Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മനസിലുണ്ടെന്നും, നാടും ആ നന്മകളും

മനസിലുണ്ടെന്നും, നാടും ആ നന്മകളും

കേരളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ചില ഓർമ്മകള്‍ എന്റെ കൂട്ടു കുടുംബത്തോടൊപ്പം ചെലവഴിച്ച നാളുകളാണ്. അവരില്‍ നിന്ന് ദൂരെയായിരുന്നതിനാല്‍ ആ സന്ദർശനങ്ങളൊക്കെയും കൂടുതല്‍ സവിശേഷമായി തോന്നിച്ചു.

പ്രത്യേകിച്ച്‌ കുടുംബസംഗമങ്ങളില്‍ എന്റെ കസിൻസിനൊപ്പം സമയം ചെലവഴിച്ചത്, വിവിധ കുടുംബവീടുകളില്‍ പോയത് ഇതൊക്കെയാണ് ഞാൻ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്ന ഓർമ്മകള്‍.

ഓണം നന്നായിത്തന്നെ ആഘോഷിക്കാറുണ്ട്. ദുബായില്‍ വളർന്നതിനാല്‍, എല്ലാ വർഷവും എന്റെ കുടുംബം ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ഓണം. ഇപ്പോള്‍ യുഎസില്‍ കോളേജില്‍ പഠിക്കുകയാണെങ്കിലും, ചെറിയ രീതിയിലെങ്കിലും ഓണം ആഘോഷിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയ്ക്ക് പുറത്താണ് ചെലവഴിച്ചതെങ്കിലും, കേരളം എപ്പോഴും എന്റെ വ്യക്തിത്വത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. ഞാൻ വളർന്നുവന്ന ഭാഷ, ഭക്ഷണം, പാരമ്പര്യങ്ങള്‍, കഥകള്‍ എന്നിവ ആ ബന്ധം ശക്തമായി നിലനിർത്തിയിട്ടുണ്ട്. എന്റെ വേരുകളില്‍ നിന്ന് ദൂരെ കഴിയുമ്പോഴും, ആ പാരമ്പര്യങ്ങളെയും സംസ്കാരത്തെയും കുറിച്ച്‌ കൂടുതല്‍ ബോധവാനാകുന്നതിനനുസരിച്ച്‌, അതിനെ കൂടുതല്‍ വിലമതിക്കാനുള്ള പ്രേരണയാണ് എനിക്കുള്ളത്.

എന്റെ മുത്തശ്ശിയുടെ താറാവ് കറി എനിക്കേറ്റവും പ്രിയപ്പെട്ട കേരള വിഭവങ്ങളില്‍ ഒന്നാണ്. കേരളം സന്ദർശിക്കുമ്പോഴെല്ലാം ഞാൻ എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നുമാണത്. സ്വന്തം കുടുംബത്തിനായി നിങ്ങളുടെ മുത്തശ്ശി ഉണ്ടാക്കിയ ഒരു വിഭവം കഴിക്കുന്നതില്‍ വളരെ സവിശേഷമായ എന്തോ ഒരു അനുഭവമുണ്ട്.

ഇന്ത്യ സന്ദർശിക്കുന്നത് ഞാൻ എപ്പോഴും ആസ്വദിക്കാറുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്നതിന് പുറമെ, എന്റെ വേരുകളുള്ള നാട്ടിലെ വ്യത്യസ്ത അനുഭവങ്ങളുടെ ഭാഗമാകാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അത് പ്രധാനമായും കുടുംബവും സംസ്കാരവുമാണ്. എന്റെ പപ്പ, ബന്ധുക്കള്‍, മലയാളി ഭക്ഷണം, പാരമ്പര്യങ്ങള്‍, ഇന്ത്യ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട ഓർമ്മകള്‍ എന്നിവയിലൂടെയാണ് കേരളവുമായുള്ള എന്റെ ബന്ധം.

ജീവിതത്തിന്റെ ഭൂരിഭാഗവും ദുബായിലും ഇപ്പോള്‍ യുഎസിലുമാണ് ഉള്ളതെങ്കിലും, ആ ബന്ധത്തിൻ്റെ ഊഷ്‌മളതക്ക് കുറവൊന്നും ഉണ്ടായിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട എന്റെ ഏറ്റവും സവിശേഷമായ അനുഭവങ്ങളിലൊന്ന് എന്റെ അച്ഛൻ വളർന്ന സ്ഥലങ്ങള്‍ കാണുകയും എന്റെ കുടുംബത്തിന്റെ യാത്ര ആരംഭിച്ച സ്ഥലങ്ങള്‍ സന്ദർശിക്കുകയും ചെയ്തതാണ്. കേരളത്തില്‍ വരുമ്പോള്‍, എന്റെ കുടുംബത്തിന്റെ ഉത്ഭവവും അതിനെ രൂപപ്പെടുത്തിയ പരിസ്ഥിതിയും കൂടുതല്‍ നന്നായി മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് എനിക്ക് ലഭിക്കുന്നത്.

ജേക്കബ് ജോർജ്
(ദുബായിലാണ് വളർന്നത്. അദ്ദേഹത്തിന്റെ പിതാവ് കിഴക്കമ്പലം സ്വദേശി. അമ്മ തുർക്ക്മെനിസ്ഥാനില്‍ നിന്നുള്ളയാള്‍. ഇപ്പോള്‍ കാലിഫോർണിയയില്‍ താമസം.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്‌ലിയില്‍ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുന്നു)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com