Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയ്ക്ക് വൻ ഡിമാൻഡ്; 100% കടന്ന് റീട്ടെയ്ല്‍ അപേക്ഷകള്‍

ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയ്ക്ക് വൻ ഡിമാൻഡ്; 100% കടന്ന് റീട്ടെയ്ല്‍ അപേക്ഷകള്‍

ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ 30,230 കോടി രൂപയുടെ റെക്കോർഡ് ഐപിഒയ്ക്ക് രണ്ടാംദിവസവും വൻ ഡിമാൻഡ്. ചെറുകിട (റീട്ടെയ്ല്‍) നിക്ഷേപകർക്കായി നീക്കിവച്ച ഓഹരികള്‍ക്ക് ഇന്നു രാവിലെയോടെ 100 ശതമാനത്തിലധികം അപേക്ഷകള്‍ ലഭിച്ചു.

ജിയോ ഐപിഒയ്ക്ക് ആകെ 3.5 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. ആകെ വില്‍പനയ്ക്കുള്ളത് 19.75 കോടി ഓഹരികളാണ്. എന്നാല്‍, 69.08 കോടി ഓഹരിക്കുള്ള ഡിമാൻഡ് ഇതിനകം ലഭിച്ചു.

യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ള (ക്യുഐബി) ഓഹരികളില്‍ അപേക്ഷ 9.42 മടങ്ങാണ്. 4.9 കോടി ഓഹരികളാണ് ഈ വിഭാഗത്തിലുള്ളത്. അപേക്ഷ ലഭിച്ചത് 46.15 കോടി ഓഹരികള്‍ക്ക്. സ്ഥാപനേതര നിക്ഷേപകരില്‍ (എൻഐഐ) നിന്ന് 2.42 മടങ്ങും റീട്ടെയില്‍ നിക്ഷേപകരില്‍ നിന്ന് 1.02 മടങ്ങും അപേക്ഷകള്‍ ലഭിച്ചു. ജീവനക്കാർക്കുള്ള വിഭാഗത്തില്‍ 1.61 മടങ്ങ്, ഓഹരി ഉടമകള്‍ക്കുള്ള വിഭാഗത്തില്‍ 2.06 മടങ്ങ് എന്നിങ്ങനെയുമാണ് അപേക്ഷകള്‍ ലഭിച്ചത്.

ഐപിഒയുടെ ലക്ഷ്യം 30,230 കോടി രൂപയാണെങ്കില്‍ ആങ്കർ നിക്ഷേപകരില്‍ നിന്നടക്കം ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാല്‍ മൊത്തം 3.2 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ക്ക് ഡിമാൻഡുണ്ട്. ലിസ്റ്റ് ചെയ്യുംമുൻ‌പുള്ള അനൗദ്യോഗിക വിപണിയായ ഗ്രേ മാർക്കറ്റില്‍‌ 246 രൂപ അധികമാണ് (ജിഎംപി/ഗ്രേ മാർക്കറ്റ് പ്രീമിയം) ജിയോ ഓഹരികളുടെ വില.

അതായത്, ഐപിഒയിലെ ഏറ്റവും ഉയർന്ന വിലയായ 1119 രൂപയേക്കാള്‍ 22% അധികം. ലിസ്റ്റ് ചെയ്യുമ്പോള്‍ നേട്ടം കിട്ടിയേക്കാമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. നാളെ (ഒക്ടോബർ 23) വരെയാണ് ഐപിഒ. ഒക്ടോബർ 28ന് ലിസ്റ്റ് ചെയ്യും.

