കിഴക്കൻ ജെറുസലേമില്‍ ഫ്രഞ്ച് കത്തോലിക്ക കന്യാസ്ത്രീയെ വംശീയമായി ആക്രമിച്ചതിനെ അപലപിച്ച് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് ബിഷപ്പ് വില്യം ഷോമാലി.
പ്രായമായ സന്യാസിനിയ്ക്കു തലയ്ക്ക് പരിക്കേല്‍പ്പിച്ച സംഭവത്തെ ഗുരുതരവും നിന്ദ്യവുമായ കുറ്റകൃത്യമെന്നു പാപ്പ വിശേഷിപ്പിച്ചു. വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട് വർദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ നിർണ്ണായക നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ബിഷപ്പ് ആവശ്യപ്പെട്ടു.
ഇരയുടെ പ്രായാധിക്യവും ശാരീരിക ദുർബലതയും അക്രമത്തെ മാരകമാക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റകൃത്യം അത്യന്തം ആശങ്കാജനകവും ധാർമ്മികമായി അപലപനീയവുമാണ്. വീണുപോയ കന്യാസ്ത്രീയെ തിരികെ വന്ന് ചവിട്ടാനുള്ള ആക്രമണകാരിയുടെ തീരുമാനം അസാധാരണമായ ക്രൂരത പ്രകടമാക്കുകയാണെന്നു വീഡിയോ ദൃശ്യങ്ങളെ ഉദ്ധരിച്ച് ബിഷപ്പ് വില്യം ഷോമാലി പറഞ്ഞു. ക്രൈസ്തവ നേതൃ നിരയിലുള്ളവരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മുൻ സംഭവങ്ങളെ കൂടി പരിഗണിച്ചു കേസില്‍ നടപടി കൂടുതല്‍ ശക്തമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രഞ്ച് ബൈബിള്‍ ആൻഡ് ആർക്കിയോളജിക്കല്‍ സ്കൂളില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രീയാണ് കഴിഞ്ഞ ദിവസം അതിക്രമത്തിന് ഇരയായത്. തീവ്ര യഹൂദ നിലപാടുള്ള മുപ്പത്തിയാറുകാരനാണ് ആക്രമണം നടത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ കന്യാസ്ത്രീ ഉടൻ തന്നെ പരാതി നല്‍കിയിരിന്നു. വംശീയ ആക്രമണമെന്ന് അധികാരികള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

