ദുബായ്: ലുലു ഗ്രൂപ്പ് ഇന്റർനാഷനല്‍ അമേരിക്കയില്‍ ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങള്‍ തുറക്കുന്നു. ടെക്സസിലെ ഹൂസ്റ്റണില്‍ 90,000 ചതുരശ്രഅടിയില്‍ ആധുനിക സൗകര്യങ്ങളോടെയാണു പുതിയ കേന്ദ്രം തുറക്കുന്നതെന്ന് ചെയർമാൻ എം.എ.
യൂസഫലി പറഞ്ഞു. 2 നിലകളിലായി ഓഫിസും വെയർഹൗസും പ്രവർത്തിക്കും.
ഹൂസ്റ്റണ്‍ ബ്രൂക്‌ഷെയറിലുള്ള ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം 5 ഏക്കറിലാണു സ്ഥിതി ചെയ്യുന്നത്. പ്രാദേശിക കർഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ സംഭരിച്ചു വിവിധ ഹൈപ്പർ മാർക്കറ്റുകളില്‍ എത്തിക്കും. ലൊസാഞ്ചലസ്, വാഷിങ്ടൻ സിറ്റി തുടങ്ങിയ നഗരങ്ങളിലും ലുലുവിന്റെ ഉപകേന്ദ്രങ്ങള്‍ പ്രവർത്തിക്കും.
ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി, പോളണ്ട്, ദക്ഷിണാഫ്രിക്ക, യുഗാണ്ട, ചൈന, ശ്രീലങ്ക, കിഴക്കനേഷ്യൻ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ നിലവില്‍ ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. കാനഡയിലും ഓസ്ട്രേലിയയിലും പുതിയ കേന്ദ്രങ്ങള്‍ അടുത്ത വർഷം ആരംഭിക്കും.

