Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്തെ റീറ്റെയ്ല്‍ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തില്‍

രാജ്യത്തെ റീറ്റെയ്ല്‍ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: സാധാരണക്കാർക്കും ബിസിനസ് ലോകത്തിനും കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും ഒരുപോലെ ആശങ്കയുമായി രാജ്യത്ത് പണപ്പെരുപ്പം കത്തിക്കയറുന്നു.

ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (റീട്ടെയ്ല്‍ പണപ്പെരുപ്പം) അഥവാ ചില്ലറ വിലക്കയറ്റത്തോത് ഓഗസ്റ്റില്‍ 4.82 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 8 മാസത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കാണിത്.

പണപ്പെരുപ്പം 4 ശതമാനത്തില്‍‌ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്ര അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി) ലക്ഷ്യമെന്നിരിക്കേ, ഒക്ടോബറിലെ യോഗത്തില്‍ സമിതി പലിശഭാരം കൂട്ടാനുള്ള സാധ്യത ഇതോടെ ശക്തമായി. ഒക്ടോബറിലും ഡിസംബറിലും റീപ്പോനിരക്ക് 0.25% വീതം കൂട്ടിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ ബാങ്ക് വായ്പകളുടെ പലിശനിരക്ക് ഉയരും. ഭവന, വാഹന, വ്യക്തിഗത വായ്പ എടുത്തവർക്കും പുതുതായി വായ്പ തേടുന്നവർക്കും ഇത് തിരിച്ചടിയാകും.

ജൂലൈയില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 4.45 ശതമാനമായിരുന്നു. മേയില്‍ 3.93 ശതമാനവും ജൂണില്‍ 4.38 ശതമാനവുമായിരുന്നു. കഴിഞ്ഞമാസം രാജ്യത്ത് ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം ജൂലൈയിലെ 4.84 ശതമാനത്തില്‍ നിന്ന് 5.23 ശതമാനത്തിലെത്തി.

നഗരങ്ങളിലേത് 3.96ല്‍ നിന്നുയർന്ന് 4.31 ശതമാനമായി. ഭക്ഷ്യവിലപ്പെരുപ്പം അഥവാ ഫുഡ് ഇൻഫ്ലേഷൻ കൂടുന്നതാണ് റിസർവ് ബാങ്കിനെ കൂടുതല്‍ അലോസരപ്പെടുത്തുക. ഇത് ജൂലൈയിലെ 5.52 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 5.95 ശതമാനത്തിലെത്തി. ഭക്ഷ്യവിലപ്പെരുപ്പം ഗ്രാമങ്ങളില്‍ 5.79ല്‍ നിന്ന് 6.13 ശതമാനത്തിലേക്കും നഗരങ്ങളില്‍ 5.05ല്‍ നിന്ന് 5.64 ശതമാനത്തിലേക്കുമാണ് കൂടിയത്.

കഴിഞ്ഞമാസവും ഏറ്റവുമധികം പണപ്പെരുപ്പം വെള്ളി ആഭരണങ്ങള്‍, ഇഞ്ചി, സവാള, വെളുത്തുള്ളി, സ്വർണാഭരണം, വജ്രാഭരണം, പ്ലാറ്റിനം ആഭരണം എന്നിവയ്ക്കാണ്. 100ന് മുകളിലാണ് വെള്ളിയുടെ പണപ്പെരുപ്പനിരക്ക് (107.11%). ഇഞ്ചിക്ക് 73.82%. സ്വർണത്തിന് 35.53%. സവാളയ്ക്ക് 48.27%. വെളുത്തുള്ളിക്ക് 43.60%.

സവാളയ്ക്കോ വെളുത്തുള്ളിക്കോ ദൃശ്യമായ വിലക്കുതിപ്പ് ഉരുളക്കിഴങ്ങിനും തക്കാളിക്കുമില്ലെന്നു മാത്രമല്ല; വില കുറയുകയും ചെയ്തു. തക്കാളിയുടേത് നെഗറ്റീവ് 4.60 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 31.09 ശതമാനമായി.

