Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്ലാസ്റ്റിക് നോട്ടുകള്‍ ആദ്യം മലയാളികളുടെ കൈകളിലേക്ക്; പരീക്ഷണത്തിന് തിരഞ്ഞെടുത്തതില്‍ കൊച്ചിയും

പ്ലാസ്റ്റിക് നോട്ടുകള്‍ ആദ്യം മലയാളികളുടെ കൈകളിലേക്ക്; പരീക്ഷണത്തിന് തിരഞ്ഞെടുത്തതില്‍ കൊച്ചിയും

മുംബൈ: രാജ്യം എത്രത്തോളം വികസിച്ചുവെന്നും, ഡിജിറ്റലായി എന്നുപറഞ്ഞാലും ഇന്നും കറന്‍സികള്‍ക്ക് വലിയ പ്രധാന്യമുണ്ട്.

കറന്‍സികള്‍ അച്ചടിക്കുന്നതിനും, പരിപാലിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഓരോ വര്‍ഷവും ശതകോടികളാണ് ചെലവഴിക്കുന്നത്. എന്നിരുന്നാല്‍ കൂടി നിലവിലെ പേപ്പര്‍ നോട്ടുകള്‍ നശിച്ചുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പേപ്പര്‍ നോട്ടുകള്‍ എന്ന ആര്‍ബിഐ ആശയത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ പച്ചക്കൊടി വീശിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളിലടക്കം ട്രെന്‍ഡായ പ്ലാസ്റ്റിക് നോട്ടുകള്‍ ഇന്ത്യയിലേയ്ക്കും എത്തുന്നു. ഈ നോട്ടുകളുടെ പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നഗരങ്ങളില്‍ കൊച്ചിയും ഉള്‍പ്പെടുന്നു. അതായത് ഈ നോട്ടുകള്‍ ആദ്യം എത്തുക മലയാളികളുടെ കൈകളില്‍ കൂടിയാകും. പുറത്തുവരാനിരിക്കുന്ന ഈ പോളിമര്‍ നോട്ടുകളെ പറ്റി നിങ്ങള്‍ അറിയേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.

പുതിയ അപ്‌ഡേറ്റുകള്‍
പുതിയ പ്ലാസ്റ്റിക് നോട്ടുകള്‍ പൂര്‍ണ്ണമായി പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയ്ക്ക് അനുമതി നല്‍കിയിട്ടില്ല. പകരം, പരീക്ഷണാടിസ്ഥാനത്തില്‍ ഇവ വിപണിയില്‍ ഇറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇന്ത്യയിലെ വിവിധ കാലാവസ്ഥകളില്‍ (ചൂട്, തണുപ്പ്, ഈര്‍പ്പം) പോളിമര്‍ നോട്ടുകള്‍ എത്രത്തോളം ഈടുനില്‍ക്കുമെന്ന് പരിശോധിക്കാനാണ് ഈ പദ്ധതി. ചെറു മൂല്യമുള്ള നോട്ടുകളാകും ഇതിനായി തയ്യാറാക്കുക. ആദ്യമെത്തുക മലയാളികളുടെ കൈകളില്‍.

തെരഞ്ഞെടുത്ത വളരെ ചുരുക്കം പ്രദേശങ്ങളിലാകും ഈ നോട്ടുകളുടെ പരീക്ഷണം നടക്കുക. ഈ പരീക്ഷണത്തില്‍ കേരളവും ഉള്‍പ്പെടുന്നുവെന്നതാണ് മലയാളികള്‍ക്ക് സന്തോഷം പകരുന്ന ഘടകം. കൊച്ചി, മൈസൂരു, ഷിംല, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നീ 5 വ്യത്യസ്ത കാലാവസ്ഥയുള്ള നഗരങ്ങളിലാകും ആദ്യഘട്ട പരീക്ഷണം നടക്കുകയെന്നാണ് ആര്‍ബിഐ അപ്‌ഡേറ്റുകള്‍ വ്യക്തമാക്കുന്നത്.

