ക്രൈസ്‌തവർക്കു നേരേ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന അക്രമങ്ങള്‍ തടയണമെന്ന് ഓള്‍ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു.
തങ്ങളുടെ വിശ്വാസം പ്രഘോഷിക്കാൻ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എഫ് സി ആർ എ ബില്ലിലെ ക്രൈസ്‌തവരുടെ ആശങ്കയ്ക്കു പരിഹാരം ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എഐസിയു എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസറി സമിതി ചെയർമാനും കോതമംഗലം ബിഷപ്പുമായ മാർ ജോർജ് മഠത്തിക്കണ്ടത്തില്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഭാരതത്തിന്റെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ വളർച്ചയ്ക്കും പിന്നാക്ക ജനവിഭാഗത്തിന്റെ ക്ഷേമത്തിനും ജാതിമത ഭേദമെന്യേ ക്രൈസ്‌തവ സഭ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മലയോര, തീരദേശ മേഖലകളിലുള്ള ജനങ്ങളുടെ ഭയാശങ്കകള്‍ പരിഹരിക്കാൻ സർക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ന്യൂനപക്ഷ മന്ത്രി, വിദേശകാര്യമന്ത്രി എന്നിവർക്ക് ഓള്‍ ഇന്ത്യ കാത്തലിക് യൂണിയൻ സംസ്ഥാനസമിതി സമർപ്പിക്കുന്ന നിവേദനത്തിലെ ഒപ്പുശേഖരണത്തിൻ്റെ ഉദ്ഘാടനവും ബിഷപ്പ് നിർവഹിച്ചു.
ഡല്‍ഹിയില്‍ ഓഗസ്റ്റ് 22, 23 തീയതികളില്‍ നടക്കുന്ന എഐസിയു ദേശീയ ജനറല്‍ ബോഡിയില്‍ കേരളത്തില്‍നിന്നു പ്രതിനിധികളെ പങ്കെടുപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന ചെയർമാൻ അല്‍ഫോൻസ് പെരേര അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ സി. ജെ. ജെയിംസ്, ബാബു അത്തിപ്പൊഴിയില്‍, ആൻ്റണി തൊമ്മാന, സൈബി അക്കര, ജോസ് ആൻ്റണി, പ്രഫ ജെ. ജേ ക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

