Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിപണിമൂല്യത്തില്‍ വിപ്രോയേയും ടെക് മഹീന്ദ്രയേയും മറികടന്ന് മൂണ്‍ഷോട്ട് AI

വിപണിമൂല്യത്തില്‍ വിപ്രോയേയും ടെക് മഹീന്ദ്രയേയും മറികടന്ന് മൂണ്‍ഷോട്ട് AI

ബെംഗളൂരു: 35 ബില്ല്യണ്‍ (3500 കോടി) ഡോളറിലേക്ക് കുതിച്ചുയർന്ന് ചൈനയുടെ മൂണ്‍ഷോട്ട് എഐയുടെ വിപണിമൂല്യം. ഏറ്റവും പുതിയ ഫണ്ടിങ് റൗണ്ടില്‍ 3.5 ബില്ല്യണ്‍ ഡോളർ നേടിയശേഷമാണിത്.

ഇതോടെ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന ഇന്ത്യയിലെ പല പ്രമുഖ ഐടി കമ്പനികളെയുണ് വെറും മൂന്ന് വർഷംകൊണ്ട് വിപണി മൂല്യത്തില്‍ മൂണ്‍ഷോട്ട് മറികടന്നിട്ടുള്ളത്. വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവയെ കമ്പനി മറികടന്നു. ആന്ത്രോപിക്കിനും ഓപ്പണ്‍എഐയ്ക്കുമടക്കം വെല്ലുവിളി ഉയർത്തിയ കിമി K3 AI മോഡലിന് പിന്നിലെ സ്റ്റാർട്ടപ്പാണിത്.

2023-ല്‍ ബെയ്ജിങ്ങിലാണ് മൂണ്‍ഷോട്ട് എഐ സ്ഥാപിതമായത്. അടുത്തിടെയാണ് അവർ കിമി കെ3 എഐ മോഡല്‍ പുറത്തിറക്കുന്നത്. കാര്യക്ഷമതയില്‍ ലോകത്തെ തന്നെ മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ ക്ലോഡ് ഫേബിളിനൊപ്പം നില്‍ക്കാൻ കിമി കെ3യ്ക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യു.എസ് എഐ കമ്പനികള്‍ക്ക് വെല്ലുവിളി ഉയർത്താൻ കഴിവുള്ള എഐ മോഡലുകള്‍ പുറത്തിറക്കി ശ്രദ്ധ നേടിയതോടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പല ടെക് കമ്പനികളേക്കാളും മൂല്യം കണക്കാക്കപ്പെടുന്ന സ്റ്റാർട്ടപ്പായി മൂണ്‍ഷോട്ട് മാറുന്നത്.

വിപ്രോയുടെ വിപണി മൂല്യം ഏകദേശം 19.7 ബില്ല്യണ്‍ ഡോളറും ടെക് മഹീന്ദ്രയുടെ മൂല്യം 17.2 ബില്ല്യണ്‍ ഡോളറുമാണ് എന്നകാര്യം ഓർക്കണം. വിപ്രോയും ടെക് മഹീന്ദ്രയും പതിറ്റാണ്ടുകളായി ഐടി സേവനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, മൂണ്‍ഷോട്ടിന് മൂന്ന് വർഷം കൊണ്ട് വിപണി മൂല്യത്തിന്റെ കാര്യത്തില്‍ അവയെ മറികടക്കാനായി.

എഐ സ്റ്റാർട്ടപ്പുകള്‍ ഇന്ത്യൻ ഐടി കമ്പനികളുടെ വിപണി മൂല്യം മറികടക്കുന്ന സംഭവം ആദ്യത്തേതല്ല. OpenAI, Anthropic എന്നിവയ്ക്ക് ടാറ്റാ കണ്‍സള്‍ട്ടൻസി സർവീസസ് (TCS), ഇൻഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര എന്നിവയെല്ലാം ഒന്നിക്കുന്നതിനെക്കാള്‍ കൂടുതല്‍ മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നു.

മൂണ്‍ഷോട്ട് എഐ
യു.എസ് എഐ കമ്പനികളില്‍നിന്ന് വ്യത്യസ്തമായി മൂണ്‍ഷോട്ട് എഐ ഓപ്പണ്‍-വെയിറ്റ് AI മോഡലുകളാണ് നിർമ്മിക്കുന്നത്. Claude Fable അല്ലെങ്കില്‍ GPT-5.6 പോലുള്ള മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഓപ്പണ്‍-വെയിറ്റ് മോഡലുകള്‍ക്ക് ഉപയോക്താവിന്റെ ഡിവൈസില്‍ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ കഴിയും.

കിമി K3 പോലുള്ള മോഡലുകള്‍ യുഎസ് കമ്പനികളുടെ മുൻനിര എഐ മോഡലുകളേക്കാള്‍ കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാൻ കഴിയും.

കിമി K3 പുറത്തിറങ്ങിയതു മുതല്‍ മൂണ്‍ഷോട്ട് എഐയുടെ പ്രതിദിന വില്‍പ്പന ആറ് മടങ്ങ് വർധിച്ചതായാണ് റിപ്പോർട്ടുകള്‍. അതിനിടെ, കമ്പനിയുടെ വളർച്ച അമേരിക്ക-ചൈന സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവായും മാറിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com