Dailyhunt
സിം ബൈൻഡിങ് സംവിധാനം പരീക്ഷിച്ച്‌ വാട്‌സാപ്പ്

സിം ബൈൻഡിങ് സംവിധാനം പരീക്ഷിച്ച്‌ വാട്‌സാപ്പ്

മുംബൈ: സിം കാർഡ് ഊരിയാല്‍ വാട്‌സാപ്പ് പ്രവർത്തനം നിർത്തുന്ന 'സിം ബൈൻഡിങ് സംവിധാനം' പരീക്ഷിച്ച്‌ മെസേജിങ് ആപ്പായ വാട്‌സാപ്പ്.

തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച്‌ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഇത് നടപ്പാക്കുന്നത്.

മാർച്ച്‌ ഒന്നുമുതല്‍ മെസേജിങ് ആപ്പുകള്‍ ഇതു നടപ്പാക്കണമെന്നാണ് സർക്കാർ നേരത്തേ നിർദേശിച്ചിരുന്നതെങ്കിലും പിന്നീട് ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം പരീക്ഷിച്ച്‌ പോരായ്മകള്‍ പരിഹരിക്കാനാണ് വാട്‌സാപ്പ് ലക്ഷ്യമിടുന്നത്.

ഈ സംവിധാനം ഉള്‍പ്പെടുത്തുന്ന ഫോണില്‍, വാട്‌സാപ്പില്‍ രജിസ്റ്റർചെയ്തിട്ടുള്ള സിം കാർഡ് വേരിഫൈ ചെയ്യാൻ ആവശ്യപ്പെട്ട് വാട്‌സാപ്പ് സന്ദേശം ലഭിച്ചുതുടങ്ങി.

പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി വാട്‌സാപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡ് ഫോണിലുണ്ടോ എന്ന് ഉറപ്പാക്കാൻ ആവശ്യപ്പെടുന്നതാണ് സന്ദേശം. വാട്‌സാപ്പ് മാത്രമല്ല, അറാട്ടൈ, ഷെയർചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളും സിം ലിങ്കിങ് നിയമം പാലിക്കുന്നതിനുള്ള ഫീച്ചർ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ രജിസ്റ്റർചെയ്യുമ്പോള്‍ സിം വേരിഫിക്കേഷൻ ആവശ്യപ്പെടാറുണ്ട്. തുടർന്ന് ഈ ആപ്പ് ഉപയോഗിക്കാൻ അതേ സിം ആവശ്യമില്ല.

രജിസ്റ്റർചെയ്ത സിം നീക്കിയാലും വാട്‌സാപ്പ് തുടർന്നും ഉപയോഗിക്കാനാകും. ഇതു മുതലാക്കി സിം ഉപേക്ഷിച്ച്‌ വൈഫൈ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ തട്ടിപ്പുകാരെ കണ്ടെത്തുക എളുപ്പമല്ല.

വിദേശത്തുനിന്നടക്കം ഇതു ദുരുപയോഗം ചെയ്യാനുള്ള സാധ്യത ശക്തമാണ്. ഇതേത്തുടർന്നാണ് സിം ഉണ്ടെങ്കില്‍മാത്രമേ ആപ്പ് പ്രവർത്തിക്കാവൂ എന്ന പുതിയ നിയന്ത്രണം ടെലികോം വകുപ്പ് നടപ്പാക്കുന്നത്.

യു.പി.ഐ., ബാങ്ക്, ക്രെഡിറ്റ് കാർഡ് പോലുള്ള ആപ്പുകള്‍ ഇതേ രീതിയിലുള്ളതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com