Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ബോര്‍ഡ്-കോര്‍പ്പറേഷൻ സ്ഥാനവിഭജനം: കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു; മുഖ്യമന്ത്രിക്കെതിരെ അതൃപ്തി

Login Kerala 3 days ago

തിരുവനന്തപുരം:ബോർഡ്-കോർപ്പറേഷൻ സ്ഥാനവിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്.

സ്ഥാനവിഭജനത്തില്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന ആക്ഷേപമാണ് പാർട്ടിയില്‍ പുതിയ ചേരികള്‍ രൂപപ്പെടാൻ കാരണമാകുന്നത്. നാലുമാസം പിന്നിട്ടിട്ടും നിയമനങ്ങള്‍ പൂർത്തിയാകാത്തതും മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന വിമർശനവും പാർട്ടിക്കുള്ളില്‍ അതൃപ്തി ശക്തമാക്കുന്നു.

പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ സമീപദിവസങ്ങളില്‍ ചില യുവനേതാക്കള്‍ നടത്തുന്ന പരസ്യപ്രതികരണങ്ങള്‍ ആസൂത്രിതമാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. വരും ദിവസങ്ങളിലും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളില്‍ കൃത്യമായ കൂടിയാലോചനകള്‍ ഉണ്ടായില്ലെങ്കില്‍ മുതിർന്ന നേതാക്കള്‍ തന്നെ പരസ്യമായി രംഗത്തെത്തിയേക്കുമെന്നാണ് സൂചന.

അതിനിടെ, മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എം.പിക്കെതിരെ മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. ഒരാള്‍ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ആരെങ്കിലും ഉണ്ടാകാമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. വിഷയത്തില്‍ പാർട്ടിയുടെ ദേശീയ നേതൃത്വം ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരനെ പുറത്താക്കിയതുപോലെ തന്നെയും മാറ്റാൻ നീക്കം നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി അടൂർ പ്രകാശ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സ്ഥാനവിഭജനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും നേതാക്കളുടെ പരസ്യപ്രതികരണങ്ങളും കോണ്‍ഗ്രസിനുള്ളിലെ അസ്വാരസ്യങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. വരും ദിവസങ്ങളില്‍ ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെടുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

വാർത്തയിലെ വസ്തുതാപരമായ വൈരുദ്ധ്യങ്ങള്‍ തിരുത്തുക

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala