
ഔറംഗാബാദ്: ബിഹാറില്‍ വീണ്ടും ദുരഭിമാനക്കൊല. 18കാരിയെയും ഇരുപത്തിരണ്ടുകാരനായ കാമുകനെയും യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ഔറംഗാബാദ് ജില്ലയിലെ കപാസില ഗ്രാമത്തിലാണു ദാരുണസംഭവം അരങ്ങേറിയത്. കമിതാക്കളായ അമൃത കുമാരിയും നീരജ് കുമാറുമാണ് കൊല്ലപ്പെട്ടത്.
ഇരുവരും തമ്മിലുള്ള പ്രണയത്തില്‍ പ്രകോപിതരായാണ് പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരെയും കത്തിച്ച് സംസ്കരിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് എത്തുകയായിരുന്നു.
പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും മൃതദേഹങ്ങള്‍ പാതി കത്തിയിരുന്നു. കാമുകന്റെ വീട്ടില്‍ കഴിയുകയായിരുന്ന യുവതിയോട് മടങ്ങിപ്പോരാന്‍ ശനിയാഴ്ചരാവിലെ അവിടെയെത്തിയ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായ സഹോദരന്‍ അമൃതയെ നിലത്തേക്ക് തളളിയിട്ട ശേഷം കുത്തിക്കൊല്ലുകയായിരുന്നു. ഇത് കണ്ട നീരജ് മുറിക്കുള്ളില്‍ കയറി വാതിലടച്ച് രക്ഷപ്പെടാനായി വാതിലടച്ചു. എന്നാല്‍, വാതില്‍ തകര്‍ത്ത് അകത്തുകയറിയ പെണ്‍കുട്ടിയുടെ കുടുംബം നീരജിനെയും കുത്തിക്കൊല്ലുകയായിരുന്നു. ഈ സമയം വീട്ടില്‍ യുവാവും യുവതിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. മൂന്നു പേരെ ചോദ്യം ചെയ്തുവരികയാണ്. യുവാവിന്റെയും യുവതിയുടെയും ബന്ധുക്കളായ പന്ത്രണ്ടു പേര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

