Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വര്‍ധന

രാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വര്‍ധന

മുംബൈ: പത്തുവർഷംകൊണ്ട് രാജ്യത്തെ യുപിഐ പണമിടപാടിലുണ്ടായത് മൂല്യത്തില്‍ 4000 ഇരട്ടിയിലേറെ വർധന. 2016 ഓഗസ്റ്റ് 25ന് ആരംഭിച്ച യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫെയ്സ് (യുപിഐ) ഇന്ത്യയുടെ ഡിജിറ്റല്‍ ഇടപാട് മേഖലയിലുണ്ടാക്കിയതു വിപ്ലവകരമായ മാറ്റമാണ്.

യുപിഐ വഴിയുള്ള ഇടപാട് മൂല്യം 2016-17 സാമ്പത്തിക വർഷത്തിലെ 0.07 ലക്ഷം കോടി രൂപയില്‍ നിന്ന് 2025-26 സാമ്പത്തിക വർഷത്തില്‍ ഏകദേശം 314 ലക്ഷം കോടി രൂപയായി ഉയർന്നു.

വാർഷിക ഇടപാടുകളുടെ എണ്ണം 2016-17ലെ 1.78 കോടിയില്‍ നിന്ന് 2025-26ല്‍ 24,162 കോടിയിലധികമായി ഉയർന്നു. ഇടപാടുകളുടെ എണ്ണത്തില്‍ ഏകദേശം 13,000 ഇരട്ടി വർധന.
കഴിഞ്ഞ മാസം ഇന്ത്യയില്‍ പ്രതിദിനം ശരാശരി 76.3 കോടി പേയ്മെന്റുകള്‍ ഉള്‍പ്പെടെ, ആകെ 2,988 ലക്ഷം കോടി രൂപ മൂല്യമുള്ള 2,366 കോടി യുപിഐ ഇടപാടുകള്‍ നടന്ന് പുതിയ റെക്കോർഡും കുറിച്ചു.

ആഗോള യുപിഐ
ഇന്ത്യയുടെ അതിർത്തികള്‍ക്കപ്പുറം യുപിഐ ഇപ്പോള്‍ ആഗോളതലത്തില്‍. യുഎഇ, ഫ്രാൻസ്, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാള്‍, സിംഗപ്പൂർ, മൊറീഷ്യസ്, ഖത്തർ, കംബോഡിയ, ഗ്രീസ്, മാലദ്വീപ് എന്നീ 11 രാജ്യങ്ങളില്‍ സേവനം ലഭ്യം.

കറൻസിയില്‍ റെക്കോർഡ്
ഇതിനിടയിലും രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ അളവ് റെക്കോർഡിലെത്തിയെന്ന് ആർബിഐ കണക്കുകള്‍ പറയുന്നു. ഇക്കഴിഞ്ഞ മേയില്‍ 43.02 ലക്ഷം കോടി രൂപയാണ് വിനിമയത്തിലുണ്ടായിരുന്നത്. ഇത് അഞ്ച് വർഷത്തെ റെക്കോർഡാണ്.

തൊട്ടുമുൻ വർഷത്തെ മേയില്‍ കറൻസി വിനിമയം 38.35 ലക്ഷം കോടി രൂപയായിരുന്നു. യുപിഐ ഇടപാടുകള്‍ നിലവിലുണ്ടെങ്കിലും കറൻസി ഇടപാടുകള്‍ രാജ്യത്ത് വ്യാപകമാണെന്നതിന്റെ സൂചനയാണിത്.

അടുത്തിടെ യുപിഐ ഇടപാടുകള്‍ക്ക് സർവീസ് ചാർജ് ഈടാക്കാൻ കേന്ദ്രത്തിന് അനുവാദം നല്‍കുന്ന ബില്‍ പാർലമെന്റ് പാസാക്കിയിരുന്നു. ഇതിനെ തുടർന്ന് കൂടുതല്‍ പേർ യുപിഐയ്ക്കൊപ്പം കറൻസി ഇടപാടുകളും ശീലമാക്കുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com