Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സത്യവിശ്വാസത്തിനായി ജീവിതം സമര്‍പ്പിച്ച ഇടയശ്രേഷ്ഠൻ; ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന മാര്‍ അത്താനാസിയോസ്

സത്യവിശ്വാസത്തിനായി ജീവിതം സമര്‍പ്പിച്ച ഇടയശ്രേഷ്ഠൻ; ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന മാര്‍ അത്താനാസിയോസ്

Malankara TV 1 day ago

2018 ഓഗസ്റ്റ് 24 പരിശുദ്ധ മലങ്കര ഓർത്തഡോക്സ് സഭാഗാത്രത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദുഃഖദിനമായി മാറി.

വന്ദ്യ അത്താനാസിയോസ് തിരുമേനിയുടെ വിയോഗം സഭയ്ക്ക് നികത്താനാവാത്ത ആഴത്തിലുള്ള നഷ്ടവും വലിയൊരു മുറിവുമായിരുന്നു. വെള്ളം കൊണ്ട് ഹൃദയങ്ങള്‍ കീറിമുറിക്കപ്പെട്ട് ആവേശം ഒട്ടുമില്ലാതായ ആ ഓണക്കാലത്തെ കൂടുതല്‍ വേദനയില്‍ മുക്കിയ വാർത്തയായിരുന്നു ആ ഉത്രാടദിവസം പ്രഭാതത്തില്‍ കേള്‍ക്കേണ്ടിവന്നത്. മുളക്കുഴയില്‍ ജന്മം കൊണ്ട്, ഭിന്നദേശങ്ങള്‍ താണ്ടി, കല്ലും മുള്ളും നിറഞ്ഞ ദുർഭഗവും വിഭിന്നങ്ങളുമായ പാതകള്‍ സ്വന്തം ഇശ്ചാശക്തികൊണ്ട് വെട്ടിത്തുറന്ന്, ഒഴുകിയ ഇടങ്ങളെയെല്ലാം ഫലഭൂയിഷ്ഠമാക്കി ഒഴുകിയ നദിയായിരുന്നു ഏവരുടെയും പ്രിയങ്കരനായ അത്താനാസിയോസ് തിരുമേനി. 1938 മുതല്‍ 2018 വരെ നീണ്ട ജീവിതസപര്യയ്ക്ക് മേല്‍ ജഗന്നിയന്താവ് തിരശശീല വലിച്ചിട്ടപ്പോള്‍ ആ പിതാവിനെ അടുത്തറിഞ്ഞ ഹൃദയങ്ങളില്‍ നിന്നും ദൃശ്യവും അദൃശ്യവുമായ പല കണ്ണുനീർനദികളും മലവെള്ളം പോലെ അണപൊട്ടിയൊഴുകിയിട്ട് ഇതാ 12 മാസങ്ങള്‍ പൂർത്തിയായിരിക്കുന്നു, യാത്രയായ ആത്മീയപിതാവിന്റെ സ്മരണയുടെ പൂക്കളം ആ കബറിടത്തിങ്കല്‍ വീണ്ടും സൃഷ്ടിക്കപ്പെടുന്നു. പക്ഷെ ആ പിതാവ് കാലത്തിന്റെ മണല്‍പ്പരപ്പില്‍ എഴുതിച്ചേർത്ത ഓർമ്മകള്‍ ഇന്നും മരണമില്ലാതെ നിലനില്‍ക്കുന്നു. 'ഉപവാസം എന്നാല്‍ ദൈവത്തോടൊപ്പം വസിക്കുകയാണ്' എന്ന് നേരിട്ട് ആദ്യമായി കേള്‍ക്കാനിടയാക്കിയ ഓതറ സെന്റ് ജോർജ് ദയറായുടെ അങ്കണം അനേകർക്ക്‌ നിത്യമദ്ധ്യസ്ഥനായി വിശ്രമിക്കുവാൻ തിരുമേനിയ്ക്കായി ഒരുക്കിയ ദൈവത്തിന് നന്ദി കരേറ്റുകയും ചെയ്യുന്നു.

