ചെന്നൈ: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ 96-ാമത് പുനരൈക്യ വാർഷികാഘോഷങ്ങള്‍ക്കു ചെന്നൈ മൊഗപ്പയറിലെ മാർ ഗ്രിഗോറിയോസ് കോളജ് കാമ്പസില്‍ തുടക്കമായി.
പുനരൈക്യ സംഗമത്തിന് സെന്‍റ് എഫ്രേം ഘഡ്‌കി-പൂന രൂപതയാണ് ആതിഥേയത്വം വഹിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന് മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി.
അയ്യപ്പാക്കത്തുനിന്ന് കൊണ്ടുവന്ന, ധന്യൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിൻ്റെ ഛായാചിത്രവും വണ്ടലൂരില്‍നിന്ന് കൊണ്ടുവന്ന ആർച്ച് ബിഷപ്പ്മാർ തെയോഫിലോസിൻ്റെ ഛായാചിത്രവും പാടി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയില്‍നിന്നുള്ള കാതോലിക്കേറ്റ് പതാകയും ചടങ്ങില്‍ ഏറ്റുവാങ്ങി. തുടർന്ന് വചനപ്രഭാഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിച്ച ബൈബിള്‍ കണ്‍വൻഷൻ ആരംഭിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു മലങ്കര കാത്തലിക് അസോസിയേഷൻ, മലങ്കര കാത്തലിക് മദേഴ്‌സ് ഫോറം, മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെൻ്റ്, മലങ്കര കാത്തലിക് ചില്‍ഡ്രൻസ് ലീഗ് എന്നിവയുടെ സമ്മേളനങ്ങള്‍ വിവിധ വേദികളിലായി നടക്കും. നാളെ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും. മദ്രാസ്-മൈലാപ്പുർ അതിരൂപതാധ്യക്ഷൻ ജോർജ് ആൻ്റണിസാമി വചനസന്ദേശം നല്‍കും.

