Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൗമാരക്കാരിലെ സോഷ്യല്‍മീഡിയ ആസക്തി; 18 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാൻ മെറ്റ

കൗമാരക്കാരിലെ സോഷ്യല്‍മീഡിയ ആസക്തി; 18 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാൻ മെറ്റ

ന്യൂയോർക്ക്: കൗമാരക്കാരില്‍ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മനഃപൂർവ്വം രൂപകല്‍പ്പന ചെയ്തുവെന്ന കേസില്‍ ടെക് ഭീമനായ മെറ്റ വൻ നഷ്ടപരിഹാരം നല്‍കാൻ ധാരണയായി.

യു.എസിലെ വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ ഹർജിയില്‍ 18 ബില്യണ്‍ ഡോളർ (1.71 ലക്ഷം കോടി) നല്‍കാൻ തയ്യാറെന്ന് മെറ്റ അറിയിച്ചു.

മെറ്റയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നിയമപോരാട്ടത്തിനാണ് ഇതോടെ അവസാനമായത്. ഒരു സാങ്കേതിക വിദ്യാ കമ്പനി നഷ്ടപരിഹാരമായി ഇത്രയും വലിയ തുക നല്‍കുന്നത് ഇതാത്യമാണ്. കരാറിന്റെ ഭാഗമായി കൗമാരക്കാരായ ഉപയോക്താക്കള്‍ക്ക് പ്രതിദിന സമയപരിധി ഏർപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രധാന മാറ്റങ്ങള്‍ പ്ലാറ്റ്‌ഫോമുകളില്‍ വരുത്താൻ മെറ്റ സമ്മതിച്ചതായി കോടതി രേഖകളില്‍ പറയുന്നു.

2023-ലാണ് യു.എസിലെ 29 സംസ്ഥാനങ്ങള്‍ സംയുക്തമായി മെറ്റയ്ക്കെതിരേ കേസ് ഫയല്‍ ചെയ്യുന്നത്. കേസിന്റെ വിചാരണ കാലിഫോർണിയയിലെ ഓക്ലാൻഡ് ഫെറല്‍ കോടതിയില്‍ പുരോഗമിക്കവെയാണ് വൻ ഒത്തുതീർപ്പ് ഉണ്ടായിരിക്കുന്നത്. ഫയല്‍ ചെയ്ത ഹർജി ഒത്തു തീർപ്പാക്കാൻ 17 ബില്യണ്‍ ഡോളറിലധികം തുക ചെലവഴിക്കും.

ബാക്കി തുക മറ്റു സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണപ്രദേശങ്ങളുമായും തുടരുന്ന തർക്കങ്ങള്‍ക്കായി ചെലവഴിക്കും. സംസ്ഥാനങ്ങളുടെ ‘യുവജന ഓണ്‍ലൈൻ സുരക്ഷാ പദ്ധതികള്‍ക്കായി’ തുക വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികള്‍ക്ക് ഹാനികരമാണെന്ന ആരോപണം മെറ്റ നിരന്തരം നിഷേധിച്ചിരുന്നു. സുരക്ഷാ ഫീച്ചറുകള്‍ക്കായി വൻതോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും സംസ്ഥാനങ്ങളുടെ ആരോപണങ്ങള്‍ തെളിവില്ലാത്തതാണെന്നുമായിരുന്നു കമ്പനിയുടെ വാദം. കേസ് ഒത്തുതീർപ്പാക്കിയെങ്കിലും തങ്ങളുടെ ഭാഗത്തുനിന്നും തെറ്റുപറ്റിയതായി മെറ്റ ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല.

കോടതി നടപടികളുമായി മുന്നോട്ട് പോകുന്നതിനേക്കാള്‍ ഒത്തുതീർപ്പ് വഴിയാണ് കൂടുതല്‍ വേഗത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാൻ സാധിക്കുകയെന്ന് നോർത്ത് കരോലിന അറ്റോർണി ജനറല്‍ ജെഫ് ജാക്സണ്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വൻകിട ടെക് കമ്പനിയുമായി നടത്തുന്ന ഏറ്റവും വലിയ ഒത്തുതീർപ്പാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