സ്വജീവിതം നല്‍കിയ പല അനുഭവങ്ങളും ഒരു നീണ്ട ട്രെയിൻ യാത്രയോ വിദേശയാത്രയോ ആയി കരുതി, അത് വഴി തന്നെ താനാക്കിയ സമൂഹത്തെ പലതും പഠിപ്പിച്ച, താൻ ഒപ്പം നിന്ന് പലതും കാട്ടിക്കൊടുത്ത ജനഹൃദയങ്ങളെ സ്പർശിച്ച ഫാ. KT തോമസ് അഥവാ ബാബുഅച്ചനെ നേരിട്ട് കാണുന്നത് 1980-ലാണെന്നാണ് ദീപ്തമായ ഓർമ്മ. പിന്നെ 1984, 1985 വർഷങ്ങള്‍ കടന്നുപോയപ്പോള്‍ റമ്പാൻ, എപ്പിസ്കോപ്പാ പദങ്ങള്‍ കടന്ന് പുതിയ ഭദ്രാസനമായ ചെങ്ങന്നൂരിന്റെ അമരക്കാരനായി മാറുന്നത് കാണുവാൻ കഴിയുന്നു. ഏകദേശം 10 വർഷങ്ങള്‍ക്കുശേഷം പലരെയും വിളിച്ചടുപ്പിക്കയും, വളർത്തുകയും ചെയ്ത ആ വ്യക്തിത്വത്തിന്റെ വിളികേട്ട് ഓതറ ദയറായുടെ പടികയറിയതും ഇപ്പോള്‍ മനസ്സില്‍ തെളിയുന്നു. 1994 മെയ് മുതല്‍ ദയറായില്‍ തിരുമേനിക്കൊപ്പം കഴിഞ്ഞ 14-1/2 മാസങ്ങള്‍, അനുഭവങ്ങള്‍ - സർട്ടിഫിക്കറ്റ് കിട്ടാതെ പല 'ബിരുദങ്ങളും' ലഭ്യമാക്കിയ - യൂണിവേഴ്‌സിറ്റി പഠനത്തിന് തുല്യമായി ലഭിച്ചതെന്ന് ഇന്ന്‌ തിരിച്ചറിയുന്നു. ആ പിതാവിനെപ്പറ്റി വെളിച്ചം കണ്ടിട്ടില്ലാത്ത ചില ഓർമ്മകളുടെ ഒരു ചെറിയ പരിച്‌ഛേദം വായനക്കാർക്കായി സമർപ്പിക്കുന്നു.

1994 മെയ് അവസാനവാരം, ദയറായുടെ പടി കടന്നുചെന്ന സായാഹ്നത്തില്‍ ആദ്യം കാണാൻ കഴിഞ്ഞത്, പിറ്റേന്ന് ശെമ്മാശന്മാരായി പട്ടമേല്‍ക്കുന്ന 3 പേരെ (ഇന്ന് അവരില്‍ 2 പേർ ശ്രേഷ്ഠരായ വൈദികർ, ഒരാള്‍ തിരുമേനിക്കും മുൻപേ നാം കാണാത്ത അക്കരയ്‌ക്ക്‌ കടന്നുപോയി) കൂദാശയുടെ പ്രാധാന്യം ഓരോ ചെറിയ കാര്യങ്ങളും ഉള്‍ക്കൊള്ളുംവിധം, മനസ്സിലാക്കിക്കുന്ന കാർമ്മികനോ ഗുരുവോ ആയ തിരുമേനിയെയാണ്. വർഷങ്ങള്‍ക്കുശേഷം മെത്രാസനത്തിലെ ഒരു മുതിർന്ന വൈദികനെ കോർ-എപ്പിസ്‌കോപ്പ സ്ഥാനത്തേക്കുയർത്തുന്നതിനായി ഈ ലേഖകന്റെ മാതൃഇടവകയില്‍ എഴുന്നെള്ളിയപ്പോള്‍ ആ ശുശ്രൂഷയ്ക്കായുള്ള സമാനമായ ഒരുക്കത്തെപ്പറ്റി ശെമ്മാശന്മാരില്‍ നിന്നും കേള്‍ക്കുവാനിടയായി. സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസമായ ഓർത്തോഡോക്‌സി' എന്ന വികാരം സിരകളില്‍ തിളച്ചുനിന്നിരുന്ന ആ പിതാവ് ആരാധനയ്‌ക്കും കൂദാശകള്‍ക്കും വൈദികസമൂഹം പുലർത്തേണ്ട തീക്ഷ്ണതയെക്കുറിച്ച്‌ ചൂണ്ടികാട്ടുന്നത് കേള്‍ക്കാനിടയായത് ജീവിതത്തിലെ അനർഘനിമിഷങ്ങളായി കരുതുന്നു.

