സമ്പാദ്യശീലത്തിന് പേരുകേട്ടവരാണ് പരമ്പരാഗതമായി ഇന്ത്യക്കാർ. 'കണ്ടറിഞ്ഞു ചെലവാക്കുക' എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു.
എന്നാല്‍ ഈ സ്ഥിതി ഇപ്പോള്‍ പാടെ മാറി. ആഡംബര കാറുകളും അത്യാധുനിക സ്മാർട്ട് ഫോണുകളും സ്വന്തമാക്കുന്നത് വലിയ ആഘോഷമാകുന്ന കാലമാണിത്.
‘സമ്പത്തിന്റെ മിഥ്യാധാരണ’ (Illusion of Wealth) എന്ന് വിശേഷിപ്പിക്കാവുന്ന അപകടകരമായ സാഹചര്യത്തിലൂടെയാണ് രാജ്യത്തെ മധ്യവർഗം കടന്നുപോകുന്നത്. വരുമാനം വർധിക്കാതെ തന്നെ ജീവിതച്ചെലവ്, പ്രത്യേകിച്ച് ഭക്ഷണസാധനങ്ങളുടെ വില ഇരട്ടിയായി.
ഇതിനെ മറികടക്കാൻ സാധാരണക്കാർ കടങ്ങളെയാണ് ആശ്രയിക്കുന്നത്. സോഷ്യല്‍ മീഡിയ നല്‍കുന്ന മിഥ്യാമോഹങ്ങളും വർധിച്ചുവരുന്ന ഉപഭോഗാസക്തിയും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിത്തറ ഇളക്കുന്നു.
കടബാധ്യത കുതിക്കുന്നു
ഭവന വായ്പ ഒഴികെയുള്ള കടബാധ്യതയില്‍ ഇന്ത്യ ഇപ്പോള്‍ യു.എസ്., ചൈന തുടങ്ങിയ വൻകിട രാജ്യങ്ങളെയും മറികടന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കടക്കാരായി ഇന്ത്യക്കാർ മാറുന്ന ഗുരുതര സാഹചര്യമാണിത്.
ജി.ഡി.പി. അനുപാതം: രാജ്യത്തെ ഭവനേതര വായ്പകള്‍ ജി.ഡി.പി.യുടെ 32.3 ശതമാനമാണ്. ഉപഭോഗത്തിന് മുൻതൂക്കം നല്‍കുന്ന അമേരിക്കയെക്കാളും ബാങ്ക് വായ്പകളെ അമിതമായി ആശ്രയിക്കുന്ന ചൈനയെക്കാളും കൂടുതലാണിത്.
കോവിഡ് ആഘാതം: 2020-ന് ശേഷമാണ് കടബാധ്യതയില്‍ വലിയ കുതിപ്പുണ്ടായത്. കോവിഡിനെ തുടർന്ന് രാജ്യത്തിന്റെ ജി.ഡി.പി.യിലുണ്ടായ ഇടിവും അതിജീവനത്തിനായി സാധാരണക്കാർ വായ്പകളെ ആശ്രയിച്ചതുമാണ് ഇതിന് പ്രധാന കാരണം.
വരുമാനവും കടവും: കുടുംബങ്ങളുടെ മൊത്തം വരുമാനത്തിന്റെ ഏകദേശ കണക്കായ ‘ഹൗസ് ഹോള്‍ഡ് ഗ്രോസ് വാല്യൂ ആഡഡ്’ (HGVA) പ്രകാരം സാമ്പത്തിക ബാധ്യത 2017-ലെ 59 ശതമാനത്തില്‍ നിന്ന് 72 ശതമാനമായി ഉയർന്നു.
സമ്പത്തുണ്ടാക്കാനല്ല, ജീവിക്കാൻ
ഭാവിയില്‍ വരുമാനം നല്‍കുന്ന വീടോ മറ്റു ആസ്തികളോ സ്വന്തമാക്കാനല്ല, ദൈനംദിന ജീവിതച്ചെലവുകള്‍ക്കാണ് ജനം വായ്പയെടുക്കുന്നത്. മൂലധന നിക്ഷേപങ്ങള്‍ക്ക് വൻകിട കമ്പനികള്‍ക്ക് പണം നല്‍കാൻ ബാങ്കുകള്‍ മടിക്കുന്നതും ഓട്ടോമേഷൻ മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞതും വരുമാന സ്തംഭനത്തിന് കാരണമായി.
ഈ സാഹചര്യത്തില്‍ ജീവിതശൈലി നിലനിർത്താൻ ഇടത്തരക്കാർ ക്രെഡിറ്റ് കാർഡുകളെയും വ്യക്തിഗത വായ്പകളെയുമാണ് ആശ്രയിക്കുന്നത്. ഇങ്ങനെ സമാഹരിക്കുന്ന പണം അനുദിനം ചെലവഴിച്ചുതീർക്കുകയാണ് സാധാരണക്കാർ.
