ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.
വിജിലൻസ് എഫ്‌ഐആർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. എന്നാല്‍ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇതോടെ ഹർജി ഇന്ന് പരിഗണിക്കില്ലെന്നാണ് സൂചന.
മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാൻ അനുമതി തേടിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയെ സമീപിച്ചത്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രതികളുടെ വാദം കേള്‍ക്കേണ്ടതില്ലെന്നും അതിനാല്‍ നിയമപരമായ അവകാശങ്ങളുടെ ലംഘനം സംഭവിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകളുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
