ശബരിമല: മണ്ഡലകാല തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് പ്രതിനിധി സംഘം ഇന്നലെ നിലയ്ക്കല്‍, പന്പ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലസന്ദര്‍ശനം നടത്തിയത്. തീര്‍ഥാടകര്‍ക്കായി വാഹനപാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്ന നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് സമിതി വിലയിരുത്തി.
ചെറുവാഹനങ്ങള്‍ പന്പയിലേക്കു പോകാന്‍ അനുവദിക്കണമെന്നും നിലയ്ക്കലില്‍ ഇറങ്ങുന്ന തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ചൂഷണം ചെയ്യുകയാണെന്നും യുഡിഎഫ് സംഘം അഭിപ്രായപ്പെട്ടു. പന്പയിലേക്ക് വാഹനങ്ങള്‍ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്നും ഭക്തരുടെ താത്പര്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും എംഎല്‍എമാര്‍ പറഞ്ഞു. പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ പൂര്‍ണസജ്ജമായിട്ടില്ല, കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല തുടങ്ങിയവ നിലയ്ക്കല്‍ ഇടത്താവളവുമായി ബന്ധപ്പെട്ടുണ്ട്. പന്പയിലും അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്.
കഴിഞ്ഞ ഒരുവര്‍ഷമായി പന്പയില് തീര്‍ഥാടകരുടെ സൗകര്യം വര്‍ധിപ്പിക്കാന്‍ യാതൊരു ക്രമീകരണവുമുണ്ടായില്ല. മണ്ഡലകാലം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് തുടങ്ങിവച്ച പല പ്രവൃത്തികളും അസൗകര്യങ്ങള്ക്കിടയാക്കിയിട്ടുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു. ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യമില്ല, നടപ്പന്തലുകള്‍ ചോര്‍ന്നൊലിക്കുന്നു, ശൗചാലയങ്ങള്‍ ഇല്ല തുടങ്ങി പന്പയില് ക്രമീകരണങ്ങള്‍ ഒന്നുമായിട്ടില്ലെന്ന് സമിതിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
പമ്ബയിലെ ടൊയ്ലറ്റ് ബ്ലോക്കുകള്‍ക്ക് മുന്നില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. പ്രളയത്തില്‍ തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപത്തിന്റെ സ്ഥലത്ത് താത്കാലികമായി നിര്‍മ്മിച്ച പന്തലില്‍ അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യങ്ങള്‍ പരിമിതമാണ്. ടോയ്ലറ്റുകള് വൃത്തിഹീനമാണ്. കുടിവെളള വിതരണം പരിമിതമായ തോതിലാണ്. പ്രളയം കഴിഞ്ഞ് ഒരു വര്‍ഷവും നാല് മാസവും കിട്ടിയിട്ടും സൗകര്യങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.

