ന്യൂഡല്‍ഹി: കുട്ടികളുടെ നഗ്നചിത്രങ്ങളും ലൈംഗിക ചൂഷണ ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിൻ്റെ ഭാഗമായി ഇത്തരം വിവരങ്ങള്‍ പൊലീസിനും അന്വേഷണ ഏജൻസികള്‍ക്കും കൈമാറാൻ മെറ്റ തീരുമാനിച്ചു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകള്‍ക്കൊടുവിലാണ് സുപ്രധാന തീരുമാനമെടുത്തത്.
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ തടയുന്നതില്‍ നിർണായക ചുവടുവയ്പ്പാണിത്. നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടല്‍ പ്രകാരം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഏത് തരത്തിലുള്ള ദൃശ്യങ്ങളും സിഎസ്‌ഇഎഎം (ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേറ്റീവ് ആൻഡ് അബ്യൂസ് മെറ്റീരിയല്‍) പരിധിയില്‍ വരും. ഐടി നിയമത്തിലെ 67 (ബി) വകുപ്പ് പ്രകാരം കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.
വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം
കുട്ടികളുടെ ഓണ്‍ലൈൻ സുരക്ഷ എന്നത് അടിസ്ഥാന തത്വമാണെന്നും ഇന്ത്യയില്‍ പ്രവർത്തിക്കുന്ന ഒരു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ചൊവ്വാഴ്ച സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി.
കുട്ടികളെ ഇത്തരം ദോഷകരമായ പ്രവർത്തനങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടത് സമൂഹമാധ്യമ കമ്പനികളുടെ ഉത്തരവാദിത്തമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാത്ത പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷണ ഏജൻസികളെ അറിയിക്കാനുള്ള മെറ്റയുടെ തീരുമാനം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതിൻ്റെ ആദ്യപടിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങള്‍ കുട്ടികള്‍ക്ക് സുരക്ഷിതമാക്കുന്നതിനുള്ള ആദ്യപടിയാണിതെന്നും ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അവർ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങള്‍ സജീവമായി കണ്ടെത്തി നീക്കം ചെയ്യുന്നതിനായി മറ്റ് പ്ലാറ്റ്ഫോമുകളുമായും സർക്കാർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
മെറ്റയ്ക്ക് നോട്ടീസ്
കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍, ഡീപ്ഫേക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള ദോഷകരവും നിയമവിരുദ്ധവുമായ ഓണ്‍ലൈൻ ഉള്ളടക്കങ്ങളില്‍ സർക്കാർ അടുത്തിടെ പരിശോധന കർശനമാക്കിയിരുന്നു.
ഇത്തരം ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മെറ്റയ്ക്ക് നോട്ടീസ് നല്‍കുകയും കമ്പനിയുടെ ആഗോള മേധാവികളെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ദോഷകരമായ ഉള്ളടക്കങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യണമെന്നും ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്നും കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും കേന്ദ്രം എല്ലാ പ്ലാറ്റ്ഫോമുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ വച്ചുപൊറുപ്പിക്കില്ലെന്നും സർക്കാർ കർശന മുന്നറിയിപ്പ് നല്‍കി.
സിഎസ്‌ഇഎഎം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ (എൻസിപിസിആർ) മെറ്റ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറെയും മേധാവിയെയും വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം മെറ്റ ഇന്ത്യയുടെ പ്രതിനിധികള്‍ എൻസിപിസിആർ ഓഫിസില്‍ എത്തി വിശദീകരണം നല്‍കി.
മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടില്‍ എൻസിപിസിആർ സ്വമേധയാ കേസെടുത്തിരുന്നു. ആരോപണങ്ങളില്‍ വിശദീകരണം തേടി 2026 ജൂലായ് മൂന്നിനാണ് മെറ്റ പ്ലാറ്റ്ഫോംസ് ഇൻകിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം മെറ്റ കമ്മിഷന് മറുപടി നല്‍കി.
ഇൻസ്റ്റാഗ്രാമിലെ പണമടച്ചുള്ള പരസ്യങ്ങള്‍ ഇന്ത്യയില്‍ കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്‌ആർസി) നേരത്തെ ഡല്‍ഹി പൊലീസിന് നിർദേശം നല്‍കിയിരുന്നു.
പോക്സോ നിയമപ്രകാരം നിർബന്ധമായും പാലിക്കേണ്ട റിപ്പോർട്ടിങ് ബാധ്യതകള്‍ സാങ്കേതികവിദ്യാ കമ്പനിയും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും എൻഎച്ച്‌ആർസി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

