ബോസ്റ്റണ്‍: ഫിഫ ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നോർവെയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് I ജേതാക്കളായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി.
സൂപ്പർ താരം ഉസ്മാൻ ഡെംബെലെയുടെ തകർപ്പൻ ആദ്യ പകുതി ഹാട്രിക്കാണ് ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഫ്രാൻസിന് വമ്പൻ വിജയം സമ്മാനിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് നേടുന്ന അപൂർവ്വം താരങ്ങളുടെ പട്ടികയിലേക്കും ഇതോടെ ഡെംബെലെ ഇടംപിടിച്ചു.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഫ്രഞ്ച് പട കളം നിറഞ്ഞു കളിച്ചു. കളി തുടങ്ങി 25-ാം സെക്കൻഡില്‍ തന്നെ നായകൻ കിളിയൻ എംബാപ്പെയുടെ ഒരു ഷോട്ട് നോർവെ പോസ്റ്റിന്റെ ക്രോസ്ബാറില്‍ തട്ടി തെറിച്ചു. എന്നാല്‍ ഏഴാം മിനിറ്റില്‍ തന്നെ ഫ്രാൻസ് ആദ്യ ഗോള്‍ നേടി. ഉസ്മാൻ ഡെംബെലെയുടെ ക്ലോസ് റേഞ്ച് ഫിനിഷാണ് നോർവെ വല കുലുക്കിയത്. തുടർന്ന് 20-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്നുള്ള മനോഹരമായൊരു ലോങ് റേഞ്ചറിലൂടെ ഡെംബെലെ ലീഡ് രണ്ടാക്കി ഉയർത്തി.
തൊട്ടടുത്ത മിനിറ്റില്‍ തിയോ അസ്ഗാർഡിലൂടെ ഒരു ഗോള്‍ മടക്കി നോർവെ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും 32-ാം മിനിറ്റില്‍ നോർവെ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഡെംബെലെ തൻ്റെ ഹാട്രിക് തികച്ചതോടെ ഫ്രാൻസ് മത്സരത്തില്‍ പൂർണ്ണ ആധിപത്യം ഉറപ്പിച്ചു. സൂപ്പർ താരം എർലിംഗ് ഹാലണ്ടിന് നോർവെ വിശ്രമം അനുവദിച്ചതിനാല്‍ ആരാധകർ കാത്തിരുന്ന എംബാപ്പെ-ഹാലണ്ട് പോരാട്ടം മത്സരത്തില്‍ കാണാനായില്ല.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാൻ നോർവെയ്ക്ക് സുവർണ്ണാവസരം ലഭിച്ചതാണ്.
49-ാം മിനിറ്റില്‍ ഓസ്കർ ബോബ്ബിനെ ബോക്സില്‍ വീഴ്ത്തിയതിന് നോർവെയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും, സ്‌ട്രൈക്കർ ജോർഗൻ സ്ട്രാൻഡ് ലാർസൻ എടുത്ത കിക്ക് ഫ്രഞ്ച് ഗോള്‍കീപ്പർ മൈക്ക് മൈനാൻ മനോഹരമായി തടുത്തു. ഒടുവില്‍ കളി അവസാനിക്കാൻ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ (90+4′ മിനിറ്റ്) യുവതാരം ഡെസിറെ ഡൂയെയുടെ ഹെഡ്ഡർ ഗോളിലൂടെ ഫ്രാൻസ് തങ്ങളുടെ വിജയപ്പട്ടിക പൂർത്തിയാക്കി.
ഈ വിജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് 9 പോയിന്റോടെയാണ് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി നോർവെയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