വിദ്യാഭ്യാസം സമൂഹത്തിന്റെ അവകാശം എന്ന ദർശനം ഇഴുകിച്ചേർന്നിരുന്ന ഒരു മനസ്സിന്റെ ഉടമയായിരുന്നു വന്ദ്യ തിരുമേനി. അതിനാല്‍ മുളക്കുഴയില്‍ തുടങ്ങി പന്തളം തൊട്ട് ഓതറയും ബെഥേലും മുതല്‍ പരി. തിരുമേനിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞയിടങ്ങളില്‍ എല്ലായിടത്തുനിന്നും അദ്ദേഹത്തിന്റെ 'കയ്യൊപ്പ്' പതിഞ്ഞ ശ്രേഷ്ഠരായ ശിഷ്യന്മാരുടെ ഒരു സമൂഹം തന്നെ സൃഷ്ടിക്കപ്പെട്ടു. വൈദികസെമിനാരിയില്‍ അദ്ധ്യാപകർ, സഭയുടെ അഭിമാനങ്ങളായ സ്ഥാപനങ്ങള്‍, തീർത്ഥാടനകേന്ദ്രങ്ങള്‍, ആത്മീയപ്രസ്ഥാനങ്ങള്‍, ഇടവകകള്‍ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളുടെ ചുമതലകള്‍ വഹിക്കുന്നവർ ഒക്കെ അദ്ദേഹത്തിന്റെ ശിഷ്യരില്‍ ചിലർ മാത്രമാണ്.

ഭാഗ്യസ്മരണാർഹനായ പുത്തൻകാവില്‍ തിരുമേനി മനസ്സുകൊണ്ട് തന്റെ പർണ്ണശാലയായി വിഭാവനം ചെയ്ത, ആമാശയത്തിന്റെ പ്രലോഭനത്തെ വരുതിയിലാക്കാൻ, പി. ഇ. മാത്യുസ് അച്ചൻ എന്ന ഏഞ്ചല്‍ ബാവാ തിരുമേനിയെ ചൂണ്ടിക്കാട്ടിയ ഓതറയുടെ മണ്ണിനോടുള്ള ബന്ധവും സംരക്ഷണവും ഭാഗിനേയനായ അത്താനാസിയോസ് തിരുമേനി ഒരിക്കലും മറന്നില്ല. ഭാരതസമൂഹത്തിന് കാർഷികസംസ്കാരം എത്ര അവശ്യം എന്ന ബോധ്യത്തോടെ തിരുമേനി നല്‍കിയിരുന്ന പരിശീലനവും സെമിനാരി പഠനത്തിനായൊരുങ്ങുന്ന ഏവർക്കും ഭാവിജീവിതത്തിലും ഉത്തേജനം നല്‍കിയിരിക്കും, നല്‍കുന്നു എന്നത് സംശയാസ്പദമായി തെളിയിച്ചുകൊണ്ട് ദയറായുടെ കൃഷിത്തോട്ടത്തില്‍ വിളഞ്ഞ കാബേജ്, ചേന, കോളിഫ്‌ളവർ ആദിയായ വിഷരഹിത-പച്ചക്കറികള്‍ നിശബ്ദം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു.

