ഏറ്റവും പുതിയ ഐഫോണ്‍ 18 സീരിസ് വിലവർധന തിരിച്ചടിയാകുമ്പോള്‍ ഉപഭോക്താക്കളെ ആകർഷിക്കാൻ ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ്, പലിശരഹിത ഇഎംഐ അടക്കമുള്ള ഓഫറുകളുമായി ആപ്പിള്‍ രംഗത്ത്.
ഐഫോണ്‍ 17ന്റെ വില 82,900 രൂപയില്‍ നിന്ന് 99,900 രൂപയായാണ് ഉയർന്നത്. ഐഫോണ്‍ 18 പ്രോയ്ക്ക് 1,64,900 രൂപ മുതലും ഐഫോണ്‍ 18 പ്രോ മാക്സിന് 3,29,900 രൂപ വരെയുമാണ് വില. ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണായ ഐഫോണ്‍ ഡ്യൂവോയുടെ വില 2,99,900 രൂപ മുതലാണ്.
ഇങ്ങനെ വില കുത്തനെ വർധിച്ചതിന് പിന്നാലെ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്സ്, ഐഫോണ്‍ ഡ്യൂവോ എന്നിവയ്ക്ക് 7,000 രൂപ വരെ ക്യാഷ്ബാക്കാണ് ആപ്പിള്‍ നല്‍കുന്നത്. ഐഫോണ്‍ 17ന് 5,000 രൂപ വരെയും ഐഫോണ്‍ എയറിന് 4,000 രൂപ വരെയും ക്യാഷ്ബാക്ക് ലഭിക്കും.
പഴയ ഫോണ്‍ എക്സ്ചേഞ്ച് ചെയ്യുന്നവർക്കും അധിക ആനുകൂല്യമുണ്ട്. ചില മോഡലുകള്‍ക്ക് 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. ഐഫോണ്‍ 17ന് 8,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. പഴയ ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ചായിരിക്കും എക്സ്ചേഞ്ച് മൂല്യം.
പലിശരഹിത ഇഎംഐ സൗകര്യവും ആപ്പിള്‍ നല്‍കുന്നുണ്ട്. ഐഫോണ്‍ 17 ഉള്‍പ്പെടെയുള്ള മോഡലുകള്‍ ദീർഘകാല ഇഎംഐയില്‍ വാങ്ങാൻ സാധിക്കും. ഇതോടൊപ്പം ഐഫോണ്‍ ഫോർ ലൈഫ് പദ്ധതിയിലൂടെ വിലയുടെ ഒരു ഭാഗം പിന്നീട് അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.
ഉദാഹരണത്തിന്, ഐഫോണ്‍ 17 പലിശരഹിതമായ 18 അല്ലെങ്കില്‍ 24 മാസത്തെ ഇഎംഐ പദ്ധതികള്‍ ഉപയോഗിച്ച് വാങ്ങാം.
മറ്റ് ഐഫോണ്‍ മോഡലുകള്‍ക്കും വ്യത്യസ്ത തിരിച്ചടവ് കാലാവധിയുള്ള ഫൈനാൻസിങ് സൗകര്യങ്ങള്‍ ലഭ്യമാണ്. കാർഡ് ഇഎംഐ ഉപയോഗിക്കുന്നവർക്ക് ആറു മാസത്തേക്ക് പലിശരഹിത സൗകര്യം ലഭിക്കും, അതേസമയം ദീർഘകാല തിരിച്ചടവ് കാലാവധികളില്‍ കുറഞ്ഞ പലിശ നിരക്ക് മാത്രമേ ബാധകമാകൂ. ഇതിനായി പ്രോസസിങ് ഫീസ് ഈടാക്കിയേക്കാം.
ഐഫോണിന് പുറമെ മാക്ബുക്ക്, ഐപാഡ്, ആപ്പിള്‍ വാച്ച്, എയർപോഡ്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വില കുത്തനെ ഉയർന്ന സാഹചര്യത്തില്‍ നേരിട്ടുള്ള വിലക്കുറവിന് പകരം ക്യാഷ്ബാക്കും എക്സ്ചേഞ്ചും ഇഎംഐ സൗകര്യങ്ങളും ഉപയോഗിച്ച് ഉത്സവ സീസണിലെ വില്‍പ്പന വർധിപ്പിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം.
പുതിയ ഐഫോണ്‍ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് മൂല്യവും കൂടി കണക്കാക്കിയാല്‍ ചെലവ് കുറയ്ക്കാൻ സാധിച്ചേക്കും.

