ ഹഗ്ഗിംഗ് ഫേസ് ഹാക്ക് ചെയ്യാൻ ശ്രമിച്ച ജൂലായിലെ സംഭവത്തിന് ശേഷം സമാനമായ നിരവധി കേസുകള്‍ പുറത്തുവന്നിരുന്നു.
യുഎസ്, ഓസ്‌ട്രേലിയൻ സർക്കാരുകളുടെയും യുഎന്നിന്റെയും വെബ്സൈറ്റുകള്‍ ആക്‌സസ് ചെയ്യാൻ OpenAI ഏജന്റുകള്‍ ശ്രമിച്ച സംഭവമടക്കം നടന്നു. മെറ്റ, ആന്ത്രോപിക്, ഗൂഗിള്‍ എന്നിവയും സമാനമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