100 മിനിറ്റില്‍ 100 ശതമാനം
ജിയോ പ്ലാറ്റ്‌ഫോംസ് മിനിറ്റുകള്‍ക്കുള്ളില്‍ പൂർണ സബ്‌സ്‌ക്രിപ്‌ഷൻ നേടിയപ്പോള്‍, രാജ്യത്തെ പല വലിയ ഐപിഒകള്‍ക്കും ആദ്യദിനം താരതമ്യേന മങ്ങിയ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍, 2008ല്‍ വ്യാപാരം ആരംഭിച്ച്‌ ഒരു മിനിറ്റിനുള്ളില്‍ തന്നെ പൂർണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ട റിലയൻസ് പവറിനാണ് ഇക്കാര്യത്തില്‍ റെക്കോർഡ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷൻ ഇങ്ങനെ:
1.ജിയോ - ആദ്യദിനം 100 മിനിറ്റിനുള്ളില്‍ പൂർണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ആദ്യദിനം 3.16 മടങ്ങ് അപേക്ഷകർ.
2. ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ് - 27,870 കോടി രൂപയുടെ ഐപിഒയില്‍ ആദ്യ ദിനത്തില്‍ ലഭ്യമായ ഓഹരികളുടെ 18 ശതമാനത്തിനു മാത്രം അപേക്ഷകരെത്തി.
3. നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് - 22,569 കോടി രൂപയുടെ ഐപിഒയില്‍ ആദ്യദിനത്തില്‍ 42 ശതമാനത്തിന് ബിഡ്. മൂന്നാംദിനം 5.7 മടങ്ങ്.
4. എല്‍ഐസി- 21,000 കോടി രൂപയുടെ ഐപിഒയില്‍ ആദ്യ ദിനത്തില്‍ 67% ഓഹരികള്‍ക്ക് അപേക്ഷകള്‍. ആകെ 2.95 മടങ്ങ്.
5. വണ്‍97 കമ്യൂണിക്കേഷൻസ് (പേടിഎം)- 18,300 കോടി രൂപയുടെ ഐപിഒയില്‍ ആദ്യ ദിനത്തില്‍ ലഭ്യമായ ഓഹരികളുടെ 18 ശതമാനത്തിന് മാത്രം അപേക്ഷകർ.
6. ടാറ്റ ക്യാപ്പിറ്റല്‍ ലിമിറ്റഡ് - 15,512 കോടിരൂപയുടെ ഐപിഒയില്‍ ആദ്യ ദിനത്തില്‍ 38% ഓഹരികള്‍ക്ക് അപേക്ഷകർ.
7. കോള്‍ ഇന്ത്യ - 15,200 കോടി രൂപയുടെ ഐപിഒയ്ക്ക് ആദ്യ ദിനത്തില്‍ ലഭ്യമായ ഓഹരികളുടെ 34 ശതമാനത്തിന് അപേക്ഷകർ.
8. എച്ച്‌ഡിബി ഫിനാൻഷ്യല്‍ സർവീസസ് ലിമിറ്റഡ്- 12,500 കോടി രൂപയുടെ ഐപിഒയില്‍ ആദ്യ ദിനം അപേക്ഷ ലഭിച്ചത് ഓഹരികളുടെ 37 ശതമാനത്തിന്.
9. എല്‍ജി ഇലക്‌ട്രോണിക്സ് ഇന്ത്യ- 11,607 കോടി രൂപയുടെ ഐപിഒയില്‍ ആദ്യദിനം 100% അപേക്ഷകർ.
10. റിലയൻസ് പവർ ലിമിറ്റഡ് - 11,563 കോടി രൂപയുടെ ഐപിഒയില്‍ ഒരു മിനിറ്റിനുള്ളില്‍ 100% സബ്സ്ക്രിപ്ഷൻ. ആദ്യദിനം10.55 മടങ്ങ്. ആകെ 70.02 മടങ്ങ് അപേക്ഷകള്‍.

എല്‍ജിയുടെ റെക്കോർഡ്
ഐപിഒ തുകയില്‍ രണ്ടാംസ്ഥാനത്തുള്ള ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ (2024 ഒക്ടോബർ) 27,859 കോടി രൂപയുടെ ഐപിഒയ്ക്ക് മൂന്ന് ദിവസങ്ങളിലായി 66,000 കോടി രൂപയുടെ ബിഡുകളാണു ലഭിച്ചത്. മൊത്തത്തിലുള്ള ഐപിഒകളില്‍ ഏറ്റവും ഉയർന്ന ഡിമാൻഡ് എല്‍ജി ഇലക്‌ട്രോണിക്സിലാണ്.

11,607 കോടി രൂപയുടെ പൊതു ഇഷ്യൂവിന് 54 മടങ്ങ് അപേക്ഷകള്‍ ലഭിച്ചതോടെ 6.2 ലക്ഷം കോടി രൂപയുടെ ആകെ ഡിമാൻഡാണ് രേഖപ്പെടുത്തിയത്. അതേസമയം, റിലയൻസ് പവർ ഐപിഒയ്ക്ക് 7.5 ലക്ഷം കോടി രൂപയുടെ ഡിമാൻഡാണുണ്ടായത്.

മുഴുവൻ തുകയും ഒന്നിച്ച്‌ നല്‍കുന്നതിന് പകരം ഒരു ഭാഗം മാത്രം മുൻകൂറായി നല്‍കാൻ നിക്ഷേപകർക്ക് അനുമതി ലഭിച്ചതോടെയായിരുന്നു ഇത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com