പ്രാർത്ഥനകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ ചരിത്രപ്രസിദ്ധമായ പാറേല്‍ മർത്ത്‌മറിയം അമലോത്ഭവ തീർത്ഥാടന കേന്ദ്രം ഇനി മൈനർ ബസിലിക്കയായി അറിയപ്പെടും.
പാറേല്‍ പള്ളിയുടെ പേര് ഇനി മർത്തമറിയം ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷൻ ഷ്റൈൻ ബസിലിക്ക എന്നറിയപ്പെടും. ആഗോള കത്തോലിക്കാ സഭയുടെ തലവൻ ലെയോ പതിനാലാമൻ മാർപാപ്പ നല്‍കിയ പ്രത്യേക അധികാരം ഉപയോഗിച്ച്, പൗരസ്ത‌്യ സഭകളുടെ കാര്യാലയത്തിൻ്റെ സമ്മതത്തോടെ ദൈവാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയു ള്ള കാര്യാലയം പാറേല്‍ പള്ളിയെ മൈനർ ബസിലിക്കയായി ഉയർത്തിയ വിവരം ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍ ദേവാലയ കൂദാശകർമങ്ങളുടെ സമാപനവേളയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു. പ്രഖ്യാപനം പൂർത്തിയായ നിമിഷം, ഈ അപൂർവ ചരിത്രമുഹൂർത്തത്തിന് സാക്ഷികളായ ആയിരക്കണക്കിനു വിശ്വാസികള്‍ ഹർഷാരവങ്ങളോടും കരഘോഷത്തോടും കൂടിയാണ് പ്രഖ്യാപനത്തെ വരവേറ്റത്. പടക്കം പൊട്ടിച്ചും പള്ളിമണി മുഴക്കിയും വിശ്വാസീസമൂഹം തങ്ങളുടെ ആഹ്ലാദവും നന്ദിയും പ്രകാശിപ്പിച്ചു. പാറേല്‍ പള്ളിക്ക് ആഗോള സഭയുടെ അംഗീകാരമായ ബസിലിക്ക പദവി ലഭിച്ചതോടെ അതിരൂപതയിലെ ബസിലിക്കകളുടെ എണ്ണം രണ്ടും കേരളത്തില്‍ 13 ആയി ഉയര്‍ന്നു.
ഏറ്റവും മനോഹരിയായ പരിശുദ്ധ അമ്മയുടെ നാമധേയത്തില്‍ ഏറ്റവും മനോഹരമായ ദേവാലയം വേണമെന്ന വിശ്വാസ സമൂഹത്തിന്റെ തീവ്രമായ ആഗ്രഹപൂർത്തീകരണമാണ് പാറേല്‍ മർത്ത് മറിയം ബസിലിക്കയെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍ പറഞ്ഞു. ആർച്ച്‌ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം പാറേല്‍ മരിയൻ തീർഥാടന കേന്ദ്രത്തിന്റെ ബലിപീഠം കൂദാശ ചെയ്‌ത് ആദ്യ ദിവ്യബലി അർപ്പണത്തിനു മുഖ്യകാർമികത്വം വഹിച്ചു. മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കി. നിരവധി മെത്രാന്മാരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ അതിരിടുന്ന 18 ഫൊറോനകളിലെ ഇരുനൂറ്റമ്പതോളം ഇടവകകള്‍, സന്യാസഭവനങ്ങള്‍, നിരവധിയായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വൈദികർ, സന്യസ്‌തർ, അല്‍മായര്‍ തുടങ്ങി ആയിരങ്ങളാണ് ശുശ്രൂഷകളില്‍ പങ്കുകൊള്ളാൻ ഇന്നലെ പാറേല്‍ പള്ളിയിലേക്ക് ഒഴുകിയെത്തിയത്.

