കാലിഫോര്‍ണിയ: മാർക്ക് സക്കർബർഗ് നയിക്കുന്ന മെറ്റ എഐ ഹാർഡ്‌വെയർ ഉപകരണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് റിപ്പോർട്ടുകള്‍.
കമ്പനി അവതരിപ്പിച്ച മെറ്റ റേ ബാൻ എഐ സ്‍മാർട്ട് ഗ്ലാസുകള്‍ ഏഴ് മില്യണ്‍ യൂണിറ്റുകള്‍ക്കു മുകളില്‍ വിറ്റ് വലിയ വിജയം നേടിയിട്ടുണ്ട്.
ഈ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍, ഭാവിയിലെ എഐ ഹാർഡ്‌വെയർ ഉപകരണങ്ങള്‍ വികസിപ്പിക്കാൻ പുതിയ പ്രത്യേക ടീമിനെ മെറ്റ സൂപ്പർ ഇന്‍റലിജൻസ് ലാബ് രൂപീകരിക്കുകയാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
റിയാലിറ്റി ലാബ്‍സില്‍ നിന്നുള്ള ചില എഞ്ചിനീയർമാർ ഇതിനകം മെറ്റ സൂപ്പർ ഇന്‍റലിജൻസ് ലാബ്‌സില്‍ ചേർന്ന് ഹാർഡ്‌വെയറില്‍ എഐ സോഫ്റ്റ്‌വെയർ പരീക്ഷണം നടത്തുകയാണ്. എംഎസ്‌എല്ലിലെ ഹാർഡ്‌വെയർ വിഭാഗത്തെ നയിക്കാൻ പരിചയസമ്പന്നനായ എഞ്ചിനീയർ റൂയി സുവിനെ മെറ്റ നിയമിച്ചിട്ടുണ്ട്.
ഡ്രീമർ എന്ന എഐ ഏജന്‍റ് സ്റ്റാർട്ടപ്പില്‍ സൂ മുമ്പ് ഹാർഡ്‌വെയറിന് നേതൃത്വം നല്‍കിയിരുന്നു. ചൈനീസ് ഭീമനായ ബൈറ്റ്ഡാൻസിന്‍റെ സ്‍മാർട്ട് ഉപകരണങ്ങളിലും പ്രവർത്തിച്ച പരിചയം അദേഹത്തിനുണ്ട്.
എഐ ഹാർഡ്‌വെയർ വിപണി ഇപ്പോള്‍ കൂടുതല്‍ മത്സരം നിറഞ്ഞതാകുകയാണ്. ആപ്പിളിന്‍റെ മുൻ ചീഫ് ഡിസൈനർ ജോണി ഐവ് രൂപകല്‍പ്പന ചെയ്‌ത ആദ്യത്തെ എഐ ഹാർഡ്‌വെയർ ഉപകരണം ഓപ്പണ്‍എഐ ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിളും കുറച്ചു കാലമായി സ്വന്തം എഐ സ്‍മാർട്ട് ഗ്ലാസുകളില്‍ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള ഫോണ്‍ നിർമ്മാതാക്കളായ നത്തിംഗ് ഈ വർഷം അവസാനത്തോടെ സ്വന്തം സ്‌മാർട്ട് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചേക്കുമെന്ന് സമീപകാല റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
മെറ്റയും എഐ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുകയാണ്. ഇൻസ്റ്റഗ്രാം, ഫേസ്‍ബുക്ക് എന്നിവയിലേക്കുള്ള ശുപാർശാ അല്‍ഗോരിതങ്ങള്‍ മെച്ചപ്പെടുത്താൻ എഐ ഉപയോഗിക്കുന്നതിന് പ്രത്യേക ടീം രൂപീകരിക്കപ്പെട്ടിട്ടുണ്ട്.
മോള്‍ട്ട്ബുക്ക്, മാനസ് എഐ പോലുള്ള സ്റ്റാർട്ടപ്പുകള്‍ മെറ്റ അടുത്തിടെ ഏറ്റെടുത്തിരുന്നു. സ്‍കെയില്‍ എഐയെ 14.5 ബില്യണ്‍ ഡോളർ വിലയ്ക്ക് ഏറ്റെടുത്തതിനു ശേഷമാണ് അലക്‌സാണ്ടർ വാംഗ് മെറ്റ സൂപ്പർ ഇന്‍റലിജൻസ് ലാബ് നയിക്കാൻ എത്തുന്നത്.
അതേസമയം, ചെലവ് നിയന്ത്രണത്തിനായി മെറ്റ 15,000 ജോലിക്കാരെ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. ഇതേ പോലെ ഒറാക്കിള്‍, ആമസോണ്‍ തുടങ്ങിയ മറ്റ് ടെക് കമ്പനികളും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
മെറ്റയുടെ പുതിയ എഐ ഹാർഡ്‌വെയർ നീക്കം, സ്‍മാർട്ട് ഗ്ലാസുകള്‍ക്ക് പുറത്തും കമ്പനി സാങ്കേതികവിദ്യകളില്‍ മുന്നേറ്റം നേടാനുള്ള പുതിയ ചുവടുവയ്പ്പാണ്.

