ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പ്രഖ്യാപനം നീളുന്നു. ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരേണ്ട ക്ഷാമബത്ത ദസറയോടനുബന്ധിച്ചോ ഒക്ടോബർ 21-നോ പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നത്.
ദീപാവലിക്കു മുൻപ് പ്രഖ്യാപനം വരുമോയെന്നാണ് ഇപ്പോള്‍ ജീവനക്കാർ ഉറ്റുനോക്കുന്നത്.
മൂന്നു ശതമാനം വർധന പ്രാബല്യത്തില്‍ വന്നാല്‍ മൊത്തം ഡി.എ. 63 ശതമാനമാകും. പണപ്പെരുപ്പക്കണക്കുകള്‍ അടിസ്ഥാനമാക്കി കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വർഷത്തില്‍ രണ്ടു തവണയായി ജനുവരി 1, ജൂലായ് 1 തീയതികള്‍ പ്രാബല്യത്തില്‍ വരുത്തിയാണ് സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍, ഈ തീയതികള്‍ കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് പലപ്പോഴും പ്രഖ്യാപനവും തുക വിതരണവും നടക്കുന്നത്.
ജൂലായ് 1 പ്രാബല്യതീയതി കഴിഞ്ഞ് മൂന്നു മാസത്തിലേറെയായിട്ടും പ്രഖ്യാപനം നീളുകയാണ്. ഒക്ടോബർ 21-ന് തീരുമാനമുണ്ടാകുമെന്ന് കരുതിയെങ്കിലും പ്രഖ്യാപനമൊന്നും വന്നിട്ടില്ല.
നവംബർ 8-ലെ ദീപാവലിക്കു മുൻപ് കേന്ദ്രമന്ത്രിസഭ ഈ വർധനയ്ക്ക് അംഗീകാരം നല്‍കുമോ എന്നാണ് ജീവനക്കാരും പെൻഷൻകാരും ഉറ്റുനോക്കുന്നത്. ഈ നീണ്ട കാലതാമസത്തിന് വ്യക്തമായ കാരണങ്ങളോ, അടുത്ത റിവിഷൻ എന്നായിരിക്കുമെന്ന തീയതിയോ സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ഒടുവിലത്തെ വർധന ഏപ്രില്‍ 18-നാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. അന്ന് രണ്ടു ശതമാനം കൂട്ടി. അതോടെ 58 ശതമാനത്തില്‍നിന്ന് 60 ശതമാനമായി. ജനുവരി ഒന്നു മുതല്‍ മുതല്‍ പ്രാബല്യത്തോടെയായിരുന്നു ഇത്.
50.46 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 68.27 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിച്ചു.

