Tuesday, 18 Feb, 1.43 pm മലയാളം എക്സ്പ്രെസ്സ്

കേരളം
അവന്‍ ജനിച്ചു എട്ട് ദിവസം ജീവിച്ചു അവയവങ്ങള്‍ ദാനം ചെയ്ത് മടങ്ങി

ലണ്ടന്‍: പ്രസവിച്ച്‌ എട്ടു ദിവസങ്ങള്‍ക്കകം മകനെ നഷ്ടപ്പെട്ടപ്പോള്‍ വാലന്‍റിന ഡാപ്രിലും ഭര്‍ത്താവ് ല്യൂഗിയും തളര്‍ന്നില്ല. പകരം അവര്‍ മകന്‍റെ അവയവങ്ങള്‍ മറ്റൊരു കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി നല്‍കി. ആഞ്ചലോ റേ എന്നായിരുന്നു വാലന്‍റിന മകന് പേരിട്ടത്.

'ഒമ്ബത് മാസം ഞങ്ങള്‍ ഒരുമിച്ചായിരുന്നല്ലോ എവിടെ എന്‍റെ അമ്മ എന്നവന്‍ അന്വേഷിച്ചു കാണും. അവന്‍ ഹോസ്പിറ്റലില്‍ ഇന്‍ക്യുബേറ്ററില്‍ കിടക്കുമ്ബോള്‍ എങ്ങനെ അവനില്ലാതെ ഞാന്‍ മടങ്ങുമെന്നായിരുന്നു ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത്.' വാലന്‍റിന പറയുന്നു.

പൂര്‍ണ ഗര്‍ഭിണിയായിരുന്ന സമയത്ത് ആറു വയസ്സ് പ്രായമായ മകന്‍ ലിയോണിന്‍റെ മുന്നില്‍ വെച്ചാണ് പെട്ടെന്ന് വാലന്‍റിനയ്ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഞ്ഞിന്‍റെ അവസ്ഥ മോശമായിരുന്നു. അതോടെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. അതുവരെ കുഞ്ഞിന് വെള്ളത്തില്‍ ജന്മം നല്‍കണം എന്നായിരുന്നു വാലന്‍റിന ആഗ്രഹിച്ചിരുന്നത്. കുഞ്ഞ് ജനിച്ച്‌ നിമിഷങ്ങള്‍ക്കകം തലച്ചോറിലേക്ക് ഓക്സിജന്‍ എത്താതെയായിട്ട് മണിക്കൂറുകളായെന്ന് കണ്ടെത്തി. അതോടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുക പ്രയാസമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

'അവന് ആറു ദിവസം പ്രായമായിരുന്നപ്പോള്‍ ഞാന്‍ ചിന്തിച്ചു. അവന്‍ ജനിച്ചിരുന്നു എന്നതിന്, അവനെ ചിലരെങ്കിലും ഓര്‍മ്മിച്ചിരിക്കാന്‍ എന്തെങ്കിലും ചെയ്യണം. അങ്ങനെയാണ് അവയവ ദാനത്തെപ്പറ്റി ചിന്തിച്ചത്.' വാലന്‍റിന പറഞ്ഞു.

പിന്നീട് വാലന്‍റിനയും ഭര്‍ത്താവും അവയവദാനത്തിനായുള്ള അന്വേഷണങ്ങളിലായി. ഇരുപത്തെട്ട് ദിവസത്തിന് താഴെ പ്രായമുള്ള ഒരു കുഞ്ഞിന്‍റെ അവയവങ്ങള്‍ ദാനം ചെയ്യുന്നത് അപുര്‍വമാണ്. പത്തു വര്‍ഷത്തിനിടെ ലണ്ടനില്‍ ആകെ നാല്‍പത് കുട്ടികളുടെ അവയവങ്ങളെ ദാനം ചെയ്തിട്ടുള്ളു. അവയവദാനത്തിന്‍റെ മഹത്വം മനസ്സിലാക്കുക എന്നത് ഒരു വലിയ കാര്യമാണ്. എന്നാല്‍ ജനിച്ച്‌ ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിന്‍റെ മാതാപിതാക്കള്‍ അത് മനസ്സിലാക്കി എന്നത് ഏറ്റവും മഹത്തരമായ ഒന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.


Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top