ഏറ്റവും താഴ്ന്ന സമ്പാദ്യനിരക്ക്
50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന സമ്പാദ്യനിരക്കാണ് രാജ്യത്ത് ഇന്നുള്ളത്. ജി.ഡി.പി.യുടെ ശതമാനമായി കണക്കാക്കുന്ന കുടുംബ സമ്പാദ്യം (Net Household Financial Savings) കുത്തനെ ഇടിഞ്ഞു.
ആളുകള്‍ക്ക് സമ്പാദ്യശീലം കുറഞ്ഞതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്, മറിച്ച് വായ്പാബാധ്യത കൂടിയതാണ് സമ്പാദ്യം ഇല്ലാതാക്കിയത്. ഇതിനുപുറമേ ആദായനികുതിയും ജി.എസ്.ടിയും ജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ വലിയൊരു പങ്കും കവർന്നെടുക്കുന്നു.
കടുത്ത കടക്കെണി
ആർ.ബി.ഐ.യുടെ കണക്കനുസരിച്ച് ഇന്ത്യയിലെ 45 ശതമാനം വായ്പക്കാരും തിരിച്ചടവില്‍ ബുദ്ധിമുട്ട നേരിടുന്നവരാണ്. ഇതില്‍ പകുതിയോളം പേരും വായ്പയെടുക്കുന്നത് നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ക്കാണ്.
ഇടത്തരക്കാരില്‍ 10 ശതമാനം ആളുകള്‍ രൂക്ഷമായ കടക്കെണിയിലാണ്. പഴയ വായ്പ തിരിച്ചടയ്ക്കാൻ പുതിയ വായ്പ എടുക്കുന്ന അവസ്ഥയിലേക്ക് അവരെ നയിച്ചത് വരുമാനമില്ലായ്മയും സോഷ്യല്‍ മീഡിയ നല്‍കുന്ന വ്യാജ മോഹങ്ങളുമാണ്.
ഇരട്ടപ്രഹരം
കടബാധ്യത വ്യക്തിപരമായ പ്രശ്‌നം മാത്രമല്ല, സമ്പദ്വ്യവസ്ഥയെത്തന്നെ തളർത്തുന്ന ഒന്നാണ്. ചെലവഴിക്കാൻ ജനങ്ങളുടെ കൈയില്‍ പണമില്ലാത്തത് വിപണിയെ മാന്ദ്യത്തിലേക്ക് നയിക്കും.
സ്വകാര്യ ഉപഭോഗ വളർച്ച 7.9 ശതമാനത്തില്‍നിന്ന് 5.3 ശതമാനമായി കുറഞ്ഞു.
സ്‌കൂട്ടർ, ചെറിയ കാറ്, എഫ്.എം.സി.ജി. ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണി ഇതിനോടകം തളർച്ചയിലാണ്. ഫ്‌ളാറ്റുകളുടെ വിതരണം കൂടുതലാണെങ്കിലും വാങ്ങാൻ ആളില്ല. എന്നാല്‍, ഭവനവായ്പകള്‍ വരുമാനത്തിന് ആനുപാതികമായി ഇപ്പോഴും സുരക്ഷിത പരിധിയിലാണെന്നത് ആശ്വാസകരമാണ്.
വർധിച്ചുവരുന്ന കിട്ടാക്കടങ്ങളും കുറയുന്ന സമ്പാദ്യനിരക്കും ബാങ്കുകളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ഒരേപോലെ സമ്മർദത്തിലാക്കുന്നു. ഇത് രാജ്യത്തിന്റെ ക്രെഡിറ്റ് വളർച്ചയെ ബാധിക്കും.
കടം വാങ്ങി ആഘോഷിക്കുന്ന ജീവിതം സാമ്പത്തിക തകർച്ചയുടെ സൂചനയാണ്. പുതിയ കാറും വിദേശയാത്രയും കടത്തിന്മേല്‍ കെട്ടിപ്പൊക്കിയ ‘മിഥ്യാ സമ്പന്നത’ മാത്രമാകാം. വരുമാനം ഉയരാതെ കടം കൂടുന്നത് ശുഭകരമല്ല.
ആഗ്രഹങ്ങള്‍ സാമ്പത്തിക ഭദ്രതയെ തകർക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സമ്പാദ്യത്തേക്കാള്‍ ബാധ്യത വളരുന്ന കാലഘട്ടത്തില്‍ ‘കൈവശമുള്ളത് സ്വന്തം പണമാണോ അതോ തിരിച്ചടയ്‌ക്കേണ്ട കടമാണോ?’ എന്ന ചോദ്യം ഓരോരുത്തരും ചോദിക്കേണ്ടതുണ്ട്.
(കുടുംബങ്ങളുടെ വർധിച്ചുവരുന്ന കടബാധ്യതകളെക്കുറിച്ചും അത് സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും മാർസലസ് ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് നടത്തിയ പഠനത്തെ ആസ്പദമാക്കി തയ്യാറാക്കിയത്).