കുടുംബാംഗം എന്ന നിലയില്‍ മാതൃസഹോദരൻ എങ്കിലും - വാക്കുകളാല്‍ പറയാൻ കഴിയാത്ത വിധം - വ്യക്തിപരമായ കാഴ്ചപ്പാടില്‍ വാചാലമായ മൗനത്താല്‍ അനേകം പാഠങ്ങള്‍ പഠിപ്പിച്ച അധ്യാപകൻ, പിതൃതുല്യമായി ശക്തമായ ഉപദേശങ്ങള്‍ തന്നിരുന്ന മാതൃസഹോദരൻ, സാങ്കല്‍പിക-വൈദിക-സെമിനാരിയില്‍ നിന്ന് മുൻപ് കേട്ടിട്ടില്ലാത്ത ആത്മീയമൊഴിമുത്തുകള്‍ നല്‍കിയ ആത്മീയപിതാവ് എന്ന് തുടങ്ങി അനേകം വിശേഷണങ്ങള്‍ തിരുമേനിക്ക് നല്‍കുവാൻ കഴിയും. "ദൈവനിയോഗത്താല്‍ ലഭിക്കുന്ന വെളിപാടുകള്‍, തിരിച്ചറിവുകള്‍ തുറന്നുപറയാൻ മടിക്കേണ്ടതില്ല, അതിന് ദൈവത്തിന്റെ സംരക്ഷണം ഉണ്ടാകും. കൂദാശകള്‍ ദൈവം നടത്തുന്ന ശുദ്ധീകരണശുശ്രൂഷയാണെങ്കിലും, കൂദാശയ്‌ക്ക്‌ വിധേയരാകുന്ന വ്യക്തിയ്‌ക്കുവേണ്ടി പ്രാര്ഥിക്കുകയെന്നതും (ആദ്യത്തെയും അവസാനത്തെയും കൂദാശയെ ഒരു പോലെ കാണണം….) അതിലൂടെ അനുഗ്രഹം സ്വീകരിക്കുകയെന്നത് ഓരോ വിശ്വാസിയുടെയും ചുമതലയാകുന്നു" എന്നീ വാചകങ്ങള്‍ തിരുമേനിയില്‍ നിന്ന് നേരിട്ടുകേട്ടവയില്‍ ചിലത് മാത്രം. എന്റെ 2 മക്കളുടെ മാമോദീസാ ശുശ്രൂഷയില്‍ മുഖ്യ കാർമ്മികനായിരിക്കെ മാതാപിതാക്കളെന്ന നിലയില്‍ ശ്രവിച്ച നിർദ്ദേശങ്ങള്‍ കേട്ട് പ്രവർത്തികമാക്കുന്ന ആർക്കും സ്വന്തം കുഞ്ഞുങ്ങളുടെ വിശ്വാസക്ഷയമോർത്ത് ദുഖിക്കേണ്ടിവരില്ല എന്ന് കാലം തെളിയിക്കുന്നു.

