Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സര്‍വം എഐയില്‍ എച്ച്‌സിഎല്ലിന് നിക്ഷേപം

സര്‍വം എഐയില്‍ എച്ച്‌സിഎല്ലിന് നിക്ഷേപം

ബംഗളൂരു: ഇന്ത്യയില്‍ എൻജിനിയറിംഗ് കഴിവുകള്‍ക്കോ വിപണിയുടെ വ്യാപ്തിക്കോ യാതൊരു കുറവുമില്ല. എങ്കിലും മറ്റ് രാജ്യങ്ങളില്‍ നിർമിക്കപ്പെടുന്ന ആർട്ടിഫിഷല്‍ ഇന്‍റലിജൻസ് സാങ്കേതികവിദ്യകളുടെ വെറുമൊരു ഉപഭോക്താവായി മാത്രമാണ് ഇന്ത്യ ഇതുവരെ പ്രധാനമായും തുടർന്നത്.

ചാറ്റ്ജിപിടിക്കും ആന്ത്രോപിക്കിനും ബദലായി ബംഗളൂരു ആസ്ഥാനമായുള്ള സർവം എന്ന സ്റ്റാർട്ടപ്പ് ഇന്ത്യയിലെ ഭാഷാ വൈവിധ്യങ്ങളും ദേശീയ താത്പര്യങ്ങളും സംരക്ഷിച്ചും പ്രാദേശിക ആവശ്യങ്ങള്‍ക്കു മുൻഗണന നല്‍കിയും സ്വന്തമായി വികസിപ്പിച്ച ആർട്ടിഫിഷല്‍ സാങ്കേതികവിദ്യയാണ് സർവം എഐ. 2023 ജൂലൈയില്‍ ഐഐടി മദ്രാസിലെ ഗവേഷകരായിരുന്ന വിവേക് രാഘവനും പ്രത്യുഷ് കുമാറും ചേർന്നാണ് ഈ സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്.

ഇന്ത്യൻ കന്പനി വികസിപ്പിച്ചെടുത്ത ആർട്ടിഫിഷല്‍ ഇന്‍റലിജൻസ് പ്ലാറ്റ്ഫോമായ സർവം എഐക്ക് വൻ നിക്ഷേപം. എച്ച്‌സിഎല്‍ ടെക് ആണ് 1,427 കോടി രൂപയുടെ നിക്ഷേപം സർവം എഐയില്‍ നടത്തിയത്.

10.46 ശതമാനം ഓഹരിപങ്കാളിത്തമാണ് എച്ച്‌സിഎല്‍ നേടിയിരിക്കുന്നത്. എച്ച്‌സിഎല്‍ ടെക്കും ബെസ്‌സമർ വെഞ്ച്വർ പാർട്ണേഴ്സും നേതൃത്വം നല്‍കിയ ഈ ഫണ്ടിംഗ് റൗണ്ടില്‍ കന്പനിയുടെ നിലവിലുള്ള നിക്ഷേപകരായ ഖോസ‌്‌ല വെഞ്ചേഴ്സും പീക്ക് എക്സ് വി പാർട്ണേഴ്സും പങ്കാളികളായി.

ഈ പുതിയ നിക്ഷേപത്തോടെ കന്പനിയുടെ വിപണി മൂല്യം 1.5 ബില്യണ്‍ ഡോളറായി ഉയർന്നു.
കന്പനികള്‍ക്ക് അവരുടെ ആവശ്യാനുസരണം ഉപയോഗിക്കാനാകുന്ന സവിശേഷമായ എഐ മോഡലുകള്‍ സംയുക്തമായി വികസിപ്പിക്കാൻ പുതിയ നിക്ഷേപത്തിലൂടെ സർവം എഐക്ക് സാധിക്കും. ഇന്ത്യൻ പ്രാദേശിക ഭാഷകളില്‍ കൃത്യതയോടെ പ്രവർത്തിക്കുന്ന എഐ സംവിധാനങ്ങള്‍ എച്ച്‌സിഎല്‍ ടെക്കിന്‍റെ ആഗോള ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും.

കഴിഞ്ഞ വർഷം അവസാനത്തോടെ പ്രമുഖ വെഞ്ച്വർ ക്യാപ്പിറ്റല്‍ ഫണ്ടായ ലൈറ്റ്സ്പീഡില്‍ നിന്നും ഖോസ്‌ല വെഞ്ച്വേഴ്സ്, പീക്ക് എക്സ് വി പാർട്ണേഴ്സ് എന്നിവരില്‍ നിന്നും ഏകദേശം 340 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാൻ സർവം എഐക്ക് സാധിച്ചിരുന്നു.

ജനറേറ്റീവ് എഐ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാൻ ആഗോള ഐടി കന്പനികള്‍ മത്സരിക്കുന്ന സമയത്താണ് എച്ച്‌സിഎല്‍ ടെക്കിന്‍റെ ഈ നീക്കം. വരും വർഷങ്ങളില്‍ ഇന്ത്യൻ ഐടി മേഖലയില്‍ ജനറേറ്റീവ് എഐ വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ തുടക്കമായാണ് വിപണി വിദഗ്ധർ ഈ നിക്ഷേപത്തെ വിലയിരുത്തുന്നത്.

ടെക്സ്റ്റ് ടു സ്പീച്ച്‌ കണ്‍വേർഷനുള്ള ബുള്‍ബുള്‍ വി2, വി3 മോഡലുകള്‍, സ്പീച്ച്‌ ടു ടെക്സ്റ്റ്, പ്രിന്‍റഡ് രേഖകള്‍ ഡിജിറ്റൈസ് ചെയ്യാനുള്ള സർവം വിഷൻ, പരിഭാഷ, വീഡിയോ മറ്റു ഭാഷകളിലേക്കു മാറ്റാനുള്ള എഐ വോയ്സ് ക്ലോണിംഗ്, കസ്റ്റമർ കെയർ ആവശ്യങ്ങള്‍ക്കും മറ്റുമുള്ള കോണ്‍വർസേഷണല്‍ ഏജന്‍റ് തുടങ്ങിയവയാണ് സർവം കഴിഞ്ഞ മാസങ്ങളില്‍ പുറത്തിറക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com