Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സെമികണ്ടക്ടര്‍ മേഖലയില്‍ മുന്നേറാൻ ഇന്ത്യ; കമ്പനികള്‍ക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്

സെമികണ്ടക്ടര്‍ മേഖലയില്‍ മുന്നേറാൻ ഇന്ത്യ; കമ്പനികള്‍ക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്

ന്യൂഡല്‍ഹി: സെമികണ്ടക്ടർ മേഖലയില്‍ മുന്നേറാനൊരുങ്ങി ഇന്ത്യൻ കമ്പനികള്‍. രാജ്യത്തെ ഈ രംഗത്തുള്ള 281 ഫണ്ടഡ് കമ്പനികള്‍ക്ക് ഇതുവരെ മൊത്തം 1.4 ബില്യണ്‍ (140 കോടി) ഡോളറിന്റെ ഇക്വിറ്റി ഫണ്ടിങ് ലഭിച്ചതായി ഗ്ലോബല്‍ മാർക്കറ്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ട്രാക്സണിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതില്‍ പകുതിയോളം 2025-ന് ശേഷമാണ് കമ്പനികള്‍ സമാഹരിച്ചത്. എഐ മുന്നേറ്റത്തെത്തുടർന്ന് സെമികണ്ടക്ടറുകളുടെ ഡിമാൻഡ് കുതിച്ചുയരുകയും ആഗോള തലത്തില്‍ കടുത്ത ചിപ്പ് ക്ഷാമം നേരിടുകയും ചെയ്യുന്നതിനിടെയാണ് ഈ രംഗത്ത് ഇന്ത്യ മുന്നേറാനൊരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.

ഈ മേഖലയില്‍ ഇന്ത്യയില്‍ ആകെ 3,557 കമ്പനികളാണുള്ളത്. ഇതില്‍ ആകെ 281 ഫണ്ടഡ് കമ്പനികളാണ് ശ്രദ്ധേയമായ ഇക്വിറ്റി ഫണ്ടിങ് നേടിയിട്ടുള്ളത്. ട്രാക്സണിന്റെ കണക്കുകള്‍ പ്രകാരം 2026-ല്‍ മാത്രം ഇതുവരെ ഈ മേഖലയില്‍ 228 മില്യണ്‍ ഡോളറിന്റെ ഫണ്ടിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതുവരെ മൊത്തത്തില്‍ 213 മില്യണ്‍ ഡോളർ ഫണ്ടിങ് നേടിയ ടെസ്സോള്‍വ് സെമികണ്ടക്ടർ (Tessolve Semiconductor) ആണ് ഈ രംഗത്ത് മുന്നില്‍ നില്‍ക്കുന്നത്. 198 മിള്യണ്‍ ഡോളറുമായി ഐഎല്‍ജെഐഎൻ ഇലക്‌ട്രോണിക്‌സും (ILJIN Electronics), 129 ദശലക്ഷം ഡോളറുമായി വിവിഡിഎമ്മും (VVDN) തൊട്ടുപിന്നിലുണ്ട്. ഇലക്‌ട്രോണിക് മാനുഫാക്ചറിങ് സർവീസസ് ആണ് ഫണ്ടിങ്ങില്‍ ഈ മേഖലയെ നയിച്ചത്.

ബെംഗളൂരുവാണ് രാജ്യത്തെ പ്രധാന സെമികണ്ടക്ടർ ഹബ്. 3,557 കമ്പനികളില്‍ 626 എണ്ണവും ബെംഗളൂരുവിലാണുള്ളത്. ഇതുവരെ സമാഹരിച്ച മൊത്തം ഇക്വിറ്റി ഫണ്ടിങ്ങിന്റെ 40.1 ശതമാനവും ഇവിടുത്തെ കമ്പനികള്‍ക്കാണ്.

ഫണ്ടിങ് വിഹിതത്തിന്റെ കാര്യത്തില്‍ നോയിഡ (16.4%), ഗുരുഗ്രാം (10.7%), കൊച്ചി (8.8%), ഹൈദരാബാദ് (6.2%) എന്നിവയാണ് തൊട്ടുപിന്നില്‍.

തായ്‌വാൻ, ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ യു.എസ് എന്നീ രാജ്യങ്ങളാണ് സെമികണ്ടക്ടർ മേഖലയില്‍ ലോകത്ത് മുൻനിരയിലുള്ളത്. 2035-ഓടെ ആദ്യ നാല് സ്ഥാങ്ങളില്‍ ഒന്നിലെത്താൻ ലക്ഷ്യമിട്ടാണ് നിലവില്‍ ഇന്ത്യ മുന്നേറുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com