"രക്തത്താല്‍ ഞാൻ വാങ്ങിയൊരീ സഭയെ ഞാനും കൈവിടുകില്ല"; വന്ദ്യ തിരുമേനി കാർമ്മികനാകേണ്ടിയിരുന്ന 2018 ഓഗസ്റ്റ് 27-ലെ വിവാഹകൂദാശയില്‍ കേട്ട ഗീതം തിരുമേനിയുടെ വിയോഗവുമായി ബന്ധപ്പെട്ട വേദനയുടെ അനുഭവത്തെയും, തന്റെ മാതൃസഭയെ നേടാൻ പലതും ബലികഴിച്ചതിനെയും ആ വഴിത്തിരിവിന് കാരണമായ ബാല്യകാലപരിശീലനങ്ങളെ പറ്റിയുള്ള തിരുമേനിയുടെ നിശബ്ദപ്രതികരണമോ എന്ന് സംശയിക്കുംവിധം മനോഭിത്തിയില്‍ ഇന്നും വന്നടിച്ചുകൊണ്ടിരിക്കുന്നു. കിഴക്കേത്തലയ്‌ക്കലെ തോമ്മാക്കത്തനാരുടെ മകൻ "കുട്ടി", മകനായ ബാബുവിന് ശൈശവത്തില്‍ നല്‍കിയ ഉപദേശങ്ങളേക്കാള്‍ ഘനമേറിയ ഉപദേശം പുരോഹിതനായി ഉയർത്തപ്പെട്ട സന്ധ്യയില്‍ കൊടുത്തതായി തിരുമേനി തന്നെ പങ്കുവെച്ചിട്ടുള്ളത് ഓർമ്മിക്കുന്നു. 'താൻ ഞായറാഴ്ച്ച വി. കുർബ്ബാന കഴിഞ്ഞ് ആ കൈക്കാരന്റെ മുറിയുടെ വാതില്‍ക്കല്‍ പോയി തലയും ചൊറിഞ്ഞോണ്ട് നിന്നേക്കരുത്'. നാം കേട്ടറിഞ്ഞ അത്താനാസിയോസ് തിരുമേനിയെ സ്ഥാനമാനങ്ങളുടെ പകിട്ടോ നാണയക്കിലുക്കമോ ഒരിക്കലും ഭ്രമിപ്പിക്കുകയോ സ്വാധീനിക്കയോ ചെയ്തിട്ടില്ലെന്നത് പിതാവിന്റെ ഈ ഉപദേശം വഴി നിസ്തർക്കകമായി തെളിയിക്കപ്പെടുന്നു. ആ ശക്തിക്ക് അടിസ്ഥാനമായ മനഃസ്ഥൈര്യം വന്ദ്യ തിരുമേനിയുടെ മനസ്സില്‍ രൂഢമൂലമായത് പുത്തൻകാവിന്റെ അക്ഷയസമ്പത്തായ വൈദികപൈതൃകത്തില്‍നിന്ന് തന്നെ. ഇന്നത്തെ അഭിഷിക്തരുടെ തലമുറയിലെ ഒരു ന്യൂനപക്ഷമെങ്കിലും ധനമോ സ്ഥാനമാനങ്ങളോ തരുന്ന ഭ്രമത്തിന്റെ പുറകെ അന്തംവിട്ടോടുന്നവരെങ്കില്‍ അവർക്ക് തിരിച്ചറിവിന് വന്ദ്യ തിരുമേനിയുടെ ജീവിതം വഴികാട്ടട്ടെ എന്ന് ആശിക്കുന്നു.

