മെക്സിക്കോയിലെ സാൻ ലൂയിസ് പോട്ടോസി തലസ്ഥാനത്തിന് വടക്ക് മെക്സ്‌ക്വിറ്റിക് ഡി കാർമോണയിലുള്ള ചാപ്പലില്‍ നിന്ന് വിശുദ്ധ കുർബാന മോഷ്ടിച്ചുകൊണ്ടുപോയ സംഭവത്തില്‍, പരിഹാര പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ആർച്ച് ബിഷപ്പ് മോണ്‍സിഞ്ഞോർ ജോർജ്ജ് ആല്‍ബർട്ടോ കാവാസോസ്.
തിരുവോസ്തി മോഷ്ടിച്ചവരുടെ മാനസാന്തരത്തിനും ആത്മരക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കാന്‍ സാൻ ലൂയിസ് പോട്ടോസി ആർച്ച് ബിഷപ്പ് വിശ്വാസികളോട് അഭ്യര്‍ത്ഥന നടത്തി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 14-ന്, കോർട്ടെ പ്രിമെറോയിലെ ‘അവർ ലേഡി ഓഫ് ഗ്വാഡലൂപ്പ്’ ഇടവകയ്ക്ക് കീഴിലുള്ള ‘വാലെ ഉംബ്രോസോ കമ്മ്യൂണിറ്റി’ ചാപ്പലിലെ സക്രാരിയില്‍ നിന്നാണ് അജ്ഞാതരായ വ്യക്തികള്‍ വിശുദ്ധ കുർബാന മോഷ്ടിച്ചുക്കൊണ്ടുപോയത്. അതിഗുരുതരവും നിന്ദ്യവുമായ കുറ്റകൃത്യമെന്നാണ് സംഭവത്തെ അതിരൂപത വിശേഷിപ്പിച്ചത്. ഗുരുതരമായ തെറ്റ് ചെയ്തവര്‍ അനുതപിക്കുകയും പശ്ചാത്താപം നിറഞ്ഞ പുതിയ ജീവിതത്തിലൂടെ ദൈവത്തോടൊപ്പം ആയിരിക്കാൻ തീരുമാനിക്കുകയും ചെയ്തുകൊണ്ട് സഭയുമായുള്ള കൂട്ടായ്മയിലേക്ക് തിരിച്ചെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് ജോർജ്ജ് ആല്‍ബർട്ടോ പറഞ്ഞു.
തിന്മ ചെയ്യുന്നവരുടെ മാനസാന്തരവും ‘ആത്മരക്ഷ’യുമാണ് സഭയെ സംബന്ധിച്ച പ്രധാനപ്പെട്ട കാര്യമെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ബ്ലാക്ക് മാസ് പോലെയുള്ള പൈശാചിക ആഭിചാര കർമങ്ങള്‍ക്കായി കടത്തിക്കൊണ്ടുപോയ തിരുവോസ്തി ഉപയോഗിക്കുമോയെന്ന ആശങ്ക ശക്തമാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ വിശുദ്ധ കുർബാനയെ അവഹേളിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തികള്‍ മെക്സിക്കോയിലെ വെരാക്രൂസില്‍ അരങ്ങേറുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു.

