സാൻഫ്രാൻസിസ്കോ: ഉപയോക്താക്കള്‍ക്കു കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ കോളിംഗ് സേവനങ്ങള്‍ ലഭ്യമാക്കാൻ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്‌ആപ്പ്.
മൊബൈല്‍, ഡെസ്ക് ടോപ്പ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെതന്നെ ഗൂഗിള്‍ ക്രോം പോലുള്ള വെബ് ബ്രൗസറുകളിലൂടെ നേരിട്ട് വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യാനുള്ള വെബ് കോളിംഗ് സൗകര്യമാണ് ഇതില്‍ പ്രധാനം.
രണ്ടു വ്യക്തികള്‍ തമ്മില്‍ കോള്‍ ചെയ്യുന്നതിനും ഗ്രൂപ്പ് കോളുകള്‍ക്കും ഒരുപോലെ വെബ് കോളിംഗ് പിന്തുണ ലഭ്യമാണ്. ഇതിനൊപ്പം സ്ക്രീൻ ഷെയറിംഗ്, റിയാക‌്ഷനുകള്‍, പ്രത്യേക കോള്‍ ഹിസ്റ്ററി ടാബ് എന്നിവയും വെബ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡെസ്ക് ടോപ്പ് ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യാൻ അനുമതിയില്ലാത്ത ഔദ്യോഗിക ലാപ്ടോപ്പുകള്‍ ഉപയോഗിക്കുന്നവർക്കും പഠനാവശ്യങ്ങള്‍ക്ക് കംപ്യൂട്ടർ ഉപയോഗിക്കുന്ന വിദ്യാർഥികള്‍ക്കും ഈ സൗകര്യം ഏറെ പ്രയോജനപ്പെടും.
നിലവിലുള്ള ഗ്രൂപ്പ് കോളുകള്‍ ഡിസ്കണക്‌ട് ചെയ്യാതെതന്നെ ഫോണില്‍നിന്ന് ലാപ്ടോപ്പിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ തത്സമയം മാറ്റാൻ സഹായിക്കുന്ന കോള്‍ ട്രാൻസ്ഫർ ഫീച്ചറും പുതിയ മാറ്റങ്ങളില്‍ ഒന്നാണ്. കൂടാതെ, അനുമതിയില്ലാതെ ആളുകള്‍ ഗ്രൂപ്പ് കോളുകളില്‍ കയറുന്നത് തടയാൻ ഹോസ്റ്റിനു സാധിക്കുന്ന വെയ്റ്റിംഗ് റൂം, പശ്ചാത്തല ശബ്ദങ്ങള്‍ ഒഴിവാക്കി വ്യക്തമായ ശബ്ദസന്ദേശം ഉറപ്പാക്കുന്ന നോയ്ക് സപ്രഷൻ എന്നിവയും വാട്സ് ആപ്പ് ഒരുക്കിയിട്ടുണ്ട്.
മെറ്റ സിഇഒ മാർക്ക് സക്കർബർഗും വാട്സ് ആപ്പ് മേധാവി കുനാല്‍ ഷായും പങ്കുവച്ച പോസ്റ്റുകളിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. സൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ പ്രഫഷണല്‍ മീറ്റിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് വെല്ലുവിളിയാകുന്ന ഈ ഫീച്ചറുകളെല്ലാം പൂർണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡും സൗജന്യവുമാണെന്ന് കമ്പനി വ്യക്തമാക്കി.

