Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ചൈനയുടെ സഹായം വേണ്ടെന്ന് നേപ്പാള്‍

കാഠ്മണ്ഡു: കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഭരിക്കുന്ന നേപ്പാള്‍ രാഷ്‌ട്രീയത്തില്‍ ഗതിവിഗതികള്‍ തീരുമാനിച്ചിരുന്നതും ഇന്ത്യയുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ നേപ്പാളിന് പൂര്‍ണ പിന്തുണ കൊടുത്തതും ചൈനയാണ്. ഇന്ത്യയെ വെല്ലുവിളിച്ച്‌ പുതിയ ഭൂപടം തന്നെ അവര്‍ സഭ കൂടി പാസാക്കി. എന്നാല്‍ ഇപ്പോള്‍ ആ ബന്ധം നേപ്പാള്‍ കൈവിട്ടോ എന്ന സംശയം ഉദിക്കുന്ന നീക്കങ്ങളാണ് പുതുതായി നടക്കുന്നത്.ചൈനയുമായി അകന്ന് ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ശ്രമിക്കുകയാണ് ഒലി ഇപ്പോള്‍.

2018ലെ തിരഞ്ഞെടുപ്പില്‍ ഒലി പുറത്തെടുത്ത ദേശീയത ആയുധത്തിന് ശക്തി പകരാനാണ് ഇന്ത്യയുമായി സമാധാനത്തിന് ഇപ്പോള്‍ ശ്രമിക്കുന്നത്.

തന്റെ പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്നും ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും ചൈനീസ് അംബാസിഡര്‍ ഹുവോ യാങ്‌ക്വിയോട് കഴിഞ്ഞയാഴ്‌ച നടന്ന കൂടിക്കാഴ്‌ചയില്‍ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി പറഞ്ഞതായാണ് വിവരം. നേപ്പാള്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ സംഭവ വികാസങ്ങളെ തുടര്‍ന്നുള‌ള ചര്‍ച്ചയിലാണ് ശര്‍മ്മ ഒലി ഇങ്ങനെ അഭിപ്രായം പറഞ്ഞത്. പാര്‍ട്ടിയിലെ മ‌റ്റൊരു പ്രധാന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പ്രചണ്ഡയുടെ വിഭാഗവുമായി ശര്‍മ്മ ഒലി വിഭാഗത്തിനുള‌ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്ന സമാധാന ദൂതനായിട്ടായിരുന്നു ചൈനയുടെ ഇതുവരെയുള‌ള റോള്‍. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ഒലി തയ്യാറായിരിക്കുകയാണ്. ഇത് പരിഹരിക്കാനാണ് ചൈനയുടെ പെടാപ്പാട്.

അതേസമയം ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ ഉടന്‍തന്നെ നേപ്പാള്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്. എന്‍.സി.പിയിലെ വിഭാഗീയതയും ഫെങ്ഹെയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. ഈ മാസമാദ്യം ഒലി സര്‍ക്കാരിനെതിരെ പ്രചണ്ഡ 19 പേജുള‌ള വിമര്‍ശന കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിനെതിരായ വാദങ്ങള്‍ ഇന്ന് നടക്കുന്ന മീ‌റ്റിംഗില്‍ ഒലി അവതരിപ്പിക്കാനിരിക്കുകയുമാണ്. ഇത് പാര്‍ട്ടിയില്‍ വിഘടനത്തിന് വഴിവയ്‌ക്കുമോ എന്നതും തുടര്‍ന്നുള‌ള രാഷ്‌ട്രീയ നീക്കങ്ങളും ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും നിര്‍ണായകമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online