Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റിലയൻസിനെതിരെ ഗുരുതര ആരോപണവുമായി ടെലിഗ്രാം തലവൻ; 'വാട്‍സാപ്പിനെ സഹായിക്കാൻ ടെലിഗ്രാം സേവനം തടസപ്പെടുത്തുന്നു'

റിലയൻസിനെതിരെ ഗുരുതര ആരോപണവുമായി ടെലിഗ്രാം തലവൻ; 'വാട്‍സാപ്പിനെ സഹായിക്കാൻ ടെലിഗ്രാം സേവനം തടസപ്പെടുത്തുന്നു'

ന്ത്യയിലെ ടെലികോം ഭീമനായ റിലയൻസിനെതിരെ ടെലിഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പവല്‍ ദുരോവ്. ടെലിഗ്രാമിന്റെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയില്‍ റിലയൻസ് ഇടപെടുകയാണെന്ന് ആരോപിച്ചാണ് ദുരോവ് രംഗത്തെത്തിയത് എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ടെലിഗ്രാം സേവനം ലഭ്യമാകുന്നതില്‍ റിലയൻസ് തടസം സൃഷ്ടിക്കുകയാണെന്നാണ് ദുരോവിന്റെ ആരോപണം. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോള്‍’ (BGP) ഹൈജാക്കിംഗ്
റിലയൻസ് ‘ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോള്‍’ (BGP) ഹൈജാക്കിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ടെലിഗ്രാമിന്റെ നെറ്റ്‌വർക്ക് റൂട്ടുകള്‍ വഴിതിരിച്ചുവിടുകയാണെന്ന് ദുരോവ് ആരോപിച്ചു. ഇന്ത്യയില്‍ മാത്രമല്ല, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് ദുരോവിന്‍റെ വാദം.

"ഇന്ത്യൻ ടെലികോം കമ്പനി റിലയൻസ്, ഇന്ത്യയ്ക്ക് പുറത്തുള്ള ദശലക്ഷക്കണക്കിന് ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് സേവനതടസ്സം സൃഷ്ടിക്കുകയാണ്. ഇതിന് അവർ ബിജിപി ഹൈജാക്കിംഗ് പോലുള്ള അനധികൃത മാർഗങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍," ദുരോവ് കുറിച്ചു.

ഇന്റർനെറ്റിലെ വിവിധ നെറ്റ്‌വർക്കുകള്‍ തമ്മില്‍ ഡാറ്റ കൈമാറുന്നതിനും ശരിയായ റൂട്ടുകള്‍ നിർണയിക്കുന്നതിനുമുള്ള പ്രധാന സംവിധാനമാണ് ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോള്‍ (BGP). അനധികൃത റൂട്ട് പ്രഖ്യാപനങ്ങള്‍ ഇന്റർനെറ്റ് ട്രാഫിക് തെറ്റായ ദിശയിലേക്ക് തിരിച്ചുവിടാൻ ഇടയാക്കുന്നതിനാല്‍ സൈബർ സുരക്ഷാ രംഗത്ത് ഇത് ഗുരുതര പ്രശ്നമായാണ് കണക്കാക്കപ്പെടുന്നത്.

നിരവധി പരാതികള്‍ ലഭിച്ചിട്ടും റിലയൻസ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും അതിനാല്‍ ഈ നടപടി മനപ്പൂർവമായിരിക്കാമെന്നും ദുരോവ് ആരോപിച്ചു. കൂടാതെ, ടെലിഗ്രാമും വാട്‍സാപ്പും തമ്മിലുള്ള കടുത്ത മത്സരവുമായി ഈ വിഷയത്തിന് ബന്ധമുണ്ടാകാമെന്ന സൂചനയും അദ്ദേഹം നല്‍കി.

മെറ്റയ്ക്കും റിലയൻസിനും ബിസിനസ് ബന്ധമുണ്ടെന്നും അതിനാല്‍ വാട്‍സാപ്പിന് അനുകൂലമായ സാഹചര്യം സൃഷ്‍ടിക്കാനുള്ള ശ്രമമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദുരോവിന്റെ ആരോപണങ്ങള്‍ക്ക് റിലയൻസ് ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല എന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ, നീറ്റ് 2026 പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പ് ശൃംഖലകളും സംബന്ധിച്ച ആശങ്കകളെ തുടർന്ന് ഇന്ത്യയില്‍ ടെലിഗ്രാമിന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ഈ നടപടിയെ ദുരോവ് ശക്തമായി വിമർശിച്ചു.

150 ദശലക്ഷത്തിലധികം സാധാരണ ഉപയോക്താക്കളാണ് ഈ നടപടിയൂടെ ബുദ്ധിമുട്ടുന്നതെന്നും കുറ്റക്കാർ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിലയൻസും വാട്‍സാപ്പും ചേർന്ന് ഇന്ത്യയില്‍ ടെലിഗ്രാമിനെ നിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കില്‍ തനിക്ക് അതില്‍ അതിശയമില്ലെന്നും ദുരോവ് പറഞ്ഞു. എന്നാല്‍, ഈ ആരോപണങ്ങള്‍ക്ക് പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ദുരോവ് പുറത്തുവിട്ടിട്ടില്ല. വിഷയത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കാൻ സ്വതന്ത്ര സാങ്കേതിക പരിശോധനകളും ഔദ്യോഗിക പ്രതികരണങ്ങളും കാത്തിരിക്കുകയാണ് സാങ്കേതിക ലോകം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com