‘നിയമപോരാട്ടവുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ ഈ സുരക്ഷാ മാറ്റങ്ങള്‍ പ്ലാറ്റ്‌ഫോമുകളില്‍ കൊണ്ടുവരാൻ വർഷങ്ങള്‍ വൈകുമായിരുന്നു. അത് ഒരു തലമുറയെക്കൂടി അപകടത്തിലാക്കാൻ കാരണമാകുമായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

70% ഒത്തുതീർപ്പ് തുക അടുത്ത 10 വർഷത്തിനുള്ളില്‍ വാർഷിക ഗഡുക്കളായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് മെറ്റ അറിയിച്ചു. ബാക്കി 30% തുക, യൂട്യൂബും ടിക് ടോക്കും സമാനമായ തുക നല്‍കാനും തങ്ങളുടെ ആപ്പുകളില്‍ ഈ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്താനും തയ്യാറായാല്‍ മാത്രമേ നല്‍കുകയുള്ളൂ.

കുട്ടികളെയും കൗമാരക്കാരെയും ആപ്പുകളില്‍ തളച്ചിടാൻ തക്കവണ്ണം ഇൻഫിനിറ്റ് സ്ക്രോളിംഗ്, അല്‍ഗോരിതം നിർദ്ദേശങ്ങള്‍, നിരന്തരമായ നോട്ടിഫിക്കേഷനുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ മെറ്റ മനഃപൂർവ്വം രൂപകല്‍പ്പന ചെയ്തുവെന്നാണ് അറ്റോർണി ജനറല്‍മാർ ആരോപിച്ചത്.

കൂടാതെ, തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ വരുത്തുന്ന അപകടങ്ങളെക്കുറിച്ച്‌ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും മാതാപിതാക്കളുടെ സമ്മതമില്ലാതെ 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ചെന്നും ഹർജിയില്‍ പറഞ്ഞിരുന്നു.

ആപ്പുകളില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍:
13 നും 17 നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആപ്പുകളില്‍ പ്രതിദിനം പരമാവധി 2 മണിക്കൂർ സമയപരിധി മെറ്റ ഏർപ്പെടുത്തും. മാതാപിതാക്കള്‍ക്ക് മാത്രമേ ഇത് മാറ്റാൻ സാധിക്കൂ.

ഫേസ്ബുക്കോ ഇൻസ്റ്റാഗ്രാമോ തുടർച്ചയായി 15 മിനിറ്റ് ഉപയോഗിച്ചാല്‍ കൗമാരക്കാരെ ശ്രദ്ധാപൂർവ്വമായ ഉപയോഗത്തിന് പ്രേരിപ്പിക്കുന്ന മുന്നറിയിപ്പുകള്‍ നല്‍കും.
അർദ്ധരാത്രി 12 മണി മുതല്‍ രാവിലെ 6 മണി വരെ കൗമാരക്കാർക്ക് ആപ്പുകളിലേക്കുള്ള പ്രവേശനം സ്വയം തടയുന്ന ‘ഡിഫോള്‍ട്ട് നൈറ്റ് മോഡ്’ നിലവില്‍ വരും.

സ്കൂള്‍ സമയങ്ങളില്‍ വരുന്ന നോട്ടിഫിക്കേഷനുകളുടെ എണ്ണം കുറയ്ക്കും.
കൗമാരക്കാരുടെ പോസ്റ്റുകളിലെ ലൈക്കുകളും കമന്റുകളും സ്വയം മറയ്ക്കപ്പെടും.
പ്രായപൂർത്തിയാകാത്തവർക്കായി ‘എക്സ്ട്രീം മേക്കപ്പ് ഫില്‍ട്ടറുകള്‍’ വിലക്കും.

ഓട്ടോപ്ലേ സംവിധാനം ഓഫാക്കാനും അല്‍ഗോരിതം നിർദ്ദേശങ്ങള്‍ക്ക് പകരം സാധാരണ ക്രോണോളജിക്കല്‍ ഫീഡ് തിരഞ്ഞെടുക്കാനും കൗമാരക്കാർക്ക് അവസരമുണ്ടാകും.
ഈ മാറ്റങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് കാലിഫോർണിയ അറ്റോർണി ജനറല്‍ റോബ് ബോണ്ട പ്രസ്താവനയില്‍ പറഞ്ഞു.

ഈ കരാറിലെ വ്യവസ്ഥകള്‍ മെറ്റ കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ ഒരു സ്വതന്ത്ര ഓഡിറ്ററെ അനുവദിക്കാനും കമ്പനി സമ്മതിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com