ന്യൂഡല്‍ഹി: രാജ്യത്ത് നിർമാണത്തിലിരിക്കുന്ന വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ മൂന്നിലൊന്നും പൂർത്തീകരണത്തിലേക്ക് കടക്കുമ്പോള്‍, ചെലവ് അധികരിക്കുന്ന (Cost Overrun) പ്രവണതയേറുന്നത് കേന്ദ്ര സർക്കാരിന് വൻ തലവേദനയാകുന്നു.
2026 ജൂണ്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടില്‍, വൻകിട പദ്ധതികളുടെ ആകെ ചെലവില്‍ 4.92 ലക്ഷം കോടി രൂപയുടെ വർധന രേഖപ്പെടുത്തി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമേന്റേഷൻ മന്ത്രാലയം (MoSPI) എല്ലാ മാസവും പുറത്തിറക്കുന്ന ഔദ്യോഗിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
പൈമാന റിപ്പോർട്ട്: പ്രധാന വിവരങ്ങള്‍
കേന്ദ്ര സർക്കാരിന് കീഴിലുള്ള പൈമാന (PAIMANA - Project Assessment, Infrastructure Monitoring and Analytics for Nation-Building) പോർട്ടല്‍ വഴി 150 കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള 1,847 അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് നിലവില്‍ നിരീക്ഷിക്കുന്നത്.
ഈ പദ്ധതികളുടെ തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്ന ആകെ ചെലവ് 35.62 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോഴിത് 40.54 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതായത് പദ്ധതികള്‍ക്ക് ആദ്യം കണക്കാക്കിയ ചെലവില്‍ നിന്നും ഏകദേശം 14 ശതമാനം വർധനയുണ്ടായെന്ന് സാരം.
അതേസമയം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി ഇതിനകം 21.97 ലക്ഷം കോടി രൂപ ചെലവഴിച്ചു. പുതുക്കിയ മൊത്തം ബജറ്റിന്റെ 54 ശതമാനം. ആകെ പദ്ധതികളില്‍ 709 എണ്ണം (39%) നിർമ്മാണത്തിന്റെ 80 ശതമാനത്തിലധികം പൂർത്തിയാക്കിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്.
റോഡുകളും റെയില്‍വേയും മുന്നില്‍
രാജ്യത്ത് നിർമാണം പുരോഗമിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ സിംഹഭാഗവും ഗതാഗത മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. റോഡുകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ഗതാഗത മേഖലയില്‍ (Transport & Logistics) നിന്നുള്ള 1,341 പദ്ധതികള്‍ക്കായി 22.32 ലക്ഷം കോടി രൂപ മാറ്റിവെച്ചിരിക്കുന്നു (ആകെ ബജറ്റിന്റെ 55%).
വൈദ്യുത ഉല്‍പ്പാദനം, എണ്ണ, ഗ്യാസ്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട ഊർജ്ജ മേഖലയില്‍ (Energy) നിന്നുളള 207 പദ്ധതികള്‍ക്കായി 10.38 ലക്ഷം കോടി രൂപ നീക്കിവെച്ചിരിക്കുന്നു (മൊത്തം ബജറ്റിന്റെ 26%). കമ്മ്യൂണിക്കേഷൻ (15 പദ്ധതികള്‍ - 2.64 ലക്ഷം കോടി രൂപ), ജലവിഭവ ശുചിത്വം (56 പദ്ധതികള്‍ - 2.08 ലക്ഷം കോടി രൂപ) എന്നിവയാണ് ബാക്കി മേഖലകള്‍.
മന്ത്രാലയങ്ങളുടെ പങ്കാളിത്തം
ഏറ്റവും കൂടുതല്‍ പദ്ധതികള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയമാണ് - 9.89 ലക്ഷം കോടി രൂപയുടെ 1,022 പദ്ധതികള്‍. തൊട്ടുപിന്നാലെയുള്ള റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ 8.69 ലക്ഷം കോടി രൂപയുടെ 255 പദ്ധതികളും കല്‍ക്കരി മന്ത്രാലയത്തിന് കീഴിലായി 2.22 ലക്ഷം കോടി രൂപയുടെ 121 പദ്ധതികളുടെ നിർമാണവും നടക്കുന്നു.
പൈമാന പോർട്ടല്‍ വഴി ആകെ നിരീക്ഷിക്കുന്ന 1,847 പദ്ധതികളില്‍ 769 എണ്ണവും മെഗാ പ്രൊജക്ടുകളാണ് (1,000 കോടി രൂപയ്ക്ക് മുകളില്‍ ചെലവ് വരുന്നവ). തടസ്സങ്ങള്‍ കാലേകൂട്ടി കണ്ടെത്തി പരിഹരിക്കുന്നതിനായി 17 കേന്ദ്ര മന്ത്രാലയങ്ങളുടെ ഏകോപനത്തോടെയാണ് പൈമാന വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത്.

