കൊച്ചി: കുട്ടികള്‍ക്കും കൗമാരക്കാർക്കുമായി ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ഇലക്‌ട്രിക് ബൈക്ക്. ബ്രാൻഡഡ് ബൈക്ക് വിപണിയില്‍ പുതിയ നീക്കമാണിത്.
ഹീറോയുടെ തന്നെ എക്സ്പള്‍സുമായി രൂപസാദൃശ്യമുള്ള ബൈക്ക് ഓടിക്കാൻ ലൈസൻസ് ആവശ്യമില്ല. എന്നാല്‍ ഇത് റോഡിലോടിക്കുന്നതിന് വിലക്കുണ്ട്. പാർക്കിലും ഹൗസിങ് കോംപ്ലെക്സുകളിലും പ്ലേ ഏരിയയിലും ‘ഡേർട്ട് ഇ കെത്രി’ ഓടിച്ചു നടക്കാം. 69000 രൂപയോളം വിലയുള്ള ബൈക്കിന് 60 കിലോയാണ് ഭാരം.
”പല പ്രായത്തിലുള്ള കുട്ടികള്‍ക്ക് തങ്ങളുടെ ഉയരത്തിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ് ഡേർട്ട് കെത്രി. ഞങ്ങള്‍ ഇതിനെ ഒരു കിഡ്സ് ബൈക്കായല്ല യങ് ബൈക്കായാണ് ബ്രാൻഡ് ചെയ്യുന്നത്. ഇന്ത്യയില്‍ 5 വില്‍പന കേന്ദ്രങ്ങളില്‍ ഒന്ന് കോഴിക്കോട് കോയൻകോയാണ്.
ഏതു പ്രായത്തിലും ഒരു ഹീറോ ഇരുചക്രവാഹനം എന്നതാണ് കമ്പനിയുടെ ലക്ഷ്യം”-ഹീറോ മോട്ടോർ എമർജിങ് മൊബിലിറ്റി ചീഫ് ബിസിനസ് ഓഫിസർ കൗസല്യ നന്ദകുമാർ ചൂണ്ടിക്കാട്ടി.
”ഇന്ത്യയില്‍ ജൂലൈയില്‍ വിറ്റ ഇരുചക്ര വാഹനങ്ങളില്‍ 25% ഇലക്‌ട്രിക് സ്കൂട്ടറുകളാണ്.
പെട്രോള്‍ വണ്ടിയില്‍ നിന്ന് ഇലക്‌ട്രിക്കിലെത്തിയവർ വീണ്ടും തിരിച്ചുപോകുന്നില്ല. 40 രൂപയ്ക്ക് 150 കിലോമീറ്റർ യാത്ര ചെയ്യാമെന്നാണ് ഹീറോ വിഡയുടെ വാഗ്ദാനം. ആദ്യമൊക്കെ ഇലക്‌ട്രിക് വാഹനങ്ങളുടെ റേഞ്ചായിരുന്നു കസ്റ്റമേഴ്സ് ആകാംക്ഷയോടെ തിരക്കിയിരുന്നത്.
വിഡ വിഎക്സ് 2 മോഡലിന് 187 കിലോമീറ്റർ വരെ റേഞ്ചുണ്ട്. ദൂരെയുള്ള ഓഫിസില്‍ നിത്യേന പോയി വരാൻ ഇതുപകരിക്കും. വിഡയുടെ ചില മോഡലുകളില്‍ ബാറ്ററി അഴിച്ചെടുത്ത് ചാർജ് ചെയ്യാം ” -കൗസല്യ പറഞ്ഞു.
2026 ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ വിഡയുടെ കേരളത്തിലെ വിഹിതം 9.8 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേപാദത്തില്‍ ഇത് 4.1 ശതമാനമായിരുന്നു. ആകെ വില്‍പനയുടെ 80 ശതമാനവും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തിരൂർ, തൃശൂർ എന്നിവിടങ്ങളില്‍ നിന്നാണ്. ഓണത്തിനുള്ള സ്പെഷല്‍ ക്യാംപെയ്നും വിഡ ആരംഭിച്ചു.

