Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 200 രൂപയോളം കുറച്ചു

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 200 രൂപയോളം കുറച്ചു

മുംബൈ: രാജ്യത്തെ പാചക വാതക വിലയില്‍ ആശ്വാസം. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിണ്ടറിന്റെ വില 200 രൂപയോളം കുറച്ചു.

കേരളത്തില്‍ 197.50 രൂപ കുറഞ്ഞ് 2774 രൂപയായി. കൊല്‍ക്കത്തയില്‍ 209 രൂപയും ഡല്‍ഹിയില്‍ 202 രൂപയും കുറച്ചു.
എന്നാല്‍ ഗാർഹിക ആവശ്യത്തിനു ഉപയോഗിക്കുന്ന 14.2 കിലോ ഭാരമുള്ള സിലിണ്ടർ വിലയില്‍ മാറ്റമില്ല. കേരളത്തിലെ വില 951 രൂപയില്‍ തുടരും. ജൂണില്‍ ഗാർഹിക സിലിണ്ടറിന്റെ വില 29 രൂപ വർധിപ്പിച്ചിരുന്നു.

യുഎസ്-ഇറാൻ യുദ്ധത്തോടെ പ്രവർത്തന ചെലവ് കുത്തനെ ഉയർന്ന ഹോട്ടല്‍, റെസ്റ്ററന്റ്, കാറ്ററിങ് മേഖലയ്ക്ക് ആശ്വാസമേകുന്ന നടപടിയാണിത്. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടർ വില 180 രൂപയോളം കുറച്ചിരുന്നു. എന്നാല്‍ വില യുദ്ധത്തിനു മുൻപുള്ളതിനേക്കാള്‍ ഇപ്പോഴും ഉയർന്നാണ് നില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എല്‍പിജി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഭൂരിഭാഗവും വാങ്ങിയിരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളില്‍ നിന്നും. ഇറാൻ യുദ്ധത്തോടെ ഹോർമുസ് വഴിയുള്ള കപ്പല്‍ നീക്കം നിലച്ചതു ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി.

വാണിജ്യ സിലിണ്ടറുകള്‍ക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയും ബുക്കിങ് കാലാവധി വർധിപ്പിച്ചുമാണ് രാജ്യം ഇതിനെ നേരിട്ടത്. നിലവില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഭാഗികമായി പിൻവലിച്ചിട്ടുണ്ട്.

ഇറാനും യുഎസും തമ്മില്‍ വീണ്ടും സംഘർഷം തുടങ്ങിയതും ഹോർമുസില്‍ തടസം നേരിട്ടതും കണക്കിലെടുത്ത് പുതിയ തന്ത്രങ്ങളിലേക്ക് കടക്കുകയാണ് ഇന്ത്യ. പശ്ചിമേഷ്യയ്ക്കു പുറമെ മറ്റ് വിപണികളില്‍ നിന്നും ക്രൂഡോയിലും പാചക വാതകവും വാങ്ങാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി കഴിഞ്ഞു. നിലവില്‍ രാജ്യത്ത് ആവശ്യത്തിനുള്ള എണ്ണ, എല്‍പിജി സ്റ്റോക്കുണ്ട്.

പൈപ്പ് ലൈൻ വഴിയുള്ള പാചക വാതക വിതരണം വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഭൂമിക്കടിയില്‍ ക്രൂഡോയില്‍ ശേഖരം സൂക്ഷിക്കുന്നതു പോലെ പാചക വാതക ശേഖരം ഒരുക്കാനും സർക്കാർ എണ്ണക്കമ്പനികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

യുഎസില്‍ നിന്ന് വരും
പശ്ചിമേഷ്യൻ രാജ്യങ്ങളെ ആശ്രയിക്കുന്നതു കുറച്ച്‌ 2027ല്‍ യുഎസില്‍ നിന്ന് കൂടുതല്‍ എല്‍പിജി വാങ്ങാനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ടെന്നാണ് വിവരം. ആകെ ആവശ്യമായി വരുന്നതിന്റെ നാലിലൊന്നു പാചക വാതകമെങ്കിലും യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് നീക്കം.

നിലവില്‍ യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ സ്പോട്ട് വിപണികളില്‍ നിന്ന് ഇന്ത്യ എല്‍പിജി വാങ്ങുന്നുണ്ട്. ഇതിനു പുറമെ ദീർഘകാല കരാർ പ്രകാരം വാങ്ങാനും പദ്ധതിയുണ്ട്. ജൂണില്‍ 10 ലക്ഷം ടണ്‍ എല്‍പിജിയാണ് യുഎസില്‍ നിന്ന് വാങ്ങിയത്. അടുത്ത മാസങ്ങളില്‍ ഇത് വർധിക്കാൻ സാധ്യതയുണ്ടെന്നും വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com