Wednesday, 13 Sep, 11.16 pm

ലേറ്റസ്റ്റ് ന്യൂസ്‌
എല്ലാവരുടേയും മന്ത്രിയാണ് താനെന്ന് അല്‍ഫോണ്‍സ് കണ്ണന്തനം കെപി ശശികലക്ക് മറുപടി നല്‍കി

ന്യൂഡല്‍ഹി :ന്യൂനപക്ഷങ്ങളുടേതല്ല എല്ലാവരുടേയും മന്ത്രിയാണ് താനെന്ന് അല്‍ഫോണ്‍സ് കണ്ണന്തനം ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികലക്ക് മറുപടി നല്‍കി . അക്രമസംഭവങ്ങള്‍ പെരുപ്പിച്ച്‌ കാണിച്ച്‌ ഇന്ത്യ സുരക്ഷിതമല്ലെന്ന തോന്നലുണ്ടാക്കാന്‍ മാധ്യമങ്ങള്‍ മനപൂ‍ര്‍വ്വം ശ്രമിക്കുന്നത് വിനോദസഞ്ചാരമേഖലയെ ബാധിക്കുന്നുവെന്നും കേന്ദ്രടൂറിസം മന്ത്രി പറഞ്ഞു.

കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ എതിര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനാണ് അതേനാണയത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം മറുപടി നല്‍കിയിരിക്കുന്നത്. മന്ത്രിമാരെ പ്രധാനമന്ത്രിയാണ് നിശ്ചയിക്കുന്നതെന്ന് വിശദീകരിച്ച്‌ കേരളത്തിലെ നേതാക്കളുടെ അതൃപ്തിക്കും അദ്ദേഹം മറുപടി നല്‍കി.

രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളെ പെരുപ്പിച്ച്‌ കാണിക്കുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണെന്ന വിമര്‍ശിച്ച കേന്ദ്രമന്ത്രി അമേരിക്ക ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ അക്രമസംഭവങ്ങളൊന്നും നമ്മള്‍ അറിയുന്നത് പോലുമില്ലെന്നും പറഞ്ഞു. വാഗമണില്‍ സര്‍ക്കാര്‍ ഭൂമി റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിന് സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരി റെയില്‍പാത ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Dailyhunt
Top