ഉരുളക്കിഴങ്ങിന്റേത് നെഗറ്റീവ് 13.14 ശതമാനമാണ്. കാറിനും ജീപ്പിനും വില കുറ‍ഞ്ഞെന്ന് റിപ്പോർട്ടിലുണ്ട്. വെണ്ടയ്ക്കയ്ക്കും കോവയ്ക്കയ്ക്കും വില കുറഞ്ഞു. തക്കാളി, കിഴങ്ങ്, കാർ, ജീപ്പ്, വെണ്ടയ്ക്ക, കോവയ്ക്ക എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും പണപ്പെരുപ്പം കുറഞ്ഞവ.

ഏതാനും മാസങ്ങള്‍ മുൻപുവരെ ഇന്ത്യയില്‍ പണപ്പെരുപ്പം ഏറ്റവും കൂടിയ സംസ്ഥാനം കേരളമായിരുന്നു. എന്നാല്‍, ഇപ്പോള്‍ മാസങ്ങളായി ടോപ് 5ല്‍‌ പോലും ഇല്ലെന്നത് കേരളത്തിന് നേട്ടവുമാണ്; ആശ്വാസവുമാണ്. 4.67 ശതമാനമാണ് കഴിഞ്ഞമാസം കേരളത്തില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം. ഇത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്നതും നേട്ടമാണ്.

നേരത്തേ കേരളത്തിനൊപ്പം ടോപ് 5ല്‍ ഉണ്ടായിരുന്ന തെലങ്കാനയ്ക്ക് ഇപ്പോഴും രക്ഷപ്പെടാൻ കഴിഞ്ഞിട്ടില്ല. 6.27 ശതമാനവുമായി തെലങ്കാന തന്നെയാണ് ഇന്ത്യയില്‍ പണപ്പെരുപ്പം ഏറ്റവും കൂടിയ സംസ്ഥാനം. 5.92 ശതമാനവുമായി തമിഴ്നാട് രണ്ടാമതാണ്.

മധ്യപ്രദേശ് (5.55%), ആന്ധ്രപ്രദേശ് (5.53%), ഒഡീഷ (5.52%) എന്നിവയാണ് ടോപ് 5ല്‍‌ ഉള്ള മറ്റ് സംസ്ഥാനങ്ങള്‍. ഡല്‍ഹിയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പണപ്പെരുപ്പം 3 ശതമാനത്തിനും താഴെയാണ്. ഭക്ഷ്യവിലപ്പെരുപ്പം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാമ് (8.10%). ആന്ധ്രപ്രദേശ് (8.07%), തമിഴ്നാട് (7.96%), കർണാടക (7.58%), തെലങ്കാന (7.33%) എന്നിവയാണ് തൊട്ടടുത്തുള്ളത്.

2025 ജനുവരി മുതല്‍ ഡിസംബർ വരെ തുടർച്ചയായി 12 മാസം ഇന്ത്യയില്‍ വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന മോശം പ്രതിച്ഛായ കേരളം പേറിയിരുന്നു. ഈ വർഷം ജനുവരിയില്‍ രണ്ടാംസ്ഥാനത്തേക്കും ഫെബ്രുവരിയില്‍ മൂന്നാംസ്ഥാനത്തേക്കും ‘നില മെച്ചപ്പെടുത്തി’.

മാർച്ചിലാണ് ടോപ് 5ല്‍ നിന്നുതന്നെ പുറത്തെത്തിയത്. തുടർന്ന്, ഇതുവരെ വീണ്ടും ആദ്യ 5ല്‍ ഇടംപിടിച്ചിട്ടില്ലെന്നത് വി.ഡി.സതീശൻ സർക്കാരിനും ആശ്വാസമാണ്. അതേസമയം, ജൂലൈയിലെ 4.01 ശതമാനത്തില്‍ നിന്നാണ് കഴിഞ്ഞംമാസം കേരളത്തില്‍ പണപ്പെരുപ്പം 4.6 ശതമാനത്തിന് മുകളിലെത്തിയതെന്നത് ആശങ്കയുമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com