പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ സമൂഹത്തിലെ കുട്ടികള്‍ കടുത്ത സാമൂഹിക വിവേചനവും പാർശ്വവല്‍ക്കരണവുമാണ് നേരിടുന്നതെന്നു ഇസ്ലാമാബാദ്-റാവല്‍പിണ്ടി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് അർഷാദ്.
പൊന്തിഫിക്കല്‍ സൊസൈറ്റി ഓഫ് മിഷ്ണറി ചൈല്‍ഡ്ഹുഡ് സംഘടിപ്പിച്ച പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കായുള്ള സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നല്‍കിക്കൊണ്ട് 2026-ല്‍ പ്രത്യേക “കുട്ടികളുടെ വർഷം” ആചരിക്കുകയാണ് ഇസ്ലാമാബാദ്-റാവല്‍പിണ്ടി അതിരൂപത.
വിവേചനവും, ദാരിദ്ര്യവും, ബാലവേലയും സഹിച്ച് ജീവിക്കുന്ന പാക്കിസ്ഥാനിലെ കത്തോലിക്ക കുരുന്നുകള്‍, യേശുക്രിസ്തുവിന്റെ സ്നേഹവും സന്തോഷവും മറ്റുള്ളവരിലേക്ക് എത്തിക്കുന്ന അപ്പസ്തോലന്മാരും മിഷ്ണറിമാരുമായി മാറണമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് അർഷാദ് ആഹ്വാനം ചെയ്തു. വെല്ലുവിളികള്‍ക്കിടയിലും പ്രാർത്ഥനയിലൂടെയും പങ്കുവെക്കലിലൂടെയും നല്ല പ്രവർത്തികളിലൂടെയും സമാധാനത്തിന്റെ വക്താക്കളാകാൻ കുട്ടികള്‍ ശ്രമിക്കേണ്ടതുണ്ട്. പ്രാർത്ഥിക്കാനും ദൈവത്തെ സേവിക്കാനും വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനും പ്രായം ഒരു തടസ്സമല്ലെന്ന് വിശുദ്ധ കുർബാന മധ്യേ അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. വിവിധ കലാപരിപാടികളും കഴിഞ്ഞ ദിവസം നടന്നു.
രാജ്യത്ത് ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ സമൂഹത്തിലെ കുട്ടികള്‍ കടുത്ത സാമൂഹിക വിവേചനവും പാർശ്വവല്‍ക്കരണവുമാണ് നേരിടുന്നത്. സ്കൂളുകളിലെ വിവേചനങ്ങളും പൊതുസേവനങ്ങളുടെയും സ്കോളർഷിപ്പുകളുടെയും അഭാവവും ചെറുപ്പത്തിലേ തന്നെ ഇവരുടെ സാമൂഹിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കടുത്ത ദാരിദ്ര്യം കാരണം പല കുട്ടികളും ചെങ്കല്‍ ചൂളകളിലും വീട്ടുജോലികള്‍ക്കും കൃഷിയിടങ്ങളിലും അപകടകരമായ സാഹചര്യങ്ങളില്‍ ബാലവേല ചെയ്യാൻ നിർബന്ധിതരാകുന്നുണ്ട്. ഗ്രാമീണ മേഖലകളിലെ പെണ്‍കുട്ടികള്‍ നിർബന്ധിത മതപരിവർത്തന ഭീഷണിയും നേരിടുന്നുണ്ട്.

