കൊച്ചി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ തുടർച്ചയായി ഉണ്ടാകുന്ന ക്രമക്കേടുകളിലും, ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാർത്ഥികള്‍ക്കു നേരെ നടന്ന പോലീസ് അതിക്രമത്തിലും കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
എൻ.ടി.എ നടത്തുന്ന നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകള്‍ രാജ്യത്തെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ അധ്വാനത്തെയും പ്രതീക്ഷകളെയുമാണ് തച്ചുടയ്ക്കുന്നത്.
ഇത്തരം ഗുരുതരമായ വീഴ്ചകള്‍ക്ക് അധികാരികള്‍ വ്യക്തമായ മറുപടി നല്‍കിയേ മതിയാകൂ. അവകാശ സംരക്ഷണത്തിനായി ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധികാരത്തിന്റെ ധാർഷ്ട്യം കൊണ്ട് നേരിടുന്ന സമീപനം അംഗീകരിക്കാനാവില്ല. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ ജനപ്രതിനിധികളെപ്പോലും തെരുവില്‍ കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് ഡല്‍ഹി പോലീസ് എത്തിച്ചേർന്നത് ഏറെ അപലപനീയമാണെന്നു സംഘടന പ്രസ്താവിച്ചു.
സംസ്ഥാനങ്ങളുടെ അധികാരപരിധിയെ മറികടക്കുന്ന പുതിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളും, സാർവത്രിക സമത്വം ഇല്ലാതാക്കുന്ന യു.ജി.സി നിർദ്ദേശങ്ങളും വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണ്.വിയോജിപ്പുകളെ അടിച്ചമർത്തുന്നതിന് പകരം ചെറുപ്പക്കാരുടെ ആകുലതകള്‍ കണ്ടറിയുകയാണ് ഒരു ഭരണകൂടം ചെയ്യേണ്ടത്. ദേശീയ പരീക്ഷകളുടെ സുതാര്യത പുനഃസ്ഥാപിക്കാനും, ക്രമക്കേടുകള്‍ തിരുത്തി വിദ്യാഭ്യാസ മേഖലയുടെ നിഷ്പക്ഷത ഉറപ്പാക്കാനും അടിയന്തര ഇടപെടല്‍ ഉണ്ടാകണം. പ്രതിഷേധിക്കുന്നവരുടെ ശബ്ദമടക്കുകയല്ല, മറിച്ച് അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്.
പരീക്ഷകളില്‍ സുതാര്യത ഉറപ്പാക്കാനും വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തിരികെ പിടിക്കാനും കേന്ദ്രസർക്കാർ ഉടൻ ഇടപെടണം. ആക്രമിക്കപ്പെട്ട വിദ്യാർത്ഥികള്‍ക്കും ജനപ്രതിനിധികള്‍ക്കും നീതി ലഭിക്കുന്നതിനായി ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന സമിതി അറിയിച്ചു. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡൻറ് പോള്‍ ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറിൻ കെ. ആർ, സംസ്ഥാന ഭാരവാഹികളായ സി. മെല്‍ന ഡിക്കോത്ത, അക്ഷയ് അലക്സ്, വിമിൻ വിൻസൻറ്, അലീന ജോർജ്, അനീഷ് എല്‍. എസ്. എന്നിവർ സംസാരിച്ചു.