സഭയ്‌ക്കായുള്ള നിസ്വാർത്ഥസമീപനവും കഠിനാദ്ധ്വാനവും കൈമുതലായാല്‍ ലഭിക്കാൻ ബുദ്ധിമുട്ടേറിയ സാമ്പത്തികമുള്‍പ്പെടെയുള്ള സഹായങ്ങള്‍ തേടിവന്നുകൊള്ളും എന്ന്, ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ വളർച്ചയുടെ ഓരോ കല്ലും എവിടെയൊക്കെ വേണം എന്ന് കൃത്യതയോടെ അറിഞ്ഞ ശില്‍പിയായ തിരുമേനിയുടെ ജീവചരിത്രം നമ്മോട് വിളിച്ചുപറയുന്നുണ്ട്. ഭദ്രാസനത്തിന്റെ വളർച്ചയുടെ ആദ്യനാളുകളില്‍, അതിന്റെ ആസ്ഥാനത്തിന് ശക്തമായ അസ്ഥിവാരമായി മാറുംവിധം രൂപകല്‍പന ചെയ്ത 'ഒരു-ലോറി-മണ്ണ്-പദ്ധതി' പോലെയുള്ള പദ്ധതികള്‍ തിരുമേനിയുടെ പുരോഗമനചിന്തകളുടെ ഒരു ഉദാഹരണം മാത്രമാണ്. കഴിയുന്ന എല്ലാ ഇടവകയും ഒരു ലോഡില്‍ കുറയാതെ മണ്ണ് ലോറികളില്‍ കൊണ്ടുവന്ന് ബെഥേല്‍ അരമന വിപുലീകരണത്തിനായി നല്‍കണം എന്ന നിർദ്ദേശം, ആദ്യം സംശയവും പിന്നെ വിസ്‌മയവും ഉണർത്തിയെങ്കിലും ആത്യന്തികവിജയം ആ പദ്ധതി വിഭാവനം ചെയ്‌ത ഭദ്രാസനാധിപന്റെ നിശ്ചയദാർഢ്യത്തിന് തന്നെയായിരുന്നു. വെള്ളത്താല്‍ മൂടപ്പെട്ട ബെഥേല്‍-ന്റെ പിന്നാമ്പുറം താമസംവിനാ മണ്ണ് കൊണ്ട് നിരപ്പാക്കപ്പെട്ടുവെന്നത് ദൃക്‌സാക്ഷികള്‍ സമ്മതിക്കുന്ന കാര്യം. ബെഥേല്‍ അരമനയില്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ കാര്യത്തില്‍ ഒരു ചതുരശ്ര അടിയ്ക്ക് 200 രൂപ എന്ന കണക്കില്‍ ലഭ്യമായ സംഭാവനകളും ഒരു ക്രാന്തദർശിയായ ഭരണാധിപന് ദൈവദത്തമായി ലഭിച്ച ദർശനത്തിന്റെ മധുരഫലങ്ങളാണെന്ന് നിസ്സംശയം പറയാൻ കഴിയും. 'പൊതയല്‍ക്കുളം' 'ബെഥേല്‍' ആക്കിമാറ്റിയ പിതൃസഹോദരൻ പുത്തൻകാവില്‍ തിരുമേനിയെന്ന ധീരനായ മുൻഗാമിയുടെ ശ്രേഷ്ഠനായ ആത്മീയ-അനന്തിരാവകാശി‌ അതേ സ്ഥാനം, ഭദ്രാസനാസ്ഥാനമാക്കി മാറ്റിയെന്നത് തമ്പുരാൻ കൈമാറിയ ദിവ്യനിയോഗത്തിന്റെ പൂർത്തീകരണവും ആയതിലെ അദൃശ്യദൈവാനുഗ്രഹത്തില്‍ ചെങ്ങന്നൂർ ഭദ്രാസനമേ, നീ അഭിമാനം കൊള്ളുക.

സ്ഥലപരിമിതി മൂലം "ചരിത്രത്തില്‍ മറഞ്ഞുപോയേക്കാവുന്ന", ഒഴിവാക്കാൻ കഴിയാത്ത ചില കാര്യങ്ങള്‍ കൂടി മാത്രം രേഖപ്പെടുത്തട്ടെ: അക്ഷരങ്ങളെയും, വിദ്യ-അഭ്യസനത്തെയും സ്വന്തശ്വാസം പോലെ കരുതിയ തിരുമേനിയുടെ ദർശനങ്ങള്‍ ബേഥേല്‍പത്രികയുള്‍പ്പെടെ തിരുമേനിയുടെ ദൃഷ്ടി വീണ എല്ലാ മേഖലകളിലെയും പ്രസിദ്ധീകരണങ്ങള്‍ക്ക് ഒരു മികച്ച ഉള്‍ക്കാഴ്ച നല്‍കിയിട്ടുണ്ട്. 1995-ലെ സുപ്രീം കോടതിവിധിയ്ക്കായുള്ള കാത്തിരിപ്പിന്റെ കാലം; ബന്ധപ്പെട്ട ഏവരും അകവും പുറവും താപ-മർദ്ദ-സമ്മർദ്ധങ്ങള്‍ക്ക് വിധേയരായി നിലകൊള്ളുന്ന ദിനങ്ങളില്‍ പരി. ഏയ്ഞ്ചല്‍ ബാവാതിരുമേനിയോടൊപ്പം ശക്തമായ വലംകൈയായി തിരുമേനി നിലകൊണ്ടു. വിധിക്കു മുൻപും പിമ്പുമുള്ള ദീർഘദൃഷ്ടിയോടെയുള്ള തീരുമാനങ്ങള്‍ രൂപപ്പെടുത്തുവാൻ സഹായകമായ കൂടിക്കാഴ്ചകള്‍ക്ക് ദേവലോകം, യാത്രാവേളകള്‍ എന്നിവയൊക്കെ ഉപയോഗപ്പെടുത്തിയതിന് പല തവണ നേരിട്ട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏത് സംരംഭങ്ങള്‍ക്കും മുൻപുള്ള പരി. പരുമല തിരുമേനിയുടെ കബറിങ്കല്‍ മദ്ധ്യസ്ഥതയണച്ചുള്ള പ്രാർത്ഥന, കുട്ടികള്‍ക്കായി സ്നാപകയോഹന്നാന്റെ ജന്മദിനം ശിശുദിനം ആയി ആഘോഷിക്കാൻ തീരുമാനിച്ചത്, SSLC കുട്ടികളുടെ പേരുകള്‍ നീണ്ട 5-10 ആഴ്ചകള്‍ വി. കുർബ്ബാനയില്‍ ഓർമ്മിക്കുന്നത് എല്ലാം സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ മാർ അത്തനാസിയോസിന് മാത്രം സ്വന്തം.

