ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു.
രാജിക്കത്ത് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുനല്‍കി. സിജെപിയും കേന്ദ്ര സർക്കാരും തമ്മിലുള്ള നിർണായകമായ മൂന്നാം വട്ട ചർച്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് എക്സ് ഹാൻഡിലിലൂടെ അദ്ദേഹം രാജി വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഡല്‍ഹിയിലെ ജന്തർമന്തറില്‍ ഒരു മാസത്തിലേറെയായി സമരം നടത്തിവരുന്ന പ്രതിഷേധക്കാരുടെ ഏറ്റവും പ്രധാന ആവശ്യമായിരുന്നു പ്രധാന്‍റെ രാജി. സർക്കാർ ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കാൻ തയാറാകാതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് ശനിയാഴ്ച രാവിലെ സിജെപി വ്യക്തമാക്കുകയും ചെയ്തിരുന്നു.
മന്ത്രി രാജി വെച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ആവശ്യങ്ങളില്‍ നിന്ന് ഒരടി പോലും പിന്നോക്കമില്ലെന്നും സമരക്കാർ കർശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപുറമേ നാളെ വൈകുന്നേരം ആറിന് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ചും 24 മണിക്കൂറിനുള്ളില്‍ പാർലമെന്‍റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി പ്രഖ്യാപിച്ചിരുന്നു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. അവസാന നിമിഷവും ധർമ്മേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റാൻ സർക്കാർ ആലോചിച്ചിരുന്നെങ്കിലും പ്രധാൻ പുറത്തുപോകാതെ പിന്നോട്ട് പോകില്ലെന്ന് സമരക്കാരും നിലപാടെടുത്തതോടെ സർക്കാരിന് ഒടുവില്‍ വഴങ്ങേണ്ടി വരികയായിരുന്നു.
