ഡല്‍ഹിയില്‍ നടക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമെന്ന് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.
നീറ്റ് പരീക്ഷയുടെ സുതാര്യതയില്ലായ്മയും , സി.ബി.എസ്.ഇ, ഉന്നത വിദ്യാഭ്യാസ മേഖലയുടെ കൊടുകാര്യസ്ഥതയും തുടരെ തുടരെ വാർത്തയാകുമ്പോള്‍ അതിനെ നിസംഗതയോടെ സമീപിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പിന്തുണക്കുക പ്രയാസമാണ് . ഇപ്പോള്‍ ഇന്ത്യയുടെ യുവതി യുവാക്കള്‍ ഗതികെട്ട് തങ്ങളുടെ പ്രതിക്ഷേധം സമാധാനപരമായി അറിയിക്കുവാൻ ശ്രമിക്കുമ്പോള്‍ അതിനെ ഒരു രാജ്യദ്രോഹ കലാപമായി മാറ്റുവാൻ നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നു . ശരിയായ വിദ്യാഭ്യാസം ഓരോ പൗരൻെയും അവകാശമാണ് , ഔദാര്യമല്ല . ഇന്ത്യയുടെ തലമുറയെ , ഭാവി വാഗ്ദാനങ്ങളെ ശത്രുക്കളെ പോലെ കാണുന്ന സർക്കാർ നയം അംഗീകരിക്കുവാൻ കഴിയുന്നതല്ല . ചർച്ചയും സമവായവും ആണ് ജനാധിപത്യത്തില്‍ അവലംബിക്കേണ്ട നയം . അടിച്ചമർത്തല്‍ അല്ല . ഇന്നലെ ഡല്‍ഹിയില്‍ നടന്നത് മനുഷ്യത്വ രഹിതമായ നടപടിയാണ് . സമരത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളോട് ഉള്ള പോലീസിന്റെ പെരുമാറ്റം ആ സേനക്ക് തന്നെ അപമാനമാണ് . രാഷ്രിയ കക്ഷിഭേദമന്യേ ഇത് ഇന്ത്യയുടെ പൊതുവികാരമായി ഉള്‍ക്കൊണ്ട് കെടുകാര്യസ്ഥതക്ക് എതിരായ പോരാട്ടത്തില്‍ പിന്തുണ നല്‍കുവാൻ പൊതുസമൂഹവും തയാറാകണം . പ്രതിഷേധ ശബ്ദങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല . വിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതിക്ക് എതിരായി പോരാട്ടം നടക്കുന്ന ഇന്ത്യയുടെ യുവതലമുറക്ക് ഉള്ള പിൻതുണ അറിയിക്കുന്നു.