എത്ര രൂപ വിപണിയില്‍ എത്തും?
പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ 10 രൂപ മൂല്യമുള്ള പ്ലാസ്റ്റിക് നോട്ടുകളാകും എത്തുക. ഏകദേശം 100 കോടി (1 ബില്യണ്‍) 10 രൂപ നോട്ടുകള്‍ വിപണിയില്‍ എത്തിക്കാനാണ് റിസര്‍വ് ബാങ്ക് പദ്ധതിയിട്ടിരിക്കുന്നത്. തുടര്‍ന്ന് 20 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകളും പരീക്ഷിച്ചേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ശരിക്കും പ്ലാസ്റ്റിക്കാണോ?
പ്ലാസ്റ്റിക് നോട്ടുകള്‍ എന്നു പറയുമ്പോള്‍, ഇത് നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടല്ല നിര്‍മ്മിക്കുന്നതെന്ന് പ്രത്യേകം ഓര്‍ക്കുക. നോട്ടുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് BOPP (Biaxially Oriented Polypropylene) എന്ന് വിളിക്കുന്ന പ്രത്യേക തരം പോളിമര്‍ (Polymer) വസ്തുവാണ്. സാധാരണ നോട്ടുകള്‍ പോലെ ഈ പോളിമര്‍ നോട്ടുകളും മടക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകളും, വിദഗ്ധരും പറയുന്നത്. ഇവ നിലവിലെ പേപ്പര്‍ കറന്‍സികള്‍ പോലെ പെട്ടെന്ന് കീറിപോകുകയോ, നശിക്കുകയോ ചെയ്യില്ല.

എന്തുകൊണ്ട് പോളിമര്‍ നോട്ടുകള്‍: പ്രധാന ഗുണങ്ങള്‍
സാധാരണ പേപ്പര്‍ നോട്ടുകളേക്കാള്‍ 2.5 മുതല്‍ 5 മടങ്ങ് വരെ ആയുസ് കൂടുതല്‍ ലഭിക്കും.
വെള്ളത്തിലോ മഴയിലോ വീണാല്‍ നോട്ട് നശിച്ചു പോകില്ല. വാട്ടര്‍പ്രൂഫ് ആണ്.
അഴുക്ക്, എണ്ണമയം, ബാക്ടീരിയകള്‍ എന്നിവ പോളിമര്‍ നോട്ടുകളില്‍ പറ്റിപ്പിടിക്കുന്നത് വളരെ കുറവാണ്.

സുതാര്യമായ വിന്‍ഡോകള്‍ (Transparent Windows) ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ സുരക്ഷാ ഫീച്ചറുകള്‍ വ്യാജ നോട്ടുകളുടെ അച്ചടി അസാധ്യമാക്കും.

പഴകി ഉപയോഗശൂന്യമാകുമ്പോള്‍ ഇവ ഉരുക്കി മറ്റ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ കഴിയും.

സാധാരണക്കാരുടെ നേട്ടങ്ങള്‍
എതു സാഹചര്യത്തിലും കൈകാര്യം ചെയ്യാന്‍ സാധിക്കും. മഴയത്ത് പോക്കറ്റിലിരുന്ന് നനഞ്ഞാലോ, അബദ്ധത്തില്‍ അലക്കിയാലോ നോട്ട് കീറിപ്പോകുമെന്ന പേടി വേണ്ട.
കൈകളില്‍ നിന്ന് കൈകളിലേക്ക് മാറുമ്പോള്‍ അഴുക്കുപിടിച്ചതും നാറിയതുമായ നോട്ടുകള്‍ കൈയ്യില്‍ കിട്ടുന്ന അവസ്ഥ ഒഴിവാകും.

നോട്ടുകള്‍ ചുളിയാത്തതിനാല്‍ എടിഎമ്മുകളിലും നോട്ട് എണ്ണുന്ന മെഷീനുകളിലും തടസങ്ങള്‍ ഉണ്ടാകില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പലരും നിലവിലെ നോട്ടുകള്‍ നനയുമ്പോഴും, മുഷിയുമ്പോഴും അവ തുണികള്‍ അയണ്‍ ചെയ്യുന്നതുപോയെ തേയ്ക്കാറുണ്ട്. എന്നാല്‍ പുതിയ പ്ലാസ്റ്റിക് നോട്ടുകള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉരുകിപോകും. നോട്ടുകളില്‍ സ്റ്റാപ്ലര്‍ പിന്‍ അടിക്കുകയോ, സൂചി കൊണ്ട് കുത്തുകയോ ചെയ്യരുത്. കാരണം ഇത് നോട്ടിലെ സുരക്ഷാ ഫീച്ചറുകളെ ബാധിക്കും.

പേപ്പര്‍ നോട്ടുകളേക്കാള്‍ വഴുക്കല്‍ സ്വഭാവം ഇവയ്ക്ക് കൂടുതലാണ്. അതിനാല്‍ കൈവശം വെക്കുമ്പോഴും, പണം എണ്ണുമ്പോഴും ശ്രദ്ധിക്കണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com