കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബി.ജെ.പി കൗണ്‍സിലർ സുഗതന്റെ അംഗത്വം റദ്ദാകാതിരിക്കാൻ അവധി അപേക്ഷയുമായി ഭരണസമിതി രംഗത്തെത്തിയതോടെ തിരുവനന്തപുരം കോർപ്പറേഷനില്‍
കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബി.ജെ.പി കൗണ്‍സിലർ സുഗതന്റെ അംഗത്വം റദ്ദാകാതിരിക്കാൻ അവധി അപേക്ഷയുമായി ഭരണസമിതി രംഗത്തെത്തിയതോടെ തിരുവനന്തപുരം കോർപ്പറേഷനില്‍ ഇന്നത്തെ കൗണ്‍സില്‍ യോഗം കലുഷിതമായേക്കും. വാഴോട്ടുകോണം കൗണ്‍സിലറായ സുഗതന്റെ അവധി അപേക്ഷ മേയർ വി. വി. രാജേഷ് കൗണ്‍സിലിന്റെ അംഗീകാരത്തിനായി വെയ്ക്കുമ്പോള്‍ അതിനെ ശക്തിയായി എതിർക്കാനാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികളുടെ തീരുമാനം. അപേക്ഷ തള്ളിയാല്‍ തുടർച്ചയായി മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ മുനിസിപ്പല്‍ ആക്‌ട് പ്രകാരം സുഗതന് കൗണ്‍സിലർ സ്ഥാനം നഷ്ടപ്പെടും.
പ്രതിപക്ഷ ആവശ്യപ്രകാരം അപേക്ഷ വോട്ടിനിട്ടാല്‍ കേവലഭൂരിപക്ഷം മാത്രമുള്ള ബി.ജെ.പി ഭരണസമിതി കടുത്ത പ്രതിരോധത്തിലാകും. 101 അംഗങ്ങളുള്ള കോർപ്പറേഷനില്‍ ബി.ജെ.പിക്ക് ഒരു സ്വതന്ത്രന്റെ പിന്തുണയടക്കം 51 വോട്ടാണുള്ളത്. എല്‍.ഡി.എഫിന് 29-ഉം യു.ഡി.എഫിന് 20-ഉം അംഗങ്ങളാണുള്ളത്. അതിനാല്‍ യു.ഡി.എഫ് വിമതന്റെ വോട്ട് ഈ ഘട്ടത്തില്‍ ഏറെ നിർണായകമാകും. സാധാരണയായി ആരോഗ്യപരമായ കാരണങ്ങള്‍ക്കാണ് അവധി അനുവദിക്കാറുള്ളതെന്നും കാപ്പാ കേസില്‍ ജയിലില്‍ കിടക്കുന്നയാള്‍ക്ക് ഇത് ബാധകമല്ലെന്നുമാണ് പ്രതിപക്ഷ നിലപാട്.

