കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കങ്ങള്‍ ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ തകർക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനുമുള്ള തന്ത്രമാണെന്ന് ഡോ.
ജോണ്‍ ബ്രിട്ടാസ്
കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കങ്ങള്‍ ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ തകർക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനുമുള്ള തന്ത്രമാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ തുറന്നടിച്ചു.
സ്ത്രീശാക്തീകരണത്തില്‍ സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കില്‍ മണ്ഡല പുനർനിർണ്ണയത്തിനായി കാത്തുനില്‍ക്കാതെ, നിലവിലെ സീറ്റുകളുടെ അടിസ്ഥാനത്തില്‍ തന്നെ 33 ശതമാനം സംവരണം ഉടൻ നടപ്പിലാക്കണം. ഇതിനായി ഭേദഗതി കൊണ്ടുവന്നാല്‍ പ്രതിപക്ഷം പൂർണ്ണ പിന്തുണ നല്‍കും അദ്ദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണ്ണയം നടക്കുമ്പോള്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ക്ക് അർഹമായ പ്രാതിനിധ്യം നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നതില്‍ വ്യക്തതയില്ല.
ഇത് ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ല്‍ നിന്ന് 850 ആയി ഉയർത്താനാണ് നീക്കം. ജമ്മു കശ്മീരിലും അസമിലും ചെയ്തതുപോലെ മണ്ഡലങ്ങളില്‍ അട്ടിമറി നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തത് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. വനിതാ സംവരണ ബില്‍ 2023-ല്‍ പാസാക്കിയതാണെങ്കിലും ഡീലിമിറ്റേഷൻ എന്ന കടമ്പ വെച്ച് അത് വൈകിപ്പിക്കുകയും ജനാധിപത്യ സംവിധാനത്തെ അസ്ഥിരപ്പെടുത്തുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