തന്റെ രണ്ടാം വീടെന്ന് കരുതാവുന്ന ബറോഡയുടെ മണ്ണിനോട് പോരടിച്ചു നേടിയ ശക്തി, സ്വന്തം സഭയ്ക്കുവേണ്ടി സംഭരിച്ചുവച്ച ദർശനങ്ങളുടെ അവധൂതൻ ആയ ആചാര്യന്റെ അന്ത്യം, മനുഷ്യന്റെ നിർവചനത്തിനതീതമായ കാവ്യനീതി; പ്രളയത്തില്‍ ദുരിതത്തിലാണ്ട ആടുകളുടെ രക്ഷയ്ക്കായി ഹൃദയവ്യഥയോടെയുള്ള സ്വയം മറന്നുള്ള യാത്ര, അവയൊക്കെ ഇന്ന് വിരളമായി കാണാൻ കഴിയുന്ന സമർപ്പണത്തിന്റെ തിളങ്ങുന്ന ഉദാഹരണമായി നിലനില്‍ക്കട്ടെ!!. ഇന്നലെ വരെ നമ്മുടെ 'സ്വന്ത-അഹങ്കാരം' ആയിരുന്ന ആ വ്യക്തിത്വം, ഇന്ന് നിത്യതയുടെ ചില്ലുകൂടാരത്തിനുള്ളിനുള്ളിലെ അകലത്തായിരിക്കുന്നു. അന്തിമയാത്രയുടെ ആരാധനകളിലെ ഹൂത്തോമ്മോയില്‍ കേട്ടപ്രകാരം 'വാനവബലിയില്‍ നമ്മെയും ഓർക്കണമേ' എന്ന് നമുക്കും പ്രാർത്ഥിക്കുവാൻ തിരുമേനി ഇന്ന് സഭയ്ക്കും സമൂഹത്തിനും സ്വർഗ്ഗീയമദ്ധ്യസ്ഥൻ ആയിരിക്കുന്നു. പ്രവർത്തികളിലെ ആത്മാർത്ഥതയും പ്രതിബദ്ധതയും ഭരണകാര്യക്ഷമതയും കാരണം സ്വന്തം പേര് അർത്ഥവത്താക്കുംവിധം 'മരണമില്ലാത്തവൻ' ആയി മാർ അത്തനാസിയോസ് നിലനില്‍ക്കും, നിലനില്‍ക്കട്ടെ. അമരത്വം ജന്മാവകാശമാക്കിയവരും സമാനരുമായ സല്സന്താനങ്ങള്‍ക്കായി സഭയ്ക്കായി പ്രാർഥനാപുരസ്സരം ശിരസ്സ് നമിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malankara TV