കൊച്ചി: സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കായ കിലോയ്ക്ക് 180 മുതല്‍ 200 രൂപ വരെയാണ് നിലവിലെ
കൊച്ചി: സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കായ കിലോയ്ക്ക് 180 മുതല്‍ 200 രൂപ വരെയാണ് നിലവിലെ വില. ഇത് സാധാരണക്കാരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഡിണ്ടിഗല്‍, തിരുപ്പൂർ, പെരമ്പല്ലൂർ, തിരുച്ചിറപ്പിള്ളി, തേനി, മധുര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. ഈ മേഖലകളില്‍ കനത്ത മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് കൃഷി നശിച്ചതും, നവംബറില്‍ വിളവെടുപ്പില്ലാത്തതുമാണ് ലഭ്യത കുറയാൻ ഇടയാക്കിയത്.
ഒക്ടോബറില്‍ കിലോയ്ക്ക് 80-90 രൂപയായിരുന്ന വില നവംബർ ആദ്യവാരം മുതല്‍ സാവധാനം ഉയരുകയായിരുന്നു. ഉള്ളിക്ക് പിന്നാലെ വെളുത്തുള്ളി വിലയും റെക്കോർഡ് നിലയിലാണ്. ഗുണനിലവാരമനുസരിച്ച് കിലോയ്ക്ക് 280 മുതല്‍ 360 രൂപ വരെയാണ് ചില്ലറ വില്‍പ്പന വില. അതേസമയം, സവാള വില കിലോയ്ക്ക് 50-60 രൂപ നിരക്കില്‍ തുടരുകയാണ്. അവശ്യസാധനങ്ങളുടെ ഈ അമിത വിലക്കയറ്റം ഹോട്ടല്‍, കാറ്ററിങ് മേഖലകളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

