Dailyhunt
എലിപ്പനി പ്രതിരോധ ഗുളിക കഴിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശം

എലിപ്പനി പ്രതിരോധ ഗുളിക കഴിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശം

കോട്ടയം: പ്രളയത്തിന്റെ സാഹചര്യത്തില്‍ എലിപ്പനി പടരുന്നത് തടയുന്നതിനുള്ള പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.

ജേക്കബ് വര്‍ഗീസ് പറഞ്ഞു.

പ്രളയജലത്തിലോ ചെളിയിലോ മലിന ജലത്തിലോ നടക്കുക, കുളിക്കുക, നീന്തുക, തുണി അലക്കുക, രോഗികളുമായോ ചത്ത മൃഗങ്ങളുമായോ സമ്ബര്‍ക്കം പുലര്‍ത്തുക, പ്രളയ ജലം ഉപയോഗിച്ച്‌ സാധന സാമഗ്രികള്‍ വൃത്തിയാക്കുക തുടങ്ങിയവ ചെയ്തവര്‍ക്ക് എലിപ്പനി ബാധിക്കാന്‍ സാധ്യതയുണ്ട്.

ഒരുപ്രാവശ്യം മാത്രം സമ്ബര്‍ക്കം ഉണ്ടായവര്‍ ആഴ്ച്ചയിലൊരിക്കല്‍ 100 മില്ലി ഗ്രാമിന്റെ രണ്ടു ഡോക്‌സി സൈക്ലിന്‍ ഗുളിക വീതം രണ്ട് ആഴ്ച കഴിക്കണം. രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ഉള്‍പ്പെടെ നിരന്തര സമ്ബര്‍ക്കം ഉണ്ടായവരും പ്രദേശ വാസികളും സമ്ബര്‍ക്കം നീണ്ടുനില്‍ക്കുന്ന എല്ലാ ആഴ്ച്ചകളിലും ഒരുതവണ രണ്ടു ഗുളിക വീതം കഴിക്കണം.

ശരീരത്തില്‍ മുറിവോ വ്രണങ്ങളോ ഉള്ളവര്‍ക്ക് ഇത്തരം സമ്ബര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ ദിവസേന രണ്ടു നേരം 100 മില്ലി ഗ്രാമിന്റെ ഓരോ ഗുളിക വീതം അഞ്ചു ദിവസം തുടര്‍ച്ചയായി കഴിക്കണം. തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ മലിനജല സമ്ബര്‍ക്കം ഉണ്ടാകുന്നുവെങ്കില്‍ ഇവര്‍ ആഴ്ച്ചയിലൊരിക്കല്‍ രണ്ടുഗുളിക വീതം തുടര്‍ന്നും കഴിക്കണം. രണ്ടു മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് കിലോഗ്രാം തൂക്കത്തിന് 4 മില്ലി ഗ്രാം എന്ന കണക്കിന് ആഴ്ച്ചയിലൊരിക്കലാണ് ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കേണ്ടത്.

രണ്ടു വയസിനു താഴെയുള്ള വര്‍ക്ക് കിലോഗ്രാം തൂക്കത്തിന് 10 മില്ലി ഗ്രാം എന്ന കണക്കിന് ആഴ്ച്ചയിലൊരിക്കല്‍ അസിത്രോമൈസിന്‍ എന്ന ഗുളികയാണ് നല്‍കേണ്ടത്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്‌സിസൈക്ലിന്‍ കഴിക്കാന്‍ പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം അമോക്‌സിലിന്‍, പെന്‍സിലിന്‍ തുടങ്ങിയ മരുന്നുകളാണ് ഉപയോഗിക്കേണ്ടത്.

ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് ശുദ്ധ ജലത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. ഡോക്‌സിസൈക്ലിന്‍ ഗുളിക എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴിയും സൗജന്യമായി ലഭിക്കും. നിര്‍ദ്ദേശത്തിനനുസരിച്ചേ ഗുളിക കഴിക്കാവൂ.

The post എലിപ്പനി പ്രതിരോധ ഗുളിക കഴിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശം first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online