Thursday, 05 Aug, 12.06 pm മലയാളം എക്സ്പ്രെസ്സ്

കേരളം
കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം തടയാന്‍ പുതിയ സംവിധാനം

കണ്ണൂര്‍: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

ജില്ലയുടെ ചുമതലയുള്ള മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറും യോഗത്തില്‍ പങ്കെടുത്തു. നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച രാവിലെ 10 മണിക്ക് വ്യാപാരി സംഘടന നേതാക്കളുടെ യോഗം കലക്ടറേറ്റില്‍ ചേരും.

വ്യാപാര സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും സന്ദര്‍ശകരും 15 ദിവസം മുമ്ബ് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവരോ ഒരു മാസം മുമ്ബ് രോഗമുക്തി നേടിയവരോ 72 മണിക്കൂറിനിടയിലെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരോ ആയിരിക്കണം. ഇവിടങ്ങളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന തോതില്‍ മാത്രമേ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാവൂ.

ഓരോ സ്ഥാപനത്തിന്റെയും സ്ഥല വിസ്തൃതിയും ജീവനക്കാരുടെ എണ്ണവും പരിഗണിച്ച്‌ ഒരു സമയത്ത് അനുവദിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണം തദ്ദേശ സ്ഥാപനതലത്തില്‍ നിജപ്പെടുത്തി സ്ഥാപനത്തിന് പുറത്ത് ബോര്‍ഡ് സ്ഥാപിക്കണം. ഇതില്‍ കൂടുതല്‍ ആളുകള്‍ വരുന്ന പക്ഷം അവര്‍ക്ക് സാമൂഹ്യ അകലം പാലിച്ച്‌ പുറത്ത് കാത്തുനില്‍ക്കുന്നതിനുള്ള സൗകര്യമൊരുക്കണം. ഇതിനായി താല്‍ക്കാലിക പന്തല്‍ പോലുള്ള സൗകര്യങ്ങള്‍ ഒരുക്കാവുന്നതാണ്. തിരക്ക് കൂടിയ സ്ഥാപനങ്ങളില്‍ നേരത്തേ ടോക്കണ്‍ ബുക്ക് ചെയ്ത് അനുവദിക്കപ്പെട്ട സമയത്ത് മാത്രം ഉപഭോക്താക്കള്‍ വരുന്ന സംവിധാനത്തെക്കുറിച്ചും ആലോചിക്കണം.

പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സ്ഥാപനത്തില്‍ സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക്ക് ധാരണം, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം സ്ഥാപന ഉടമകള്‍ക്കായിരിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ നിശ്ചിത ദിവസത്തേക്ക് അടപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രാമങ്ങളിലും നഗരങ്ങളിലും നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ പോലിസ് പരിശോധന കര്‍ശനമാക്കണം.

ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് അങ്കണവാടി വര്‍ക്കര്‍മാരെ നിയോഗിക്കും. വ്യാപാര സ്ഥാപനങ്ങള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച്‌ ആലോചിക്കാന്‍ വ്യാപാരി-വ്യവസായി പ്രതിനിധികളുടെ യോഗം ജില്ലാതലത്തിലും പ്രാദേശിക തലങ്ങളിലും വിളിച്ചു ചേര്‍ക്കുമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാനും ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ബിജു പ്രഭാകര്‍ നിര്‍ദേശിച്ചു. ജനങ്ങളിലെ പരിശോധന വിമുഖത മാറ്റാനുള്ള ശ്രമങ്ങളും ഉണ്ടാകണം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം. ഓണക്കാല തിരക്ക് മുന്‍കൂട്ടി കണ്ട് ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള ആസൂത്രണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആര്‍ ആര്‍ ടി കളിലെ സന്നദ്ധ പ്രവര്‍ത്തകരെ കൂടുതല്‍ സജീവമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍ദേശിച്ചു. ജില്ലയില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ വീട്ടുകാരെയും സമ്ബര്‍ക്കപ്പട്ടികയിലുള്ള മറ്റ് മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ശ്രദ്ധിക്കണം. രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.

ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുന്നതിനനുസരിച്ച്‌ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഒരുതരത്തിലുള്ള ഉപേക്ഷയും ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്നും യോഗം ആവശ്യപ്പെട്ടു. ആളുകള്‍ കൂടുതലായി പുറത്തിറങ്ങുന്നതിനനുസരിച്ച്‌ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുകയാണ് വേണ്ടത്. മാസ്‌ക്ക് ധാരണം, അണുവിമുക്തമാക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കുന്നതില്‍ കൊവിഡിന്റെ തുടക്കകാലത്ത് പുലര്‍ത്തിയ ജാഗ്രത എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും യോഗം വ്യക്തമാക്കി.

The post കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം തടയാന്‍ പുതിയ സംവിധാനം first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top