ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഈ സാമ്പത്തിക വർഷത്തിലെ വളർച്ചാ നിരക്കില്‍ കുറവുണ്ടാകുമെന്ന് പഠനം. ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസേർച്ച് സെന്റർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ വർഷം 7.6% വളർച്ച നേടിയിരുന്നിടത്ത് ഇത്തവണ 6.8% വളർച്ചയെ ഉണ്ടാകൂ എന്നാണ് നിരീക്ഷണം.
പശ്ചിമേഷ്യൻ പ്രതിസന്ധി, രൂപയുടെ തകർച്ച, എല്‍ നിനോയുടെ ആഘാതം എന്നിവയാണ് ഇന്ത്യയുടെ വളർച്ച കുറയാനുള്ള കാരണമായി പറയുന്നത്. നേരത്തെ റിസർവ് ബാങ്കും ഇന്ത്യയുടെ വളർച്ച കുറയുമെന്ന് നിരീക്ഷിച്ചിരുന്നു. 6.6% മുതല്‍ 6.7% വരെയാണ് ആർബിഐ വളർച്ച പ്രവചിച്ചിരുന്നത്.
2026 മെയ് മാസത്തില്‍ ബാരലിന് 95 ഡോളറായിരുന്ന ശരാശരി ക്രൂഡ് ഓയില്‍ വില 2027 സാമ്പത്തിക വർഷത്തില്‍ ബാരലിന് 85 ഡോളറാകുമെന്നും ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസേർച്ച് അറിയിച്ചു. 2027 സാമ്പത്തിക വർഷത്തില്‍ രൂപ-ഡോളർ വിനിമയ നിരക്ക് ശരാശരി ₹93.98 ആയിരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ജൂലൈ മാസത്തില്‍ റഷ്യയില്‍ നിന്നുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവായി ഇന്ത്യ മാറി. ഇന്ത്യ വാങ്ങിയ മൊത്തം ഹൈഡ്രോകാർബണുകളുടെ 87 ശതമാനവും അസംസ്‌കൃത എണ്ണയായിരുന്നു. കല്‍ക്കരി, മറ്റ് എണ്ണ ഉല്‍പന്നങ്ങള്‍ എന്നിവയാണ് ബാക്കി ഭാഗം.
റഷ്യൻ ക്രൂഡ് ഓയില്‍ ഉപയോഗിച്ച് എണ്ണ ഉല്‍പന്നങ്ങള്‍ നിർമ്മിക്കുന്ന കമ്പനികള്‍ക്ക് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ റിഫൈനറികള്‍ ജൂലൈ മാസത്തില്‍ 633 മില്യണ്‍ യൂറോയുടെ എണ്ണ ഉല്‍പന്നങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയുടെ ശുദ്ധീകരണ ശേഷിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

