ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (MSME) കൂടുതല്‍ വായ്പ എത്തിക്കണമെന്ന് കേന്ദ്ര സർക്കാർ SIDBIയോട് നിർദേശിച്ചു.
റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ (RRBs) വഴിയുള്ള ലെൻഡിങ് ശക്തിപ്പെടുത്തിയാണ് ഇത് നടപ്പാക്കുക.
ഗ്രാമീണ മേഖലയിലെ വായ്പ ലഭ്യത കുറഞ്ഞ സംരംഭകരിലേക്ക് കൂടുതല്‍ വേഗത്തില്‍ ക്രെഡിറ്റ് എത്തിക്കുകയാണ് ലക്ഷ്യം.MSMEകളുടെ വായ്പാ ആവശ്യങ്ങള്‍ മനസ്സിലാക്കുന്ന SIDBIയുടെ വൈദഗ്ധ്യവും, രാജ്യത്തെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും RRBകള്‍ക്കുള്ള ശക്തമായ ശൃംഖലയും ഒരുമിപ്പിക്കാനാണ് നീക്കം. ഇതിലൂടെ നിലവില്‍ ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് മതിയായ വായ്പ ലഭിക്കാത്ത ചെറുകിട യൂണിറ്റുകളിലേക്ക് കൂടുതല്‍ ഫലപ്രദമായി എത്താൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
RRBകള്‍ക്ക് അവരുടെ ലോണ്‍ പോർട്ടഫോളിയോ വൈവിധ്യവത്കരിക്കാനും MSME ലെൻഡിങ് കൂടുതല്‍ പ്രധാന മേഖലയാക്കാനും ഇത് സഹായിക്കും.
റൂള്‍ എഞ്ചിൻ അടിസ്ഥാനമാക്കിയുള്ള അണ്ടർറൈറ്റിംഗ് സംവിധാനം ഉപയോഗിക്കുന്നത് വായ്പാ തീരുമാനങ്ങള്‍ വേഗത്തിലാക്കുന്നതിനൊപ്പം ആസ്തി നിലവാരം നിലനിർത്താനും സഹായിക്കുമെന്നാണ് സർക്കാർ പറയുന്നത്.
SIDBI വികസിപ്പിച്ച കോ -ലെൻഡിങ് ഒറിജിനാഷൻ പ്ലാറ്റ്‌ഫോം വഴി വായ്പാ നടപടികള്‍ കൂടുതല്‍ ഡിജിറ്റലും പേപ്പർലെസുമായിരിക്കും. അപേക്ഷയിലെ വിവരങ്ങള്‍ ലഭിച്ചാല്‍ തത്വത്തില്‍ അനുമതി വേഗത്തില്‍ അറിയിക്കാനും, ഡിജിറ്റല്‍ ഡോക്യൂമെന്റഷൻ പൂർത്തിയാക്കി വായ്പ നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കാനും സാധിക്കും. ശാഖയില്‍ നേരിട്ട് എത്തേണ്ട സാഹചര്യം പോലും ഒഴിവാക്കുകയാണ് ലക്ഷ്യം.
മൂന്ന് RRBകളില്‍ നടത്തിയ പൈലറ്റ് പദ്ധതിക്ക് ലഭിച്ച അനുകൂല ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ RRBകളിലേക്ക് കോ -ലെൻഡിങ് വ്യാപിപ്പിക്കുന്നത്. പ്രത്യേകിച്ച് സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള ഗ്രാമീണ, അർധനഗര സംരംഭകർക്ക് ഇതിലൂടെ ക്രെഡിറ്റ് ലഭ്യത ഗണ്യമായി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
MSME ക്ലസ്റ്ററുകളുമായി ബന്ധപ്പെട്ട ഡാറ്റ ഉപയോഗിച്ച് വായ്പ ആവശ്യമുള്ള മേഖലകളെ കൃത്യമായി തിരിച്ചറിഞ്ഞ് ലക്ഷ്യമിട്ട വായ്പ നടത്താനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാരുകളുടെ റോസ്‌ഗർ മേള ഉള്‍പ്പെടെയുള്ള പരിപാടികളില്‍ RRBകള്‍ സജീവമായി പങ്കെടുക്കുകയും MSMEകള്‍ക്കിടയില്‍ സാമ്പത്തിക ബോധവല്‍ക്കരണം വർധിപ്പിക്കുകയും വേണം.

