ഈജിപ്തിലെ പുരാവസ്തു ഗവേഷകർ നടത്തിയ ഉദ്ഖനനത്തില്‍ പുരാതന ക്രിസ്ത്യൻ നഗരം കണ്ടെത്തി. ഒരു ദേവാലയവും അതിനോടു ചേര്‍ന്നുള്ള വസതിയും ഉള്‍പ്പെടെയുള്ള പുരാതന നഗരത്തിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വിവരം ജൂലൈ 3-ന് ഈജിപ്തിലെ ടൂറിസം-പുരാവസ്തു മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ലക്സറിന് ഏകദേശം 185 മൈല്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ‘ന്യൂ വാലി ഗവർണറേറ്റി’ലെ ‘ദഖ്‌ല ഒയാസിസി’ലുള്ള ‘അയിൻ അല്‍-സബീല്‍’ പുരാവസ്തു കേന്ദ്രത്തില്‍ നടത്തിയ ഖനനത്തിനിടയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ബൈസന്റൈൻ കാലഘട്ടത്തിലെ നഗരമെന്നാണ് മന്ത്രാലയ ഉദ്യോഗസ്ഥർ അറബിയില്‍ നിന്നു വിവര്‍ത്തനം ചെയ്ത പ്രസ്താവനയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മേഖലയില്‍ പുതുതായി കണ്ടെത്തിയവയില്‍ ജനവാസ കേന്ദ്രത്തിനുള്ളിലെ ചെളി ഇഷ്ടിക മുറികളും ഇടനാഴികളും സംരക്ഷിത താഴികക്കുട അടുപ്പുകളും ഉള്‍പ്പെടുന്നു. നഗരമധ്യത്തില്‍, പ്രധാന തെരുവുകളിലൊന്നിന് അഭിമുഖമായാണ് ബസിലിക്കയെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പള്ളി സ്ഥിതിചെയ്യുന്നത്.
ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള മണ്‍പാത്രങ്ങള്‍, എണ്ണയും സുഗന്ധദ്രവ്യങ്ങളും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന കുപ്പികള്‍, എണ്ണവിളക്കുകള്‍, ധാന്യം പൊടിക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങി വിവിധതരം പുരാവസ്തുക്കളും ഗവേഷകർ കണ്ടെടുത്തു. ബൈസന്റൈൻ ചക്രവർത്തിമാരുടെ ചിത്രങ്ങളും ലാറ്റിൻ ലിഖിതങ്ങളും ക്രിസ്തീയ ചിഹ്നങ്ങള്‍ പതിച്ച, കേടുപാടുകളില്ലാതെ സംരക്ഷിക്കപ്പെട്ട വെങ്കല നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള നാണയ ശേഖരവും ഇവിടെനിന്നു ലഭിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ രാജ്യത്തു ക്രൈസ്തവ വിശ്വാസം നിലനിന്നിരിന്നുവെന്നതിന്റെ പുതിയ തെളിവായാണ് ഗവേഷകര്‍ കണ്ടെത്തലിനെ വിലയിരുത്തുന്നത്.

